കശ്മീരിൽ 'വ്യാജ ഭീകരാക്രമണം'; ബിജെപി പ്രവർത്തകരും അംഗരക്ഷകരും അറസ്റ്റിൽ
ദിവസങ്ങൾക്കുമുൻപ് കുപ്‌വാരയിലെ ഗുൽഗാമിൽ നടന്ന വ്യാജ ഭീകരാക്രമണത്തിലാണ് കുപ്‌വാര ബിജെപി ഐടി സെല്‍ മേധാവിയും ജില്ലാ വക്താവും ഇവരുടെ അംഗരക്ഷകരും പൊലീസ് പിടിയിലായത്

കശ്മീരിൽ വ്യാജ ഭീകരാക്രമണക്കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കുപ്‌വാര ജില്ലയിലാണ് രണ്ട് ബിജെപി പ്രവർത്തകരും ഇവരുടെ അംഗരക്ഷകരും പൊലീസിന്റെ പിടിയിലായത്.
കുപ്‌വാര ബിജെപി ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന ഇശ്ഫാഖ് അഹ്‌മദ് മീറും ജില്ലാ വക്താവ് ബശാറത്ത് അഹ്‌മദും ഇവരുടെ അംഗരക്ഷകരുമാണ് അറസ്റ്റിലായത്. ദിവസങ്ങൾക്കുമുൻപ് കുപ്‌വാരയിലെ ഗുൽഗാമിൽ ഭീകരാക്രമണം നടന്നതായി വാർത്തകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് 'വ്യാജ ഭീകരാക്രമണത്തി'ന്റെ ചുരുളഴിഞ്ഞത്. ഗുൽഗാമിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഭീകരർ തനിക്കുനേരെ വെടിയുതിർത്തെന്നായിരുന്നു ഇശ്ഫാഖ് പ്രചരിപ്പിച്ചത്. ഭീകരരുടെ വെടിവയ്പ്പിൽ കൈയിൽ പരിക്കേറ്റതായും ഇയാൾ വാദിച്ചിരുന്നു.
എന്നാൽ, ആക്രമണ വാർത്തകൾ പൊലീസ് തള്ളിക്കളഞ്ഞു. സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റാണ് ഇശ്ഫാഖിന് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ വക്താവിന്റെ അറിവോടെയായിരുന്നു ഇവരുടെ ഭീകരാക്രമണ നാടകം. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം അംഗരക്ഷകർ വെടിയുതിർക്കുകയായിരുന്നു. നാട്ടുകാരെ പരിഭ്രാന്തിയിലാക്കാനായി അംഗരക്ഷകർ വെടിവച്ചത് അബദ്ധത്തിൽ ഇശ്ഫാഖിന്റെ കൈയിൽ പതിച്ചാണ് പരിക്കുണ്ടായത്.
മേഖലയിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ആക്രമണ നാടകമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇതോടൊപ്പം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധ നേടാനാകുമെന്നും ഇയാൾ കരുതി.
ഇശ്ഫാഖിനെയും ബശാറത്തിനെയും കൂടെയുണ്ടായിരുന്ന അംഗരക്ഷകരെയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇവരെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തെ തുടർന്ന് പാർട്ടി ജില്ലാ പ്രസിഡന്റും ഇശ്ഫാഖിന്റെ പിതാവുമായ മുഹമ്മദ് ഷാഫി മീറിനെ സ്ഥാനത്തുനിന്നു മാറ്റിയതായി ബിജെപി പ്രതികരിച്ചിട്ടുണ്ട്.
Adjust Story Font
16

