Quantcast

അര മണിക്കൂർ ഇടവേള; രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ രാത്രിയും തുടരും

ചോദ്യംചെയ്യൽ 12 മണിക്കൂർ പിന്നിട്ടു

MediaOne Logo

Web Desk

  • Updated:

    2022-06-21 16:46:09.0

Published:

21 Jun 2022 2:48 PM GMT

അര മണിക്കൂർ ഇടവേള; രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ രാത്രിയും തുടരും
X

ഡൽഹി: രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ 12 മണിക്കൂർ പിന്നിട്ടു. ചോദ്യംചെയ്യലിനിടെ അരമണിക്കൂർ രാഹുലിന് വീട്ടിൽ പോകാനുള്ള അനുമതി ലഭിച്ചിരുന്നു. തിരിച്ചെത്തിയതിന് ശേഷം ചോദ്യം ചെയ്യൽ വീണ്ടും ആരംഭിച്ചു. രാത്രിയിലും ചോദ്യംചെയ്യൽ തുടരും.

ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യംചെയ്തത്. അഞ്ച് ദിവസത്തിനിടെ 50 മണിക്കൂറിലധികം ചോദ്യംചെയ്തു. മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി എഐസിസി ആസ്ഥാനം സംഘർഷത്തിന്റെ തലസ്ഥാനമായി മാറിയിരുന്നു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്. മാർച്ച് തുടങ്ങുന്നതിനു മുൻപേ ബാരിക്കേഡ് സ്ഥാപിച്ച പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചു. പൊലീസ് വലയം ഭേദിച്ചു മുന്നോട്ട് പോയ എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പിസിസി അധ്യക്ഷന്മാരും പാർലമെന്‍ററി പാർട്ടി നേതാക്കളും ഇന്നലെ മടങ്ങിയെങ്കിലും എംപിമാർ ഡൽഹിയിൽ തുടരണമെന്നും വേണ്ടിവന്നാൽ എംപിമാരുടെ ഔദ്യോഗിക വസതികൾ കേന്ദ്രീകരിച്ചു സമരം ആരംഭിക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കോൺഗ്രസ് എംപിമാർക്കെതിരെ നടത്തിയ മർദന മുറകൾ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. രാഷ്ട്രപതിയെ സന്ദർശിച്ച കോൺഗ്രസ് സംഘം പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

എന്താണ് നാഷണൽ ഹെറാൾഡ് കേസ്?

നാഷണൽ ഹെറാൾഡ് പത്രത്തിൻറെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്. 2000 കോടിയിലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എൽ ഏറ്റെടുക്കാൻ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണെന്നാണ് പരാതിയുടെ അടിസ്ഥാനം. എ.ജെ.എൽ യങ് ഇന്ത്യ ഏറ്റെടുത്തതിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഡൽഹി കോടതിയിൽ പരാതി നൽകിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവർക്കെതിരെയാണ് കേസ് . വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ സോണിയയും രാഹുലും ഉൾപ്പെടെ 2015ൽ ജാമ്യം നേടിയിരുന്നു.

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ പട്യാല ഹൗസ് കോടതിയിൽ നിയമ നടപടി ആരംഭിച്ചപ്പോഴാണ് കേസിലെ കള്ളപ്പണം, നികുതി വെട്ടിപ്പ് തുടങ്ങിയ സാധ്യതകളിന്മേൽ ഇ.ഡിയും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിക്കുന്നത്. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിൻറെ ഓഹരികൾ ഏറ്റെടുത്തതിലൂടെ യങ് ഇന്ത്യ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ച പ്രധാന കാര്യം. യങ് ഇന്ത്യ വഴി ഗാന്ധി കുടുംബം വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നു. വർഷങ്ങളായി നടക്കുന്ന അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് കോൺഗ്രസ് ആരോപണം.

TAGS :

Next Story