Quantcast

'18 കോടിയുടെ ഡീല്‍, എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക്'... ആര്യന്‍ ഖാന്‍ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍

ആരോപണം എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ നിഷേധിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-10-24 08:47:13.0

Published:

24 Oct 2021 8:23 AM GMT

18 കോടിയുടെ ഡീല്‍, എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക്...  ആര്യന്‍ ഖാന്‍ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍
X

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസില്‍ പുതിയ ആരോപണം. കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് ആരോപണം. എട്ട് കോടി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആരോപിച്ചു. കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചു.

"നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. 8 കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം"- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യൻ ഖാനെ എന്‍സിബി ഓഫീസിലെത്തിച്ചപ്പോള്‍ കെ പി ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍സിബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫീസിൽ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ പറഞ്ഞു.

തന്നെക്കൊണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എന്‍സിബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ സത്യവാങ്മൂലം എൻ‌ഡി‌പി‌എസ് കോടതിയിലെത്തട്ടെ. ഞങ്ങൾ അവിടെ മറുപടി നൽകും"- എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.

ആരാണ് ഗോസാവി?

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്‍റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്‍.സി.ബി ഓഫീസിലേക്ക് ആര്യനെ കയ്യില്‍ പിടിച്ചുകൊണ്ടുവന്നത് ഇയാളാണ്. എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്ന് ചോദ്യമുയര്‍ന്നു. കെ പി ഗോസാവിയെന്നാണ് ഇയാളുടെ പേരെന്ന് പിന്നീട് വ്യക്തമായി.

ഗോസാവി വലിയൊരു തട്ടിപ്പുകാരനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള മുന്നറിയിപ്പുമായി പുനെ പൊലീസ് രംഗത്തെത്തി. മുംബൈ, താനെ, പുനെ എന്നിവിടങ്ങളിലായി ഗോസാവിക്കെതിരെ നാലു വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോസാവി ആളുകളെ കബളിപ്പിച്ചത്. വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു പരാതിക്കാരനില്‍ നിന്നും മൂന്നു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ജോലി കിട്ടാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ പുനെ പൊലീസിനെ സമീപിക്കുകയും ഗോസാവിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയ വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2018ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ആ സമയത്ത് ഗോസാവി ഒളിവിലായിരുന്നുവെന്നും ഫരസ്ഖാന പൊലീസ് സ്റ്റേഷനിലെ സീനിയർ പി.ഐ രാജ്ന്ദ്ര ലാൻഡ്ജ് പറഞ്ഞു.



TAGS :

Next Story