Quantcast

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, ആലിയ ഭട്ടും കൃതി സിനോണും മികച്ച നടിമാർ, അല്ലു അർജുൻ മികച്ച നടൻ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

'പുഷ്പ' സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുന് അവാർഡ്

MediaOne Logo

Web Desk

  • Updated:

    2023-08-25 06:35:14.0

Published:

24 Aug 2023 9:18 PM GMT

Twitter trending today
X

അല്ലു അർജുൻ

69ാം ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തെലുങ്ക് നടൻ അല്ലു അർജുൻ മികച്ച നടൻ. 'പുഷ്പ' സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. നേട്ടത്തിലൂടെ തെലുങ്കിൽ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അർജുൻ മാറി. അതേസമയം, ആലിയാ ഭട്ടും കൃതി സാനോണും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഗംഗൂഭായി കത്തിയാവാടിയിലെ പ്രകടനത്തിന് ആലിയക്കും മിമിയിലെ പ്രകടനത്തിന് കൃതിക്കും ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു. കശ്മീരി ഫയൽസിൽ അഭിനയിച്ച നടി പല്ലവി ജോഷി സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. പങ്കജ് തൃപാദി (മിമി) മികച്ച സഹനടൻ. ഭവിൻ റബാരിയാണ് മികച്ച ബാല താരം.

പുഷ്പ

പുഷ്പയിലൂടെ മികച്ച നടനുള്ള 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം അല്ലു അർജുന്. ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്.

ഗുസ്തി ഫെഡറേഷൻ

ലോക റെസ്ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫേഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പുറത്ത്. യുനൈറ്റഡ് വേൾഡ് റെസ്ലിങ്(യു.ഡബ്ല്യു.ഡബ്ല്യു) ആണ് ഇന്ത്യൻ ഫെഡറേഷന്റെ അംഗത്വം റദ്ദാക്കിയത്. ഇതോടെ അടുത്ത ലോക ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാകില്ല.

ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പീഡന പരാതിയുടെ കോളിളക്കം ഇനിയും അടങ്ങാത്ത സമയത്താണ് ഇരുട്ടടിയായി യു.ഡബ്ല്യു.ഡബ്ല്യുവിന്റെ നടപടി വരുന്നത്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകാത്തതിനാലാണു നടപടി. അനിശ്ചിതകാലത്തേക്കാണ് അംഗത്വം റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും യു.ഡബ്ല്യു.ഡബ്ല്യു നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രകാശ് രാജ്

ലോക റെസ്ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പുറത്തായതിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. 'ലജ്ജാകരം, പ്രധാന പാർട്ടിയുടെ എംപിയെ രക്ഷിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയമാണ് നമ്മളെ ഈ നിലയിലാക്കിയത്' ഗുസ്തി ഫെഡറേഷനെതിരെയുള്ള ലോക റെസ്ലിങ് കൂട്ടായ്മയുടെ നടപടി പറയുന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവെച്ച് അദ്ദേഹം വിമർശിച്ചു.

'കൃത്യമായി തെരഞ്ഞെടുപ്പ് നടത്താത്തതിനാൽ ലോക റെസ്‌ലിംഗ ബോഡി റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്‌പെൻഡ് ചെയ്തു. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മത്സരിക്കാനാകും. പക്ഷേ, ത്രിവർണ നിറത്തിലുള്ള പതാകയുണ്ടാകില്ല, ദേശീയ ഗാനം ആലപിക്കപ്പെടുകയും ചെയ്യില്ല. ഗുസ്തി നമ്മുടെ അഭിമാനമായിരുന്നു, പക്ഷേ ഇപ്പോഴത് അപമാനമാണ്' രാജ്ദീപ് സർദേശായി എക്‌സിൽ കുറിച്ചു.

ചന്ദ്രയാൻ

ചന്ദ്രയാൻ 3ന്റെ ലാൻഡിങ് ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തു വിട്ടു. പുറത്തു വന്നത് ലാൻഡറിലെ ഇമേജ് കാമറ പകർത്തിയ ദൃശ്യങ്ങൾ. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് പ്രവർത്തിപ്പിച്ചു.

പ്രഗ്നാനന്ദ

ചെസ് ലോകകപ്പ് ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ കീഴടങ്ങി. നോർവേ താരം മാഗ്നസ് കാൾസനാണു കിരീടം. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് മാഗ്നസ് കരിയറിലെ ആദ്യ ലോകകിരീടം ചൂടിയത്.

ലോക ഒന്നാം നമ്പർ താരമാണ് കാൾസൻ. ചൊവ്വ, ബുധൻ ദിവസങ്ങൡ നടന്ന ആദ്യ രണ്ടു ഗെയിമുകളും സെമിയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്കു നീണ്ടത്. ടൈബ്രേക്കറിൽ ശക്തമായി പോരാടിയെങ്കിലും ആദ്യ ഗെയിമിൽ അടിപതറുകയായിരുന്നു. രണ്ടാം ഗെയിമിൽ പത്തു മിനിറ്റിനകം തന്നെ കൈകൊടുത്തു പിരിയുകയായിരുന്നു. കാൾസൻ അഞ്ചുതവണ ലോക ചാംപ്യൻഷിപ്പ് ജേതാവാണെങ്കിലും ഇതാദ്യമായാണു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.

വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു തവണ ലോക ജേതാവായിട്ടുണ്ട്. ലോകകപ്പിലെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താര ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും കീഴടക്കി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

മിസോറാം പാലം

മിസോറാമിൽ റെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഇതിൽ 18 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. എന്നാല്‍ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 26 പേർക്ക് ജീവഹാനി സംഭവിച്ചതായാണ് വിവരം. മറിഞ്ഞ് വീണ തൂണുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനാണ് ശ്രമം.

ഐസ്വാളിലെ സോറാം മെഡിക്കൽ കോളേജിലെയും സിവിൽ ആശുപത്രിയിലെയും സംഘമാണ് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. മൃതദേഹങ്ങൾ എംബാം ചെയ്ത് അതത് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി റെയിൽവേ വകുപ്പിന് കൈമാറുമെന്ന് മിസോറാം സർക്കാർ അറിയിച്ചു.

രാഖി സാവന്ത്

മുൻ ഭർത്താവ് ആദിൽ ദുറാനിക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ്‌ബോസ് താരവും ബോളിവുഡ് നടിയുമായ രാഖി സാവന്ത്. ആദിൽ തന്റെ നഗ്നചിത്രങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും തന്നെ ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും രാഖി ആരോപിച്ചു.

"ബാത്‌റൂമിൽ കുളിക്കാൻ ചെയ്തപ്പോഴാണ് ആദിൽ വീഡിയോകൾ ഷൂട്ട് ചെയ്തത്. ഇത്തരത്തിൽ ഒരുപാട് വീഡിയോകളുണ്ട്. 47 ലക്ഷം രൂപയ്ക്ക് ദുബൈയിൽ ആണിത് വിറ്റത്. വിവാഹത്തിന് ശേഷം ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. വീഡിയോസ് പുറത്തെത്തിയാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഞാൻ പിന്നെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും?" രാഖി ചോദിച്ചു.

TAGS :

Next Story