Quantcast

പാമ്പിൻ വിഷം ശേഖരിച്ച് വിൽക്കാം; ഇരുള സമുദായത്തിന് വനം വകുപ്പിന്റെ അനുമതി

പ്രതിവർഷം ഏകദേശം 4 കോടി രൂപയുടെ വിറ്റുവരവുള്ള ഇരുള സൊസൈറ്റിയാണ് പാമ്പിൻ വിഷത്തിന്റെ ഇന്ത്യയിലെ മുൻനിര വിതരണക്കാരൻ

MediaOne Logo

Web Desk

  • Updated:

    2022-03-31 11:26:51.0

Published:

31 March 2022 11:16 AM GMT

പാമ്പിൻ വിഷം ശേഖരിച്ച് വിൽക്കാം; ഇരുള സമുദായത്തിന് വനം വകുപ്പിന്റെ അനുമതി
X

ചെന്നൈ: പാമ്പിനെ പിടിച്ച് വിഷം ശേഖരിച്ച് വിൽക്കാൻ ഇരുള സമുദായത്തിന് തമിഴ്നാട് വനംവകുപ്പിന്റെ അനുമതി. സംസ്ഥാനത്തെ തിരുവള്ളൂർ, കൃഷ്ണഗിരി, ധർമപുരി ജില്ലകളിലുള്ള ഇരുളർ പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ്. ഇവർക്കാണ് അനുമതി നൽകിയത്.

പ്രതിവർഷം ഏകദേശം 4 കോടി രൂപയുടെ വിറ്റുവരവുള്ള ഇരുള സൊസൈറ്റിയാണ് പാമ്പിൻ വിഷത്തിന്റെ ഇന്ത്യയിലെ മുൻനിര വിതരണക്കാരൻ. ഇരുളരിൽ നിന്നും പാമ്പിൻ വിഷം ശേഖരിക്കാനും അവ വിൽക്കുന്നതിനുമായി 1978 ലാണ് ഇരുള സ്നേക്ക് കാച്ചേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നത്. . ഇവരിൽ നിന്നും സർക്കാർ-സ്വകാര്യ മേഖലയിലെ ഔഷധ നിർമ്മാതാക്കളാണ് വിഷം വാങ്ങുന്നത്.

സാധാരണഗതിയിൽ ഇവർ വിഷം ശേഖരിച്ച ശേഷം പാമ്പിനെ വിട്ടയക്കുകയായിരുന്നു പതിവ്. പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും സംസ്ഥാന വനംവകുപ്പിൽ നിന്നും ഓരോ വർഷവും അനുമതി വേണം. നിശ്ചിതകാലത്തേക്ക് നിശ്ചിത എണ്ണം പാമ്പിനെ മാത്രമേ പിടിക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളു. അനുമതി ലഭിക്കാത്തത് കാരണം സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചിരുന്നു.


തുടർന്നാണ് ഇരുള പാമ്പ് പിടിത്തക്കാരുടെ ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് 57 ലക്ഷം രൂപയുടെ വിഷം വിൽക്കാൻ സംസ്ഥാന വനംവകുപ്പ് അനുമതി നൽകുകയും ഇരുളർക്ക് പാമ്പുകളെ പിടിക്കാൻ ലൈസൻസ് നൽകുകയും ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയാണ് സർക്കാർ പുറത്തിറക്കിയത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ സയ്യിദ് മുസമ്മിൽ അബ്ബാസ് അടുത്തിടെ ചുമതലയേറ്റ ശേഷം 57 ലക്ഷം രൂപ വിലമതിക്കുന്ന 224 ഗ്രാം പാമ്പിൻ വിഷം വിൽക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യയിലെ മുൻ നിര വിതരണക്കാരായ ഇവർക്ക് ഈ വർഷം 30 ലക്ഷം രൂപയുടെ കച്ചവടം മാത്രമാണ് നടത്താൻ സാധിച്ചത്.

വിഷം ശേഖരിക്കാൻ പ്രതിവർഷം 13,000 പാമ്പുകളെ പിടികൂടാൻ 1994-ൽ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 5,000-ത്തിലധികം പാമ്പുകളെ പിടിക്കാൻ വനം വകുപ്പ് ഇരുളകൾക്ക് അനുമതി നൽകിയിട്ടുണ്ടായിരുന്നില്ല. 2021ൽ 5000 പാമ്പുകളെ മാത്രമേ പിടിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഈ സമീപനം വിഷക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

നാട്ടിലിപ്പോൾ മൂർഖൻ പാമ്പുകളുടെയും അണലികളുടെയും വിഷം മാത്രമേ ലഭിക്കാനുള്ളു. ആൻറി-വെനം നിർമ്മിക്കുന്ന കമ്പനികൾക്ക് സാധാരണ ക്രെയ്റ്റിന്റെയും സോ-സ്‌കെയിൽഡ് വൈപ്പറിന്റെയും വിഷം ആവശ്യമാണ്. കൂടാതെ കൂടുതൽ പാമ്പുകളെ പിടിക്കാൻ ഇരുളകളെ അനുവദിച്ചില്ലെങ്കിൽ ഇതു വാങ്ങുന്ന കമ്പനികൾ മറ്റു പല മാർഗങ്ങളും തേടിപോകുമെന്നും ഇവർ പറയുന്നു. അതു കൊണ്ട് തന്നെ മറ്റു പാമ്പുകളുടെ വിഷം കൂടി ശേഖരിക്കാൻ അനുവദിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. ഇതിന് തടസ്സം നിൽക്കുന്നത് വനം വകുപ്പാണെന്നും ഇവർ ആരോപിക്കുന്നു.


ഇന്ത്യയിൽ ഇത്തരത്തിൽ വിഷം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏക അംഗീകൃത വിഷ വിതരണക്കാരാണ് ഇരുള സൊസൈറ്റി. ഒരു പ്രദേശത്തെ പാമ്പിൻ വിഷത്തിന്റെ ഘടന സ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ഒരേ വർഗത്തിലുള്ള പാമ്പിന്റെ വിഷം പല പ്രദേശങ്ങളിൽ പല സ്വാഭാവമാണ് കാണിക്കുന്നത്. അതിനാൽ അത്തരം സന്ദർഭങ്ങളിൽ, ആന്റി-സ്നേക്ക് വെനം വലിയ അളവിൽ ആവശ്യമായി വന്നേക്കാമെന്ന് ഇവർ പറയുന്നു.

ഇന്ത്യയിൽ 2000 മുതൽ 2019 വരെ പാമ്പുകടിയേറ്റ് 1.2 ദശലക്ഷം പേർ മരിച്ചതായാണ് കണക്കുകൾ. അതായത് പ്രതിവർഷം ശരാശരി 58,000 മരണങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റതിൽ 70 ശതമാനം പേരും ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഉണ്ടായിരിക്കുന്നത്.

TAGS :

Next Story