യുപി ജയിലിൽ പൊലീസുകാരന്റെ ഫോണിൽ നിന്ന് ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ച് തട്ടിപ്പ് കേസ് പ്രതി
വ്യാജ ഓൺലൈൻ വ്യാപാര പദ്ധതിയിലൂടെ ഏഴ് ലക്ഷത്തോളം നിക്ഷേപകരിൽ നിന്നും 3700 കോടി തട്ടിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയാണ് സന്ദേശമയച്ചത്.

ലഖ്നൗ: ഉത്തർപ്രദേശിൽ ജയിലിൽ നിന്നും ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ച് തടവുകാരൻ. 3700 കോടിയുടെ സൈബർ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരിൽ ജഡ്ജിക്ക് ഭീഷണി മെയിൽ അയച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വ്യാജ ഓൺലൈൻ വ്യാപാര പദ്ധതിയിലൂടെ ഏഴ് ലക്ഷത്തോളം നിക്ഷേപകരിൽ നിന്നും 3700 കോടി തട്ടിയ കേസിൽ നിലവിൽ ലഖ്നൗ ജയിലിൽ കഴിയുന്ന അനുഭവ് മിത്തൽ ആണ് മറ്റൊരു തടവുകാരനെ കുടുക്കാൻ വ്യാജ പേരിൽ ഇ-മെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു.
നിങ്ങൾ കൊല്ലപ്പെടാൻ പോവുകയാണ് എന്നായിരുന്നു ലഖ്നൗ ബെഞ്ചിലെ ജഡ്ജിക്കയച്ച ഭീഷണി സന്ദേശം. സൈബർ സെല്ലും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ കോൺസ്റ്റബിൾ അജയ് കുമാറിന്റെ ഫോണിൽ നിന്നാണ് ഇയാൾ ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തി.
ഭീഷണിയുമായി ബന്ധപ്പെട്ട് അനുഭവ് മീത്തൽ, പൊലീസ് കോൺസ്റ്റബിൾ അജയ് കുമാർ എന്നിവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും നവംബർ നാലിന് കോടതിയിൽ നടന്ന വാദം കേൾക്കലിൽ പൊലീസ് കോൺസ്റ്റബിൾ മിത്തലിനൊപ്പം ഉണ്ടായിരുന്നതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്ന്, മിത്തൽ കേസിന്റെ വിശദാംശം പരിശോധിക്കാൻ ഫോൺ വാങ്ങുകയും താനറിയാതെ ഒരു പുതിയ ഇ-മെയിൽ ഐഡിയുണ്ടാക്കിയതായും കുമാർ പറഞ്ഞു. പിറ്റേന്ന് രാവിലെ ഭീഷണി സന്ദേശം അയയ്ക്കെപ്പെടുന്ന രീതിയിൽ ടൈമർ സജ്ജീകരിച്ചതായും പൊലീസ് കോൺസ്റ്റബിൾ പറഞ്ഞു.
2023 ഡിസംബർ മുതൽ ഒരു കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ആനന്ദേശ്വർ അഗ്രഹാരി എന്ന സഹതടവുകാരനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഇയാളെ കുടുക്കാനാണ് മിത്തൽ അയാളുടെ പേരിൽ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
2017ലാണ് മിത്തലിനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്യുന്നത്. 3700 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 374 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ആയുഷിയും പിതാവ് സുനിൽ മിത്തലും കേസിൽ പ്രതികളാണെന്നും ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

