Quantcast

ത്രിപുരയില്‍ ആവേശപ്പോര്; കിംഗ് മേക്കറാകുമോ ടിപ്ര മോഥ?

32 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-02 07:05:01.0

Published:

2 March 2023 6:16 AM GMT

tipra motha
X

ടിപ്ര മോഥ

അഗര്‍ത്തല: വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയെ മാത്രം കണ്ട ത്രിപുര ഇപ്പോള്‍ ആവേശപ്പോരിലാണ്. ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയും ബി.ജെ.പിയുടെ ലീഡ് കുറയുകയുമാണ്. 32 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. സി.പി.എം കോണ്‍ഗ്രസ് സഖ്യം 12 സീറ്റിലും ലീഡ് ചെയ്യുന്നു. തുടക്കത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടിപ്ര മോഥയും 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ടിപ്ര മോഥ പിടിക്കുന്ന സീറ്റുകളായിരിക്കും ത്രിപുരയില്‍ നിര്‍ണായകമാകുന്നതെന്നാണ് വിലയിരുത്തല്‍.

ത്രിപുരയില്‍ ആദ്യ മണിക്കൂറില്‍ തന്നെ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്നെങ്കിലും പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യം പിന്നീട് രണ്ടാമതെത്തുകയും ചെയ്തു. ലീഡ് നിലയില്‍ ഗോത്ര വര്‍ഗ പാര്‍ട്ടിയായ ടിപ്ര മോഥയും ഇടതു സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ടിപ്ര മോഥ അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മനാണ് ത്രിപുരയിലെ ശ്രദ്ധാകേന്ദ്രം. സർവേകളിൽ എക്‌സ് ഘടകമായി കണ്ടിരുന്ന പ്രദ്യോതിന്‍റെ പാര്‍ട്ടി നിര്‍ണായക ഘടകമായി മാറിയിരിക്കുകയാണ്. 60 നിയമസഭാ സീറ്റുകളില്‍ 42ലും ടിപ്ര മോഥ മത്സരിക്കുന്നുണ്ട്. 2021 ഏപ്രിലില്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 18 എണ്ണത്തിലും ടിപ്ര മോഥ വിജയിച്ചിരുന്നു.

35 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് 2018ലാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 36 സീറ്റുകളില്‍ ബി.ജെ.പിക്ക് വിജയിക്കാനായി. 16 സീറ്റുകളില്‍ മാത്രമാണ് ഇടതിന് നേട്ടം കൊയ്യാനായത്. ഇത്തവണയും ത്രിപുരയില്‍ സി.പി.എം തിരിച്ചുവരില്ലെന്നും ബി.ജെ.പിക്ക് തുടര്‍ഭരണമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോള്‍. 45 സീറ്റ് വരെ ബി.ജെ.പി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലം. ടിപ്ര മോഥക്ക് 9 മുതല്‍ 16 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. സി.പി.എം കോണ്‍ഗ്രസ് സഖ്യത്തിന് ആറു മുതല്‍ 11 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യാ ടുഡേ സര്‍വെ പ്രവചിച്ചിരുന്നു.

TAGS :

Next Story