Quantcast

ഷൂട്ടിങ്ങിനിടെ ഷാരൂഖിന് പരിക്ക്, അപകീർത്തി കേസിൽ രാഹുലിന് ആശ്വാസം, പവൻ കല്യാൺ ഇൻസ്റ്റഗ്രാമിൽ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2023-07-04 15:03:42.0

Published:

4 July 2023 2:21 PM GMT

top 10 twitter trending today
X

ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്

യുഎസിൽ സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരിക്ക്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്ത്യയില്‍ തിരിച്ചെത്തിയ താരം വിശ്രമത്തിലാണ്.

ടിന അംബാനിയെ ചോദ്യം ചെയ്ത് ഇ.ഡി

പ്രമുഖ വ്യവസായി അനിൽ അംബാനിക്കു പിന്നാലെ ഭാര്യ ടിന അംബാനിയെയും ചോദ്യംചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഇന്നു രാവിലെയാണ് ടിന ഇ.ഡിക്കു മുൻപിൽ ഹാജരായത്. റിലയൻസ് എ.ഡി.എ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ ഇന്നലെ ഇ.ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

പാൻഡോറ പേപ്പേഴ്‌സ് കേസിലാണ് ടിനയെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുടെ വിദേശ സ്വത്തുക്കളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ചോദ്യംചെയ്യുന്നുണ്ട്. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഏതാനും ദിവസത്തേക്ക് ടിന ഇളവ് തേടിയിരുന്നു. എന്നാൽ, ഇന്ന് തന്നെ ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയയ്ക്കുകയായിരുന്നു.

അനിലിന്റെയും ടിനയുടെയും വിദേശസ്വത്തുക്കളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നാണ് വിവരം. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. ഇവരുടെ പേരിലുള്ള വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. നികുതി വെട്ടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായെല്ലാം ഇവർക്കെതിരെ കേസുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മോസ്‌കോയിൽ ഡ്രോൺ ആക്രമണം

മോസ്കോയിൽ യുക്രൈന്‍ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം . വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്നും മന്ത്രാലയം അറിയിക്കുന്നു. ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല. മോസ്കോയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ വ്നുക്കോവോ വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ ഇപ്പോൾ നീക്കിയിട്ടുണ്ട്.മോസ്‌കോ മേഖലയിൽ പറന്ന ഡ്രോണുകളിൽ നാലെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള വ്നുക്കോവോ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ (22 മൈൽ) അകലെയുള്ള കുബിങ്ക പട്ടണത്തിലാണ് ഡ്രോണുകളിൽ ഒന്ന് തകർന്നതെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

വിമാനത്താവളം ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചർ സ്ഥിതി ചെയ്യുന്ന മേഖലയെ ആക്രമിക്കാനുള്ള കിയവ് ഭരണകൂടത്തിന്റെ ശ്രമം ഒരു പുതിയ തീവ്രവാദ പ്രവർത്തനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ടെലിഗ്രാമിൽ പറഞ്ഞു.

ഹൈദരാബാദിൽ കാർ പാഞ്ഞുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

ഹൈദരാബാദിൽ നിയന്ത്രണം വിട്ടെത്തിയ കാർ പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. അനുരാധ, മകൾ മംമ്ത എന്നിവരാണ് മരിച്ചത്. സൺസിറ്റിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ മൂന്ന് സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞടുക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപെട്ടതായാണ് വിവരം.

ജെനിൻ അഭയാർഥി ക്യാമ്പിനു നേർക്കുള്ള ഇസ്രായേൽ സൈനികാക്രമണം രണ്ടാം ഘട്ടത്തിൽ #JeninUnderAttack

വെസ്​റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേർക്കുള്ള ഇസ്രായേൽ സൈനികാക്രമണം രണ്ടാം ഘട്ടത്തിൽ. കൂടുതൽ ബുൾഡോസറുകളുമായെത്തിയ ഇസ്രായേൽ സൈന്യം ക്യാമ്പിലെ നിരവധി താമസകെട്ടിടങ്ങൾ രാത്രിയിൽ ഇടിച്ചു നിരത്തി. ജനങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ സൈനിക നടപടി നിർത്തണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെ അഭ്യർഥന തള്ളിയ ഇസ്രായേൽ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന്​ വ്യക്​തമാക്കി.

പത്ത്​ ഫലസ്​തീൻകാരുടെ മരണത്തിനും അറുപതിലേറെ പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ സൈനികാക്രമണം തുടരുകയാണ്​. ഫലസ്​തീൻ കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ എണ്ണമറ്റ വസതികളാണ്​ സൈന്യം തകർത്തത്​. അയ്യായിരത്തിലേറെ ഫലസ്​തീൻകാരാണ്​ ഒറ്റ ദിവസം കൊണ്ട്​ ജെനിൻ ക്യാമ്പിൽ ഭവനരഹിതരായത്​. മൂവായിരം പേരെ ക്യാമ്പിൽ നിന്ന്​ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ മാറ്റിയതായി ഫലസ്​തീൻ റെഡ്​ക്രസൻറ്​ അറിയിച്ചു

നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു

നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.

ജി. കിഷൻ റെഡ്ഢിയാണ് തെലങ്കാനയിലെ പുതിയ പ്രസിഡന്റ്, ഡി. പുരന്തേശ്വരിയാണ് ആന്ധ്രയിൽ ഇനി പാർട്ടിയെ നയിക്കുക. മുൻ കോൺഗ്രസ് നേതാവ് സുനിൽ ഝാക്കർ ആണ് പഞ്ചാബിലെ പുതിയ ബി.ജെ.പി അധ്യക്ഷൻ. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയാണ് പുതിയ ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ.

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ഇലക്ഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി മുൻ മന്ത്രിയും എം.എൽ.എയുമായ എതേലാ രാജേന്ദറിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ അടുത്ത് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാകുമെന്നാണ് വിവരം.

പ്രഫുൽ പട്ടേൽ

മഹാരാഷ്ട്ര എൻ.സി.പി പിളർപ്പിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മറുകണ്ടംചാടിയ പ്രമുഖ നേതാവ് പ്രഫുൽ പട്ടേൽ. നേരത്തെ തന്നെ ബി.ജെ.പിയുമായി കൈക്കോർക്കണമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പാർട്ടി എം.എൽ.എമാരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയുമായി സർക്കാർ രൂപീകരിക്കണമെന്ന് ഇവർ പാർട്ടി തലവൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രഫുൽ പട്ടേൽ വെളിപ്പെടുത്തി.

മറാഠി ചാനലായ 'സൂ 24 താസി'ന് നൽകി അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2022ൽ മഹാവികാസ് അഘാഡി(എം.വി.എ) സർക്കാർ തകർന്ന ശേഷമാണ് ഇത്തരമൊരു ആവശ്യവുമായി എം.എൽ.എമാർ ശരദ് പവാറിനെ സമീപിച്ചതെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. 53 എൻ.സി.പി എം.എൽ.എമാരിൽ 51 പേരും ഇതേ നിലപാടുകാരായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എൻ.സി.പിക്ക് ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് ബി.ജെ.പിയുമായി ആയിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.

ഏക സിവിൽ കോഡ് - ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യം

ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി. മുതിർന്ന നേതാവായ സുശീൽകുമാർ മോദിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്രവർഗക്കാർക്ക് നിയമത്തിൽ നിന്ന് ഇളവ് നൽകണമെന്നാണ് ആവശ്യം. പാർലമെന്റിന്റെ നിയമ സ്റ്റാൻഡിങ് സമിതി ചെയർമാൻ കൂടിയാണ് സുശീൽകുമാർ.

കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് സമിതിയുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളുമെല്ലാം മറ്റു സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അവർക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ടെന്നും സുശീൽകുമാർ ചൂണ്ടിക്കാട്ടി.

പവൻ കല്യാൺ ഇൻസ്റ്റഗ്രാമിൽ

തെലുഗ് താരവും ജന സേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. ഇതുവരെ ഒരു പോസ്റ്റും പങ്കുവച്ചില്ലെങ്കിലും അര ദശലക്ഷത്തിലധികം പേരാണ് പവര്‍ സ്റ്റാറിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പവന്‍കല്യാണ്‍ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ആണിത്.

താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പ്രവേശനം ട്വിറ്ററില്‍ #PawanKalyanOnInstagram എന്ന ഹാഷ്‌ടാഗോടെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. 'ഉയരുക, മുഖം, തെരഞ്ഞടുപ്പ്...ജയ് ഹിന്ദ്' എന്നാണ് കല്യാണിന്‍റെ ബയോ. “മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് കൈകളാണ് വേണ്ടത്, വാക്കുകളല്ലെന്ന് പറഞ്ഞ അല്ലൂരി സീതാരാമ രാജുവിന്‍റെ ജന്മവാർഷിക ദിനത്തിൽ, എനിക്ക് അറിയാവുന്ന എന്‍റെ അല്ലൂരിയെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു'' നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബു കുറിച്ചു.

അപകീർത്തി കേസിൽ രാഹുലിന് ആശ്വാസം

മോദി സമുദായത്തെ അവഹേളിച്ചെന്ന അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശത്തിന് എതിരെയാണ് പരാതി. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ട്' എന്നായിരുന്നു ആ പരാമര്‍ശം. നേരത്തെ സൂറത്ത് കോടതി രാഹുലിന് ഇതേ പരാതിയില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് എം.പി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കി.

TAGS :

Next Story