Quantcast

അപൂർവ്വങ്ങളിൽ അപൂർവ്വം; ഡൽഹിയിൽ 20 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ

ഗുരുഗ്രാമിലെ ഫോട്ടിസ് മെമോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തെ പുറത്തെടുത്തു

MediaOne Logo

Web Desk

  • Published:

    4 Sept 2025 7:53 PM IST

അപൂർവ്വങ്ങളിൽ അപൂർവ്വം; ഡൽഹിയിൽ 20 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ
X

ന്യൂഡൽഹി: 20 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ വയറ്റിൽ വളർന്ന രണ്ട് ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരഗ്രാമിലെ ഫോട്ടിസ് മെമോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശസ്ത്രക്രിയയിലാണ് ഭ്രൂണം നീക്കം ചെയ്തത്.

വയറു വീർത്ത് ഭക്ഷണം കഴിക്കാനാകാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ സ്‌കാനിൽ കുട്ടിയുടെ വയറ്റിൽ വളരുന്ന രണ്ട് മുഴകൾ കണ്ടെത്തുകയും പിന്നീട് അവ ഭ്രൂണങ്ങളാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യ നില മോശമായിരുന്നതിനാൽ ശസ്ത്രക്രിയ നടത്താൻ കാലതാമസം നേരിട്ടു. 15 അംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

അപൂർവങ്ങളിൽ അപൂർവമായ ഫീറ്റസ്-ഇൻ-ഫീറ്റോ അഥവാ എഫ്‌ഐഎഫ് എന്ന രോഗാവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചത്. ഇരക്കുട്ടികൾ ജനിക്കുന്നത് സമാനമായ അവസ്ഥയാണ് ഇതിന്റെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം അണ്ഡങ്ങളിലൊന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വികസിക്കുമ്പോൾ മറ്റൊന്ന് കുഞ്ഞിന്റെയുള്ളിൽ പറ്റിച്ചേർന്ന് വികസിക്കാൻ തുടങ്ങും. ലോകത്താകെ 200ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മൂന്ന് കുട്ടികളെയാണ് യുവതി ഗർഭം ധരിച്ചത്. ഇതിൽ രണ്ട് കുട്ടികൾ ഇത്തരത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ വളരുകയായിരുന്നു. വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുവന്നുവെന്നും നിലവിൽ കുട്ടി ആരോഗ്യവാനായിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് സർജൻ ഡോ.ആനന്ദ് സിൻഹ പറഞ്ഞു.കുട്ടിയുടെ കരൾ,കിഡ്‌നി, ആമാശയം തുടങ്ങിയവയിൽ പറ്റിചേർന്ന് വളർന്നതിനാൽ ശസ്ത്രക്രിയ ശ്രമകരമായിരുന്നുവെന്നും നീണ്ട രണ്ട് മണിക്കൂറിനൊടുവിലാണ് കുട്ടിയുടെ വയറ്റിൽ നിന്നും ഭ്രൂണത്തെ നീക്കം ചെയ്തതെന്നും ഡോക്ടർ വ്യക്തമാക്കി.

2019ൽ കേരളത്തിലെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

TAGS :
Next Story