Quantcast

റോഡിലെ ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ നദിയിലൂടെ ഥാർ ഓടിച്ച് യുവാവ്; കേസ്

ഹിമാചൽപ്രദേശിലെ ലാഹോലിലാണു യുവാവിന്റെ അതിസാഹസം

MediaOne Logo

Web Desk

  • Updated:

    2023-12-26 09:01:15.0

Published:

26 Dec 2023 8:49 AM GMT

Tourist drives Thar SUV through Chandra river to escape from Himachal Pradeshs seasonal traffic jam, Thar drive in Chandra river in Himachal Pradesh, Spiti, Lahaul
X

ഷിംല: റോഡിലെ ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ യുവാവിന്റെ അതിസാഹസം. നദിയിലൂടെ ഥാർ ഓടിച്ച് അക്കരെ കടക്കുകയായിരുന്നു ഒരു വിനോദസഞ്ചാരി. ഹിമാചൽപ്രദേശിലെ സ്പിതി ജില്ലയിലുള്ള ലാഹോലിലാണു സംഭവം.

ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഹിമാചലിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. ഇതേതുടർന്ന് മണിക്കൂറുകളാണ് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം റോഡുകളിൽ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെയാണ് ചന്ദ്ര നദിയിലൂടെ യുവാവ് ഥാറുമായി സഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്നത്. നദിയിൽ ജലനിരപ്പ് കുറവായതും ഒഴുക്ക് കുറഞ്ഞതും യാത്രക്കാരന് അനുഗ്രഹവുമായി. അധികം ബുദ്ധിമുട്ടില്ലാതെ നദി മുറിച്ചുകടക്കാനുമായി.

എന്നാല്‍, 'സാഹസികയാത്രയുടെ' വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പൊലീസ് നടപടിയും വന്നു. യുവാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തതായി ഹിമാചൽപ്രദേശ് എസ്.പി മായങ്ക് ചൗധരി അറിയിച്ചു. ഭാവിയിൽ ആരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവർത്തിക്കാതിരിക്കാനാണു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

സീസണായതോടെ കുളു മണാലി, ഷിംല ഉൾപ്പെടെയുള്ള ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുളുവിനെയും ലാഹോലിനെയും സ്പിതിയെയും ബന്ധിപ്പിക്കുന്ന റോഹ്താങ്ങിലെ അടൽ തുരങ്കപാതയിലൂടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം 55,000 വാഹനങ്ങൾ കടന്നുപോയതായാണ് ഔദ്യോഗിക കണക്ക്. ഹിമാചലിലെ റോഡുകളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Summary: Tourist drives Thar SUV through Chandra river to escape from Himachal Pradesh's seasonal traffic jam

TAGS :

Next Story