Quantcast

76 വർഷങ്ങൾക്കുശേഷവും സംഘ്പരിവാറിനെ വേട്ടയാടുന്ന ഗാന്ധി ഓർമകൾ; ഇന്ന് രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനം

ഗോഡ്സെ ആർ.എസ്.എസ് വിട്ടതിനോ ആർ.എസ്.എസ് ഗോഡ്സെയെ പുറത്താക്കിയതിനോ ഇന്നും തെളിവില്ല. ഒരേസമയം താൻ ഹിന്ദു മഹാസഭയ്ക്കും ആർ.എസ്.എസ്സിനും വേണ്ടി പ്രവർത്തിച്ചിരുന്നതായി ഗോഡ്സെ പൊലീസിനു മൊഴിനൽകിയിട്ടുമുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-01-30 03:59:00.0

Published:

30 Jan 2024 3:58 AM GMT

Today marks Mahatma Gandhis 76th martyrdom day, Nathuram Godse, RSS, Martyrs Day
X

മഹാത്മാ ഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വദിനം ഇന്ന്. അന്തർദേശീയ അഹിംസാദിനമായാണ് ലോക ചരിത്രത്തിൽ ജനുവരി 30 അടയാളപ്പെടുത്തപ്പെടുന്നത്. 76 വർഷങ്ങൾക്കുശേഷവും ഗാന്ധിവധം സംഘ്പരിവാർ ആശയങ്ങളെ ഇന്നും പ്രതിക്കൂട്ടില്‍ നിർത്തുകയാണ്.

1948 ജനുവരി 30. ഡൽഹിയിലെ ബിർള മന്ദിറിൽ സായാഹ്ന പ്രാർത്ഥനകൾക്കായി എത്തിയതായിരുന്നു മഹാത്മാ ഗാന്ധി. ഹിന്ദുത്വ ദേശീയവാദി ഒളിപ്പിച്ചുവച്ച നിറതോക്കിൽ നിന്നുതിർത്ത മൂന്നു വെടിയുണ്ടകൾ പതിച്ചത് വന്ദ്യവയോധികൻ്റെ എല്ല് കൂടുകൂട്ടിയ നെഞ്ചിലല്ല. മറിച്ച് കോളനിവത്കരണത്തിൽനിന്ന് മുക്തിനേടിയ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ ഹൃദയത്തിലാണ്. പ്രതിക്കൂട്ടിലായത് ആയുധമെടുത്ത നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനും ആ കൈകളിൽ ആയുധം നൽകിയ തീവ്ര ഹിന്ദുത്വ ചിന്താസരണികളും.

നാഥുറാം വിനായക് ഗോഡ്സെയുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്ന ആർ.എസ്.എസ്സിന് ഗാന്ധിവധത്തിലുള്ള വ്യക്തമായ പങ്ക് ആവർത്തിച്ച് രംഗത്തെത്തിയത് ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയും അനന്തരവനുമാണ്. ഗോഡ്സെ ആർ.എസ്.എസ് വിട്ടതിനോ ആർ.എസ്.എസ് ഗോഡ്സെയെ പുറത്താക്കിയതിനോ ഇന്നും തെളിവില്ല. എന്നാല്‍, ഒരേസമയം താൻ ഹിന്ദു മഹാസഭയ്ക്കും ആർ.എസ്.എസ്സിനും വേണ്ടി പ്രവർത്തിച്ചിരുന്നതായി ഗോഡ്സെ പൊലീസിനു മൊഴിനൽകിയിട്ടുമുണ്ട്.

1944ൽ പൂനെയിൽ കഠാരയുമായി ഗാന്ധിക്കുനേരെ ഒരിക്കൽ ഗോഡ്സെ പാഞ്ഞടുത്തിട്ടുണ്ട്. ഇതുൾപ്പെടെ രണ്ടു തവണ തലനാരിഴയ്ക്ക് ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ട ഗാന്ധിജി ഗോഡ്സെയോട് ക്ഷമിക്കുകയും ഏഴ് ദിവസം തനിക്കൊപ്പം കഴിയാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. രാജ്യത്തെ ഹിന്ദു-മുസ്‍ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച ഗാന്ധി ഹിന്ദുത്വവാദികൾക്ക് എത്രത്തോളം തലവേദനയായിരുന്നുവെന്നു വർഷങ്ങൾ കാത്തിരുന്ന് ലക്ഷ്യപ്രാപ്തി നേടിയ ഗോഡ്സെയും അയാൾ പ്രതിനിധാനം ചെയ്ത സംഘടനയും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗാന്ധിജിയുടെ മരണത്തിനുശേഷം മധുരപലഹാരം വിതരണം ചെയ്തത് മുതൽ പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിവധം മായ്ച്ചുകളഞ്ഞും ഗോഡ്സെക്ക് വ്യക്തിപൂജ നടത്തിയും ഗാന്ധിയുടെ പ്രതീകാത്മക ചിത്രത്തിൽ നിറയൊഴിച്ചും ഗാന്ധിയുടെ ആശയങ്ങൾ ഇന്നും തങ്ങളെ അലോസരപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുകയാണ് സംഘ്പരിവാർ നേതാക്കൾ. ആർ.എസ്.എസ് നിരോധനത്തിന് ഗാന്ധിവധം വഴിവച്ചിട്ടുണ്ട്. എന്നാല്‍, ഗാന്ധിവധത്തിൽ പ്രതികളാക്കപ്പെട്ട ആർ.എസ്.എസ് നേതാക്കളെക്കുറിച്ചു പറഞ്ഞതിനു കക്ഷിഭേദമില്ലാതെ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു മുഖംരക്ഷിക്കുന്ന തിരക്കിലാണ് സംഘ്പരിവാറിന്‍റെ രാഷ്ട്രീയരൂപമായ ബി.ജെ.പി ഇപ്പോള്‍.

Summary: Today marks Mahatma Gandhi's 76th martyrdom day

TAGS :

Next Story