Quantcast

യുഎസിൽ മോദി മാധ്യമങ്ങളെ കാണും, പ്രതിസന്ധിയിൽ ബൈജൂസ്, പങ്കാളിയോട് മാപ്പു പറഞ്ഞ് നെയ്മർ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

ഒരു യുഎസ് മാധ്യമപ്രതിനിധിയുടെയും ഇന്ത്യൻ പ്രതിനിധിയുടെയും ചോദ്യങ്ങൾക്കാണ് മോദി ഉത്തരം പറയുക

MediaOne Logo

Web Desk

  • Updated:

    2023-06-22 15:20:05.0

Published:

22 Jun 2023 3:03 PM GMT

Top10 twitter trending today
X

ആകാംഷയുണർത്തി സ്‌പൈ ട്രെയ്‌ലർ

തെലുങ്ക് സൂപ്പർതാരം നിഖിൽ നായകനായെത്തുന്ന സ്‌പൈ ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ട്രെയ്‌ലർ എത്തിയതോടെ #spy ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ.

എഡിറ്റർ ഗാരി ബിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 29നാണ് തിയറ്ററുകളിലെത്തുന്നത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ നോൺ തിയറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

യുഎസിൽ മാധ്യമങ്ങളെ കാണാൻ മോദി

പ്രസിഡന്റ് ജോ ബൈഡനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആകെ രണ്ട് ചോദ്യങ്ങൾക്കാണ് മോദി ഉത്തരം പറയുക- ഒരു യുഎസ് മാധ്യമപ്രതിനിധിയുടെയും ഒരു ഇന്ത്യൻ പ്രതിനിധിയുടെയും.

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലായിരിക്കും വാർത്താ സമ്മേളനം. ഇന്ന് വൈകിട്ട് യുഎസ് കോൺഗ്രസിന്റെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്.

ബൈജൂസിൽ വീണ്ടും പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന എജ്യുടെക്ക് കമ്പനി ബൈജൂസിന് പുതിയ ആഘാതം. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്നുപേർ രാജി വെച്ചു. പീക്ക് എക്‌സ് വി പാർട്‌ണേഴ്‌സ് എം.ഡി ജി.വി രവിശങ്കർ, ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസൽ ഡ്രീസെൻസ്റ്റോക്, ചാൻ സക്കർബർഗിൽ നിന്നുള്ള വിവിയൻ വു എന്നിവരാണ് രാജി വച്ചത്. ബിസിനസ് നടത്തിപ്പിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി.

സർവകക്ഷിയോഗം വിളിച്ച് അമിത് ഷാ

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സർവകക്ഷിയോഗം വിളിച്ച് അമിത് ഷാ. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ജൂൺ 24നാണ് യോഗം. നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് സർവകക്ഷിയോഗം വിളിച്ചത്.

ടൈറ്റാനിക്കിനെ കാണാൻ പോയ ടൈറ്റൻ

നോർത്ത് അറ്റ്‌ലാൻറിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. കപ്പലിലെ ഓക്‌സിജൻ തീർന്നുകൊണ്ടിരിക്കുകയാണ്. കഷ്ടിച്ച് പത്ത് മണിക്കൂറിലേക്കുള്ള ഓക്‌സിജൻ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

അന്തർവാഹിനിയിലുള്ളവരെ രക്ഷിക്കാൻ കഴിയുമെന്നാണ് യുഎസ് കോസ്റ്റ് ഗാർഡിന്റെ പ്രതീക്ഷ. കടലിന്റെ അടിത്തട്ടിൽ നിന്നും കേട്ട ശബ്ദങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കൃത്യസ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്യാമറ സജ്ജീകരിച്ച റിമോട്ട് ഓപ്പറേറ്റജ് റോബോട്ടുകൾ തെരച്ചിലിനെ സഹായിക്കുന്നുണ്ട്.

തേജസ്വി യാദവ്

ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർ, വികസനം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് സമൂഹത്തിൽ വിദ്വേഷത്തിൻറെ വിഷം പടർത്താൻ ചിലർ ആഗ്രഹിക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് . താൻ മാത്രമല്ല, എല്ലാ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ബി.ജെ.പിയുടെ ലക്ഷ്യമാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വീകരിച്ച നടപടികളെ പരാമർശിച്ച് യാദവ് പറഞ്ഞു.

രാജ്യത്തിൻറെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തോട് പോരാടാൻ ബി.ജെ.പിക്ക് ഭയമുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രേവാരി എം.എൽ.എയായ ചിരഞ്ജീവ് റാവുവിൻറെ കുടുംബ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യാദവ്. തേജസ്വിയുടെ സഹോദരി അനുഷ്‌കയുടെ ഭർത്താവ് കൂടിയാണ് ചിരഞ്ജീവ്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുതിർന്ന കോൺഗ്രസ് നേതാവ് കുമാരി സെൽജ, ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാൻ, രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ, പാർട്ടി മുതിർന്ന നേതാവ് കിരൺ ചൗധരി, ഹരിയാന കോൺഗ്രസ് എംഎൽഎ ഗീത ഭുക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

അമൂൽ ഗേളിന്റെ സ്രഷ്ടാവ് അന്തരിച്ചു

അമുൽ ഗേളിന്റെ സ്രഷ്ടാവും പരസ്യ വ്യവസായ പ്രമുഖനുമായ സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. അമുൽ സ്ഥാപകൻ ഡോ.വർഗീസ് കുര്യന്റെ ആവശ്യത്തെത്തുടർന്നായിരുന്നു അമുൽ ഗേളിന് രൂപം നൽകുന്നത്.

കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസിനൊപ്പം ചേർന്നായിരുന്നു 1966-ൽ അമുൽ ഗേളിനെ സിൽവസ്റ്റർ രൂപകൽപന ചെയ്തത്. കമ്പനിയുടെ പ്രധാന ഉത്പന്നമായ അമുൽ ബട്ടറിൻറെ പരസ്യ ക്യാമ്പെയിനിന്റെ ഭാഗമായിരുന്നു ഈ ലോഗോ നിർമാണം. പോൾക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള ആ പെൺകുട്ടി ടെലിവിഷൻ,പത്ര പര്യങ്ങളിലൂടെ ഓരോ വീടുകളിലും സുപരിചിതയായി. കാലം മാറായിയിട്ടും 'അമുൽ ഗേൾ' ഇന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം തരംഗമാണ്.

പങ്കാളിയോട്‌ പരസ്യമായി മാപ്പുപറഞ്ഞ് നെയ്മർ

പങ്കാളിയെ വഞ്ചിച്ചതായുള്ള വാർത്തകൾക്കു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ഫുട്ബോൾ താരം നെയ്മർ. ഗർഭിണിയായ ബ്രൂണ ബിയാൻകാർഡിയോടാണ് സോഷ്യൽ മീഡിയയിൽ താരം മാപ്പപേക്ഷ നടത്തിയത്. താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും കുടുംബത്തെയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ആലോചിച്ചാണ് ഇത്തരമൊരു കുറിപ്പിടുന്നതെന്നും നെയ്മർ പറഞ്ഞു.

'നീ എത്രമാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. ന്യായമില്ലാത്തൊരു കാര്യം ഞാൻ ന്യായീകരിക്കാൻ നിൽക്കുന്നില്ല. എനിക്കു തെറ്റുപറ്റിപ്പോയി. ഞാൻ നിന്നോടൊരു പാതകം ചെയ്തിരിക്കുന്നു. ദിവസവും, കളത്തിലും കളത്തിനു പുറത്തും, എനിക്ക് പിഴവുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ, വ്യക്തിജീവിതത്തിലെ പിഴവുകൾ ഞാൻ വീട്ടിലാണ് തീർക്കാറുള്ളത്. ഉറ്റവർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ. ഇതെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെയാണ് ബാധിച്ചിരിക്കുന്നത്; ഞാൻ കൂടെനിന്ന് പിന്തുടരാൻ മോഹിക്കുന്ന സ്ത്രീക്ക്. എന്റെ കുട്ടിയുടെ അമ്മയ്ക്ക്.'-നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലിയോ

ലോകമെമ്പാടുമുള്ള ദളപതി വിജയ് ഫാൻസിന് വിജയുടെ 49-ാമത് ജന്മനാൾ ആഘോഷത്തിൻറെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാൻ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനം കുറച്ചു മണിക്കൂറുകൾക്കു ശേഷം അണിയറപ്രവർത്തകർ റിലീസ് ചെയ്യും. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്‌പെൻസുകൾ പുറത്തുവിടാത്ത വിജയുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ടീം ലിയോ.

കോവിൻ വിവരങ്ങൾ ചോർന്നു

രാജ്യത്ത് കോവിഡ് വാക്‌സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എഫ്എസ്ഒ (ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ്) യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കമുള്ളവരുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങൾ ഇയാൾ ചോർത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ പ്രവർത്തകയായ അമ്മയുടെ സഹായവും ഇയാൾ സ്വീകരിച്ചതായി പൊലീസ് പറയുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

TAGS :

Next Story