Quantcast

മുകേഷ് അംബാനിയും ന്യൂസ് 18 ചാനലിലെ മുസ്‌ലിം വിദ്വേഷവും, കുനോയിൽ വീണ്ടും ചീറ്റ ചത്തു, ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

ഗെയിമിംഗ് ആപ്പുകൾക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ട്വിറ്ററിൽ പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2023-08-02 14:26:37.0

Published:

2 Aug 2023 1:52 PM GMT

Mukesh Ambani and Muslim Hatred on News18 Channel, Cheetah Dies Again in Kuno Todays Twitter Trending...
X

മുകേഷ് അംബാനിയുടെ ന്യൂസ് 18 ചാനലിലെ മുസ്‌ലിം വിദ്വേഷത്തിനെതിരെയുള്ള പ്രതിഷേധം, കുനോയിൽ വീണ്ടും ചീറ്റ ചത്ത സംഭവം തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ.

ന്യൂസ് 18 ചാനലിലൂടെ അവതരിപ്പിക്കപ്പെടുന്ന, മുസ്‌ലിം വിദ്വേഷം ഉയർത്തുന്ന പരിപാടികൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തമാണ്. ഹരിയാനയിലെ ആക്രമണങ്ങളുമായും മറ്റുമുള്ള പരിപാടികൾ മുൻനിർത്തി അമൻ ചോപ്ര പോലെയുള്ള ന്യൂസ് ആങ്കർമാരെയും മുകേഷ് അംബാനിയെയും വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. മുതിർന്ന മാധ്യമപ്രവർത്തകനായ രവീഷ് കുമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഷോയിലൂടെ വിദ്വേഷം പ്രചരിപ്പിച്ച അമൻ ചോപ്രയെ രവീഷ് കുമാർ അടക്കമുള്ളവർ വിമർശിച്ചു.

വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ മുകേഷ് അംബാനിയെ കാണണമെന്നും അദ്ദേഹത്തിന്റെ ചാനലിലെ രണ്ട് ആങ്കർമാർ വിദ്വേഷം പ്രചരിപ്പിക്കുന്ന വിവരം പറയണമെന്നും രവീഷ് നിർദേശിച്ചു. ഇവർ അംബാനി ഗ്രൂപ്പിന്റെ ഉടമകളാണോയെന്നും എന്ത് കൊണ്ടാണ് ഇവർക്ക് മുമ്പിൽ നിസ്സഹയനായി നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുകേഷ് അംബാനിക്കെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകണമെന്നും പറഞ്ഞു.

അതേസമയം, ഇന്ത്യയെന്ന ആശയത്തെ ഇഷ്ടപ്പെടുന്നവർ, ചുരുങ്ങിയ പക്ഷം മുസ്‌ലിംകളെങ്കിലും ജിയോ മൊബൈൽ നെറ്റ്‌വർക്ക് ബഹിഷ്‌കരിക്കണമെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. മുകേഷ് അംബാനി കച്ചവടക്കാരനാണെന്നും ലാഭ നഷ്ടക്കണക്കുകൾ മാത്രമാണ് അദ്ദേഹത്തിന് മനസ്സിലാകുകയെന്നും പറഞ്ഞു.

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. ധാത്രി എന്ന പെൺ ചീറ്റയാണ് ചത്തത്. അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20 ചീറ്റകളെയാണ് കുനോ നാഷണൽ പാർക്കിൽ കൊണ്ടുവന്നത്. മൂന്ന് കുഞ്ഞുങ്ങളടക്കം 9 എണ്ണമാണ് അഞ്ചു മാസത്തിനിടെ ചത്തത്.

രാജ്യത്ത് 70 വർഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് ചീറ്റ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 20 ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇത്രയും ചീറ്റകൾ ചത്തത് ഗുരുതര വീഴ്ചയാണെന്ന് സുപ്രിംകോടതി വിമർശിച്ചിരുന്നു.

മൃഗങ്ങൾക്കിടയിലെ പോര്, രോഗങ്ങൾ, മുറിവുകൾ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ചീറ്റകൾ ചത്തതെന്നാണ് വിലയിരുത്തൽ. ചീറ്റകളിൽ റേഡിയോ കോളർ ഉപയോഗിക്കുന്നതിനെച്ചൊല്ലിയും തർക്കമുണ്ട്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഈ കോളറുകൾ മഴക്കാലത്ത് സ്ഥിരമായ നനവ് കാരണം ചർമത്തിൽ അണുബാധയ്ക്ക് കാരണമാകുമെന്ന് ചില വിദഗ്ധർ പറയുന്നു.

നിതിൻ ദേശായിയ്ക്ക് വിട

കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ നിതിൻ ദേശായിക്കെതിരെ നടപടി സ്വീകരിക്കാൻ തുടങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

നിതിൻ ദേശായിയുടെ കമ്പനിയായ എൻ.ഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇ.സി.എൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളായി 185 കോടി രൂപ കടമെടുത്തെന്നാണ് റിപ്പോർട്ട്. 2020 ജനുവരിയിൽ അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ആരംഭിച്ചു. 2021 മെയ് 7ന് സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിലും നാശനഷ്ടങ്ങളുണ്ടായി.

ലഗാൻ, ദേവദാസ് തുടങ്ങിയ സിനിമകളിലൂടെ പേരുകേട്ട കലാസംവിധായകനാണ് നിതിൻ ദേശായി. ജോധ അക്ബർ പോലുള്ള സിനിമകൾ ചിത്രീകരിച്ചത് അദ്ദേഹത്തിൻറെ സ്റ്റുഡിയോയിലാണ്.

താൻ നിതിൻ ദേശായിയോട് സംസാരിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നിതിൻ ദേശായിയുടെ അടുത്ത സുഹൃത്തും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ വിനോദ് താവ്‌ഡെ പറഞ്ഞു- ''ഞാൻ പലപ്പോഴും അദ്ദേഹത്തോട് സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. അമിതാഭ് ബച്ചൻ എങ്ങനെ വലിയ നഷ്ടങ്ങൾ നേരിട്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സ്റ്റുഡിയോ ബാങ്ക് ജപ്തി ചെയ്താലും പുതുതായി തുടങ്ങാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ മരണത്തിൽ അതീവ ദുഃഖമുണ്ട്''-വിനോദ് താവ്‌ഡെ പറഞ്ഞു.

ഗെയിമിംഗിലെ ജിഎസ്ടിക്കെതിരെ പ്രതിഷേധം

ഗെയിമിംഗ് ആപ്പുകൾക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തമാണ്. വൺ എക്‌സ് ബെറ്റ്, ഡഫാബെറ്റ്, പരിമാച്ച് തുടങ്ങിയ ഗാബ്ലിംഗ് ആപ്പുകൾക്കാണ് ജിഎസ്ടി ഏർപ്പെടുത്തേണ്ടതെന്നും അവയോട് ഗെയിമിംഗ് സ്റ്റാർട്ടപ്പുകളെ ചേർത്തുകെട്ടരുതെന്നുമാണ് ആവശ്യം ഉയരുന്നത്.

ടിവിഎസ് മോട്ടോർ കമ്പനിയ്ക്ക് നേട്ടം

ടിവിഎസ് മോട്ടോർ കമ്പനി ജൂലൈയിൽ വമ്പൻ നേട്ടമാണ് കൈവരിച്ചത്. വിൽപ്പനയിൽ 17 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. 2022 ജൂലൈയിൽ 2,01,942 യൂണിറ്റുകൾ വിറ്റ കമ്പനി ഈ വർഷത്തെ ജൂലൈയിൽ 2,35,230 യൂണിറ്റാണ് വിറ്റഴിച്ചത്.

കെടിഎച്ച് 1

ബിടിഎസ്സിലെ വിയുടെ /കിം തേയോങ്ങിന്റെ പുതിയ ആൽബം വരുന്നു. കെടിഎച്ച് 1 എന്നി പേരിലുള്ള ആൽബം അഡോർ സിഇഒ/ ന്യൂ ജീൻസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിൻ ഹീ ജിനുമായി ചേർന്നാണ് ആൽബം ഇറക്കുന്നത്. വി തനിച്ച് അവതരിപ്പിക്കുന്ന ആദ്യ ആൽബമാണിത്.

രജനികാന്തിന്റെ 'ജയിലർ'

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്റെ സിനിമ തിയറ്ററുകളിലെത്തുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകർ. ആഗസ്ത് 10നാണ് ജയിലർ തിയറ്ററുകളിലെത്തുക. സിനിമയുടെ ട്രെയിലറും പോസ്റ്ററുമൊക്കെ ട്വിറ്ററിൽ വൈറലാണ്.

രജനിക്കൊപ്പം മോഹൻലാലെത്തുന്നു എന്നതിനാൽ മലയാളി പ്രേക്ഷകരും സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. ജാക്കി ഷ്രോഫ്, സുനിൽ, ശിവ രാജ്കുമാർ, തമന്ന, രമ്യ കൃഷ്ണൻ, വസന്ത് രവി, യോഗി ബാബു തുടങ്ങി വൻ താരനിര തന്നെ സിനിമയിലുണ്ട്. ആക്ഷൻ കോമഡി ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്.

Mukesh Ambani and Muslim Hatred on News18 Channel, Cheetah Dies Again in Kuno Today's Twitter Trending...

TAGS :

Next Story