Quantcast

യുപിയിൽ ജീവനുള്ള രോ​ഗിയെ മരിച്ചെന്ന് പ്രഖ്യാപിച്ച് പോസ്റ്റ്മോർട്ടത്തിന് അയച്ച് ഡോക്ടർ; സസ്പെൻഷൻ

പൊലീസുകാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായി വാർഡിൽ എത്തിയപ്പോഴാണ് രോ​ഗിക്ക് ജീവനുണ്ടെന്ന് മനസിലായത്.

MediaOne Logo

Web Desk

  • Updated:

    2025-12-29 10:55:21.0

Published:

29 Dec 2025 4:24 PM IST

UP Hospital Declares Living Patient Dead Sends Him For Post Mortem
X

ലഖ്നൗ: ആശുപത്രിയിൽ ചികിത്സയിലുള്ള ജീവനുള്ള രോ​ഗിയെ പോസ്റ്റ്മോർട്ടത്തിന് അയച്ച് ഡോക്ടർ. യുപി കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ​ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന രോ​ഗിയെ മരിച്ചെന്ന് പ്രഖ്യാപിക്കുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയുമായിരുന്നു. സംഭവത്തിൽ ജൂനിയർ റെസിഡന്റ് ഡോക്ടറും നഴ്സും ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

ശനിയാഴ്ച പൊലീസുകാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായി മെഡിസിൻ വാർഡിൽ എത്തിയപ്പോഴാണ് രോ​ഗിക്ക് ജീവനുണ്ടെന്ന് മനസിലായത്. സംഭവത്തിൽ അന്വേഷണത്തിനായി വൈസ് പ്രിൻസിപ്പൽ റിച്ച അ​ഗർവാൾ, ചീഫ് മെഡിക്കൽ സൂപ്രണ്ട് സൗരഭ് അ​ഗർവാൾ, സൂപണ്ട് ഇൻ-ചാർജ് രാകേഷ് സിങ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയെന്നും 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും ​ആശുപത്രി നടത്തുന്ന ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സഞ്ജയ് കല പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആശുപത്രിയിലെ മെഡിസിൻ വാർഡിലുണ്ടായിരുന്ന നിരാലംബരായ രോ​ഗികളിൽ ഒരാളെയാണ് ഡോക്ടർ മരിച്ചെന്ന് പ്രഖ്യാപിച്ചത്. 42കാരൻ വിനോദിനെ 42ാം നമ്പർ കിടക്കയിലും തിരിച്ചറിയാത്ത 60കാരനെ 43ാം നമ്പർ കിടക്കയിലുമാണ് കിടത്തിയിരുന്നത്. ഇതിൽ 60കാരൻ ചികിത്സയ്ക്കിടെ ശനിയാഴ്ച മരിച്ചു. എന്നാൽ ജൂനിയർ ഡോക്ടർ വിനോദിന്റെ മെഡിക്കൽ ഫയൽ എടുത്ത് അയാൾ മരിച്ചു എന്ന് രേഖപ്പെടുത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇക്കാര്യം സ്വരൂപ് ന​ഗർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. മൃതദേഹം മാറ്റാൻ പൊലീസുകാർ എത്തിയപ്പോൾ മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ വിനോദിന് യാതൊരു കുഴപ്പവുമില്ല. സംഭവം അറിഞ്ഞതോടെ മറ്റ് രോ​ഗികളും പരിഭ്രാന്തിയിലായി. സൂപ്രണ്ട് ഇൻ-ചാർജ് രാകേഷ് സിങ്, പ്രിൻസിപ്പൽ സഞ്ജയ് കല ഉടനടി വാർഡിലേക്ക് പാഞ്ഞെത്തി. പിന്നീട് ജൂനിയർ ഡോക്ടർ വീഴ്ച സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തെന്നും ഉ​ദ്യോ​ഗസ്ഥർ പറഞ്ഞു.

ജൂനിയർ ഡോക്ടർ തെറ്റായി ഫയൽ പൂരിപ്പിച്ചതാണ് പിഴവിന് കാരണമെന്ന് സൂപ്രണ്ട് ഇൻ- ചാർജ് രാകേഷ് സിങ് വ്യക്തമാക്കി. വിനോദിന്റെ മെഡിക്കൽ രേഖകളിൽ കണ്ടെത്തിയ ഫോൺ നമ്പർ ഉപയോഗിച്ച് ബന്ധുക്കളെ ബന്ധപ്പെട്ടതായി പൊലീസ് പറഞ്ഞു. അവർ എത്തുകയും വിനോദ് ജീവനോടെയുണ്ടെന്ന് കണ്ട ശേഷം താമസിയാതെ പോവുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ച് ദിവസം മുമ്പ് ഏറെ ക്ഷീണിതനായി കണ്ടെത്തിയ 60കാരനെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ​ഗോവിന്ദ് ന​ഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റികേഷ് കുമാർ സിങ് പറഞ്ഞു. ഛർദിയും വയറിളക്കവും ഉണ്ടായിരുന്ന ഇയാൾ പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്എച്ചഒ അറിയിച്ചു.

വിനോദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തോടൊപ്പം താമസിക്കാനും ആരോഗ്യനില മെച്ചപ്പെട്ടുകഴിഞ്ഞാൽ വീട്ടിലേക്ക് കൊണ്ടുപോകാനും ബന്ധുക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അവർ വിസമ്മതിക്കുകയും പിന്നീട് ആശുപത്രിയിൽ നിന്ന് മുങ്ങുകയും ചെയ്തുവെന്നും രോ​ഗി ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story