Quantcast

ഒറ്റക്കെട്ടായി ഇൻഡ്യ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്

'ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും' എന്നതാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രചരണ മുദ്രാവാക്യം

MediaOne Logo

Web Desk

  • Updated:

    2023-09-01 16:39:24.0

Published:

1 Sep 2023 4:30 PM GMT

ഒറ്റക്കെട്ടായി ഇൻഡ്യ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
X

ഒറ്റക്കെട്ടായി ഇൻഡ്യ

13 അംഗ ഏകോപന സമിതിയെ പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എ.എ.പി എം.പി രാഘവ് ഛദ്ദ, സമാജ്വാദി പാർട്ടി നേതാവ് ജാവേദ് ഖാൻ, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ലാലൻ സിങ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സി.പി.ഐ നേതാവ് ഡി. രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് സമിതിയിലുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന പ്രമേയവും യോഗം പാസാക്കി. 'ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും' എന്നതാണ് സഖ്യത്തിന്റെ പ്രചരണ മുദ്രാവാക്യം. സീറ്റ് വിഭജനം ഉടൻ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച നേതാക്കൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു റാലികൾ നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, സഖ്യത്തിന്റെ ലോഗോ പ്രകാശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കവുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. ബിൽ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇപ്പോൾ തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. തെരഞ്ഞേടുപ്പുകൾ ഒരുമിച്ച് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുമ്പോൾ സാമ്പത്തിക ചെലവ് കുറയ്ക്കാമെന്നാണ് കേന്ദ്രസർക്കാർ വാദം. അതേസമയം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സലാർ റിലീസ് വൈകിയേക്കും

പ്രഭാസ് നായകനായെത്തുന് പ്രശാന്ത് നീൽ ചിത്രം സലാർ റിലീസ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇതുവരെ റിലീസായിട്ടില്ല. ഗ്രാഫിക്‌സ് വർക്കുകൾ പൂർത്തിയാകത്തതാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാൻ കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. പൃഥിരാജ് സുകുമാരൻ വില്ലനായി എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നാളെ ഇന്ത്യയും പാക്കിസ്താനും നേര്ക്കുനേർ

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്ന ത്രില്ലർ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. നാളെ ശ്രീലങ്കയിലെ പല്ലെകെലെയിൽ വെച്ച് വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്. മെൽബണിൽ വെച്ചു നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലെ അവിസ്മരണീയമായ മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. അന്ന് വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തിൽ ഇന്ത്യ അവസാന പന്തിൽ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

വിശാലിന്റെ 'മാർക്ക് ആന്റണി' ട്രെയിലർ സെപ്റ്റംബർ മൂന്നിന്

തമിഴ് താരം വിശാലിന്റെ പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ട്രെയിലർ സെപ്റ്റംബർ മുന്നിന് റിലീസ് ചെയ്യും. പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറപ്രവർത്തകർ ട്രെയിലർ അനൗൺസ്‌മെന്റ് നടത്തിയത്. പോസ്റ്ററിൽ തോക്കുകളുടെ ഇടയിൽ സ്‌റ്റൈലായിട്ടിരിക്കുന്ന വിശാലിനെ കാണാവുന്നതാണ്. മാർക്ക് ആന്റണി ഗാങ്‌സ്റ്റർ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രമാണ്. എസ്.ജെ സുര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി.വി പ്രകാശ് കുമാറാണ്. സെപ്റ്റംബർ 15 ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.

ജയിലറിന്റെ വൻ വിജയം; നെൽസണ് പോർഷെ നൽകി സൺ പിക്‌ചേർസ്

ജയിലറിന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകൻ നെൽസൺ ദീലീപ് കുമാറിന് പോർഷെ കാർ സമ്മാനമായി നൽകിയിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്‌ചേർസ്. സൺ ഗ്രൂപ്പ് കലൈന്തി മാരനാണ് നെൽസന് കാർ സമ്മാനമായി നൽകിയത്. ഏതായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനികാന്ത് നായകനായെത്തിയ ചിത്രം 500 കോടിയിലധികമാണ് കളക്ട് ചെയ്തത്.

കാറ് കൂടാതെ നെൽസന് നിർമ്മാതാക്കൾ ഒരു ചെക്കും സമ്മാനമായി നൽകിയിരുന്നു. ഇതിന് മുമ്പ് രജനികാന്തിന് ഒരു ബി.എം.ഡബ്ല്യു കാറും നിർമ്മാതാക്കൾ സമ്മാനമായി നൽകിയിരുന്നു. ഇതു കൂടാതെ രജനിക്ക് ഒരുചെക്കും സമ്മാനമായി നൽകിയിരുന്നു.

ജയിലറിന് രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടിയെന്നാണ് റിപ്പോർട്ട് ഇതിന് പുറമെയാണ് ചെക്ക് നൽകിയത്. ടൈഗർ മുത്തുവേൽ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിക്കുന്നത്.

ജവാൻ ട്രെയിലർ പുറത്ത്; ഏറ്റെടുത്ത് ആരാധകർ

ഷാറൂഖ് ഖാൻ നായകനാകുന്ന അറ്റ്‌ലി ചിത്രം ജവാന്റെ ട്രയിലർ പുറത്തിറങ്ങി. നയൻതാര നായികകയാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായിട്ടെത്തുന്നത്. ദീപിക പദുക്കോൺ, പ്രിയമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നാല് ഗെറ്റപ്പിലാണ് ഷാറൂഖ് ചിത്രത്തിലെത്തുന്നത്. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്്റ്റംബർ ഏഴിനാണ് ചിത്രം റിലീസാകുന്നത്. അനിരുദ്ധ് രവി ചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

TAGS :

Next Story