Quantcast

മാസങ്ങൾ അകലെ തെരഞ്ഞെടുപ്പ്; അവതരിപ്പിച്ചത് സമ്പൂർണ ഇലക്ഷൻ ബജറ്റ്

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-01 07:41:41.0

Published:

1 Feb 2024 7:33 AM GMT

Nirmala Sitharaman
X

നിര്‍മല സീതാരാമന്‍

ഡല്‍ഹി: വന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണം. നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച നിര്‍മല ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

പ്രത്യക്ഷ പരോക്ഷ നികുതികളിലും മാറ്റമില്ല. ഇറക്കുമതി തീരുവയും നിലവിലുള്ളതു പോലെ തുടരും. കോർപ്പറേറ്റ് നികുതി 22 ശതമാനമായും തുടരുമെന്നും ധനമന്ത്രി പറഞ്ഞു. മൂലധനച്ചെലവ് 11 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. വെറും 58 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ വിവരിക്കാനാണ് നിര്‍മല ശ്രമിച്ചത്. രാജ്യം പത്ത് വർഷത്തിനിടയിൽ ശക്തമായ വളർച്ച നേടിയെന്നായിരുന്നു അവകാശവാദം. അടിസ്ഥാന സൗകര്യവികസനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചെന്ന് ധനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ബജറ്റല്ല, നയപ്രഖ്യാപനമാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ സാധാരണയായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാറില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ഈ വർഷം ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.

ദിശാബോധമുള്ള ബജറ്റെന്ന് ബി.ജെ.പി വിശേഷിപ്പിച്ചപ്പോള്‍ വോട്ട് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.മൻമോഹൻ സിംഗിന്‍റെ ഭരണ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടുകയാണ് ഈ സർക്കാർ ചെയ്തതെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. തീർത്തും നിരാശജനകമായ ബജറ്റ്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റില്‍ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായിരുന്നത്. കൂടുതൽ കള്ളം പറയാൻ അറിയാത്തതുകൊണ്ട് ബജറ്റ് കുറഞ്ഞ സമയത്തിൽ അവസാനിപ്പിച്ചു. സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് നിരാശാജനകമെന്ന് ശശി തരൂരും വിമര്‍ശിച്ചു.

TAGS :

Next Story