Quantcast

ത്രിപുര കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം; സമരം കടുപ്പിച്ച് പ്രതിപക്ഷം

16കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രദാസിന്റെ മകനെതിരെയും ആരോപണം ഉയർന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2022 11:19 AM GMT

ത്രിപുര കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം; സമരം കടുപ്പിച്ച് പ്രതിപക്ഷം
X

അഗർത്തല: ത്രിപുരയെ ഞെട്ടിപ്പിച്ച കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ഭാഗബൻ ചന്ദ്രദാസിന്റെ മകന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മന്ത്രിപുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാൽ, ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു.

ഒക്ടോബർ 19ന് കുമാർഘട്ടിലാണ് കേസിനാസ്പദമായ സംഭവം. കുമാർഘട്ടിലെ ഒരു മൂന്നുനില കെട്ടിടത്തിൽ 16കാരിയെ എത്തിച്ചാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്. ഇവിടെ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മദ്യം നൽകി. തുടർന്നായിരുന്നു കൂട്ടബലാത്സംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

എന്നാൽ, കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആശിഷ് സാഹയാണ് സംഭവത്തിൽ ചന്ദ്രദാസിന്റെ മകനും പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. കുറ്റകൃത്യം നടന്ന വീട് മന്ത്രിയുടെ മകൻ വാടകയ്‌ക്കെടുത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മണിക് സാഹയ്ക്കടക്കം വിവരമുണ്ട്. ഇതിനാൽ മിണ്ടാതിരിക്കുകയാണെന്നും മന്ത്രിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശിഷ് സാഹ ആവശ്യപ്പെട്ടു.

കോൺഗ്രസിനു പിന്നാലെ സി.പി.എം, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്.എഫ്.ഐ അഗർത്തലയിലെ പൊലീസ് ആസ്ഥാനം ഉപരോധിച്ചു. 38 എസ്.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സംഭവത്തിൽ ഇരയോ പ്രതികളോ മന്ത്രിയുടെ മകന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സുശാന്ത ചൗധരി അവകാശപ്പെട്ടു.

Summary: Tripura labour minister and BJP leader Bhagaban Chandra Das's son accused in Kumarghat gang rape case of minor girl

TAGS :

Next Story