'ടി.എൻ ശേഷനെ പോലുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിത്വം വേണം; സുപ്രിംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-23 09:44:12.0

Published:

23 Nov 2022 9:44 AM GMT

ടി.എൻ ശേഷനെ പോലുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിത്വം വേണം;  സുപ്രിംകോടതി
X

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ദുർബലമായ തോളിൽ ഭരണഘടനയുടെ വലിയ അധികാരങ്ങൾ നിക്ഷിപ്തമാണെന്നും ആ സ്ഥാനത്തേക്ക് ശക്തനായ ഒരാളെ നിയമിക്കുന്നത് പ്രധാനമാണെന്നും സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന ഹരജി പരിഗണിക്കുമ്പോഴാണ് ബെഞ്ചിന്റെ നിരീക്ഷണം.തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്രപ്രവർത്തനം ഉറപ്പുവരുത്തൽ സർക്കാരിന്റെ വെറും 'പറച്ചിൽ' മാത്രമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.

അന്തരിച്ച മുൻ സി.ഇ.സി ടി.എൻ ശേഷനെ പോലുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. 'നിരവധി സിഇസി കൾ ഉണ്ടായിട്ടുണ്ട്, ടി എൻ ശേഷനെ പോലെയുള്ളവർ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതെന്നായിരുന്നു ജസ്റ്റിസുമാരായ അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. മുൻ കാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷൻ 1990 ഡിസംബർ 12-നാണ് തിരഞ്ഞെടുപ്പ് പാനലിലേക്ക് നിയമിതനായത്. 1996 ഡിസംബർ 11 വരെ സ്ഥാനത്ത് തുടർന്നു. 2019 നവംബർ പത്തിനായിരുന്നു അദ്ദേഹം അന്തരിച്ചത്.

'വ്യക്തിത്വമുള്ള ഒരാളെയാണ് പ്രധാനമായും ആവശ്യം. സ്വയം ചൂഷണപ്പെടാൻ അനുവദിക്കാത്ത ഒരാളായിരിക്കണം ഈ സ്ഥാനത്തേക്ക് എത്തേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 324-ാം അനുച്ഛേദം അത്തരം നിയമനങ്ങൾക്കുള്ള നടപടിക്രമങ്ങൾക്കായി ഒരു നിയമം കൊണ്ടുവരാൻ വിഭാവനം ചെയ്തിട്ടുണ്ടെന്നും എന്നാൽ സർക്കാർ ഇതുവരെ ഇത് ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അഭാവത്തിൽ ഭരണഘടനയുടെ മൗനം എല്ലാവരും ചൂഷണം ചെയ്യുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

'ദി ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണർ ആക്ട്, 1991' പ്രകാരം ആറ് വർഷമാണ് സിഇസിയുടെ കാലാവധിയെങ്കിലും 2004 മുതൽ ഒരു സിഇസിയും കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സിഇസിക്ക് 65 വയസ് തികയുകയാണെങ്കിൽ, ആറ് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം വിരമിക്കും. യു പിഎയുടെ 10 വർഷത്തെ ഭരണത്തിൽ ആറ് തെരഞ്ഞെടുപ്പ് കമ്മീണര്‍മാരും എൻ ഡി എയുടെ എട്ട് വർഷത്തിൽ എട്ട് അംഗങ്ങളും ഉണ്ടായിരുന്നു. സർക്കാർ വെട്ടിച്ചുരുക്കിയ കാലാവധിയാണ് ഇ.സികൾക്കും സി.ഇ. സികൾക്കും നൽകുന്നത്. എന്തുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർമാർക്കു പൂർണ കാലാവധി ലഭിക്കാത്തതെന്നും കോടതി വിമർശിച്ചു.

TAGS :

Next Story