Quantcast

കാർത്തികദീപം തെളിയിക്കാൻ തിരുപ്പറൻകുൺറത്തേക്ക് പുറപ്പെട്ടു; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറസ്റ്റിൽ

കോടതി ഉത്തരവ് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താൻ തിരുപ്പറൻകുൺറത്തേക്ക് പോകുന്നതെന്ന് നൈനാർ നാഗേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-11-24 12:18:07

Published:

24 Nov 2026 5:17 PM IST

കാർത്തികദീപം തെളിയിക്കാൻ തിരുപ്പറൻകുൺറത്തേക്ക്   പുറപ്പെട്ടു; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറസ്റ്റിൽ
X

നൈനാർ നാഗേന്ദ്രൻ

ചെന്നൈ: കർശന ഉപാധികളോടെ ദീപം തെളിയിക്കാൻ സുപ്രിംകോടതി അനുമതി നൽകിയതിന് പിന്നാലെ, തിരുപ്പറൻകുൺറം മലയിലേക്ക് പുറപ്പെട്ട തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചത്തെ കാർത്തികദീപം ആഘോഷങ്ങളോടനുബന്ധിച്ച് തിരുപ്പറൻകുൺറത്തേക്ക് പോകുന്നതിനിടെ തിരുനെൽവേലിയിലെ താഴൈയുത്തുവിൽ വച്ചാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടൽ

തിരുപ്പറൻകുൺറം മലയിലെ 'ദീപത്തൂൺ' എന്നറിയപ്പെടുന്ന കൽത്തൂണിൽ ചൊവ്വാഴ്ച ഒരു തവണത്തേക്ക് മാത്രം കാർത്തികദീപം തെളിയിക്കാൻ നവംബർ 20-ന് സുപ്രിംകോടതി അനുമതി നൽകിയിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കർശന ഉപാധികളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലത്ത് പൊതുജനക്കൂട്ടായ്മകളോ ഘോഷയാത്രകളോ മുദ്രാവാക്യം വിളികളോ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഈ താൽക്കാലിക അനുമതി ഭാവിയിൽ സ്ഥിരമായ ആചാരാവകാശമായി കണക്കാക്കാനാവില്ലെന്നും, സമീപത്തുള്ള ദർഗയിലെയും പള്ളിയിലെയും പ്രാർത്ഥനകൾക്കോ സഞ്ചാരസ്വാതന്ത്ര്യത്തിനോ യാതൊരു തടസ്സവും ഉണ്ടാകരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

നിയന്ത്രണങ്ങളും അറസ്റ്റും

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായി മധുര ജില്ലാ ഭരണകൂടം തിരുപ്പറൻകുൺറത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താൻ തിരുപ്പറൻകുൺറത്തേക്ക് പോകുന്നതെന്ന് നൈനാർ നാഗേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് തിരുനെൽവേലിയിൽ വച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

തർക്കത്തിന്റെ പശ്ചാത്തലം

പതിറ്റാണ്ടുകളായി കുന്നിന്റെ താഴ്ഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് പരമ്പരാഗതമായി കാർത്തികദീപം തെളിയിച്ചു പോരുന്നത്. എന്നാൽ, ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ കുന്നിൻമുകളിലുള്ള 'ദീപത്തൂണിൽ' ദീപം തെളിയിക്കാൻ അനുവദിക്കണമെന്നായിരുന്നു വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യം. നേരത്തെ ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ വിധി നടപ്പിലാക്കിയാൽ രാജ്യത്തുടനീളമുള്ള സർവേ തൂണുകൾക്ക് മതപരമായ സ്വഭാവം കൈവരാൻ കാരണമായേക്കാമെന്ന ആശങ്കയാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. കേസ് സുപ്രിംകോടതി 2027 ജനുവരിയിൽ വീണ്ടും പരിഗണിക്കും.

TAGS :

Next Story