Quantcast

ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് നവാബ് മാലികിനെ വിലക്കാനാവില്ലെന്ന് കോടതി; വാങ്കഡെക്ക് തിരിച്ചടി

പരാതിക്കാരന് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. അതോടൊപ്പം ആരോപണവിധേയന് അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    23 Nov 2021 5:29 AM GMT

ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് നവാബ് മാലികിനെ വിലക്കാനാവില്ലെന്ന് കോടതി; വാങ്കഡെക്ക് തിരിച്ചടി
X

മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസിൽ എൻസിബി ഓഫീസര്‍ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്കെതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സമീർ വാങ്കഡെയുടെ പിതാവ് ധ്യാന്‌ദേവ് വാങ്കഡെ നല്‍കിയ മാനനഷ്ടകേസില്‍ കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചില്ല. മാലിക് ഉന്നയിച്ച ആരോപണങ്ങൾ ഈ ഘട്ടത്തിൽ വ്യാജമാണെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാൽ വസ്തുതകള്‍ ശരിയാണെന്ന് മന്ത്രി പരിശോധിച്ച് ഉറപ്പിക്കണമെന്ന് കോടതി വിശദമാക്കി.

"പരാതിക്കാരന് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. അതോടൊപ്പം ആരോപണവിധേയന് അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. മൗലികാവകാശങ്ങൾ സന്തുലിതമാവേണ്ടതുണ്ട്"- കോടതി വ്യക്തമാക്കി.

മന്ത്രി നവാബ് മാലിക് പത്രസമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മകൻ സമീർ വാങ്കഡെയ്ക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ധ്യാന്‍ദേവ് കോടതിയില്‍ പറഞ്ഞത്. 1.25 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നവാബ് മാലിക്കിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് പ്രഖ്യാപിക്കണം, വാങ്കഡെ കുടുംബത്തെക്കുറിച്ച് മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നന്നേയ്ക്കുമായി വിലക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ധ്യാന്‍ദേവ് മുന്നോട്ടുവെച്ചത്.

വാങ്കഡെ കുടുംബത്തിനെതിരെ നടത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നവാബ് മാലികിന് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തമബോധ്യത്തോടെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് നവാബ് മാലിക് സത്യവാങ്മൂലം നല്‍കി. താൻ ഹാജരാക്കിയ തെളിവുകൾ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവി സമീറിനെതിരെ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ സംവിധാനത്തെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥനെന്ന നിലയില്‍ സമീര്‍ വാങ്കഡെയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പറയുന്നത് തെറ്റാണെന്ന് തെളിയിക്കുന്നതിനെ ആശ്രയിച്ചിരിക്കും മറ്റു കാര്യങ്ങളെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

സിവില്‍ സര്‍വീസില്‍ സംവരണം കിട്ടാന്‍ സമീര്‍ വാങ്കഡെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി എന്നായിരുന്നു നവാബ് മാലികിന്‍റെ ആരോപണം. ജനന സര്‍ട്ടിഫിക്കറ്റില്‍ സമീര്‍ ദാവൂദ് വാങ്കഡെ എന്നാണെന്നും അദ്ദേഹം മുസ്‍ലിമാണെന്നും നവാബ് മാലിക് ആരോപിക്കുകയുണ്ടായി. തെളിവായി രേഖയും പുറത്തുവിടുകയുണ്ടായി. മയക്കുമരുന്ന് കേസിൽ മരുമകനെ അറസ്റ്റ് ചെയ്തതിനാൽ മന്ത്രി തന്നോട് പകപോക്കുകയാണെന്നാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്. അതിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമീര്‍ വാങ്കഡെ സംശയത്തിന്‍റെ നിഴലിലായി. കൈക്കൂലി ആരോപണമാണ് കേസിലെ സാക്ഷി തന്നെ സമീര്‍ വാങ്കഡെക്കെതിരെ ഉന്നയിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണ്.

അതേസമയം എൻസിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എൻസിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ മുഖപ്രസംഗം പ്രകീര്‍ത്തിക്കുകയും ചെയ്തു.

TAGS :

Next Story