Quantcast

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി: ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിഖിന് സാധ്യത

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്‌കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. നിലവിലെ മുഖ്യമന്ത്രി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-03-12 01:07:23.0

Published:

12 March 2022 1:06 AM GMT

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി: ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിഖിന് സാധ്യത
X

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവം. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിഖിനാണ് സാധ്യത കൂടുതൽ. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും ധർമേന്ദ്ര പ്രധാനുമാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. മന്ത്രിമാർ ഉത്തരാഖണ്ഡിലെത്തി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി.

21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണകൂടത്തിന് അധികാരത്തുടർച്ചയുണ്ടാവുന്നത്. 2017 ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എക്സിറ്റ് പോൾഫലങ്ങളെ ശരിവക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ പ്രകടനങ്ങൾ. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രത്തെയാണ് ബി.ജെ.പി തിരുത്തിയെഴുതിയത്.

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്‌കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി സമഗ്രാധിപത്യം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ തോൽവി ആ വിജയത്തിന്റെ മാറ്റ് കുറക്കുകയാണ്. വോട്ടിങ്ങ് തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ധാമി മുന്നിട്ട് നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ധാമി ഏറെ പിന്നിലായിരുന്നു. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയുടെ കീഴിലെ ഖത്തിമ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ധാമി ജനവിധി തേടിയത്. പുഷ്‌കർ സിംഗ് ധാമി മൂന്നാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം ഈ മണ്ഡലത്തിൽ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 2017ൽ 2709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2912ൽ 5394 വോട്ടുകൾക്കും ധാമി വിജയിച്ചു കയറിയിരുന്നു. എന്നാൽ ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ചുകയറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും തകർന്നടിഞ്ഞു.

മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത് 2017 ൽ ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. ഇത്തവണയും ഹരീഷ് റാവത്ത് തോൽവി സമ്മതിച്ചു. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോറ്റു. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. ആ ചരിത്രപരമ്പരയിലേക്ക് ഇപ്പോൾ പുഷ്‌കർ സിങ് ധാമിയുടെ പേര് കൂടി എഴുതിച്ചേർത്തിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർഥിമാർ ജയിച്ചുകയറാത്തത് മാത്രമല്ല, മുഖ്യമന്ത്രിമാർക്ക് അഞ്ചുകൊല്ലം തികച്ച് ഭരിക്കാനാവാത്തതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമായിട്ടൊള്ളൂവെങ്കിലും ഈ കാലയളവിൽ ഉത്തരാഖണ്ഡിൽ 10 മുഖ്യമന്ത്രിമാരാണ് ഭരിച്ചത്. കോൺഗ്രസിന്റെ എൻ.ഡി.തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 2017ലെ പോലെ തന്നെ 2007 ൽ രണ്ടു തവണ മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. 2017 ൽ ഭരണത്തിലേറിയ ബി.ജെ.പി മന്ത്രിസഭയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കർ സിങ് ധാമി. കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. ത്രിവേന്ദ്ര റാവത്താണ് ആദ്യം സ്ഥാനം നഷ്ടപ്പെട്ട മുഖ്യമന്ത്രി. പകരം വന്ന തിരത്ത് സിംഗ് റാവത്തിനും അധികകാലം മുഖ്യമന്ത്രി കസേരയിലിരിക്കാനായില്ല. കോവിഡുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്ന് 116 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെയും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ഇതിന് ശേഷമാണ് പുഷ്‌ക്കർ സിങ് ധാമി അധികാരത്തിലേറിയത്. പുഷ്‌കർ സിങ് ധാമിയുടെ തോൽവിയോടെ ഇനി ആരാകും ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകുക എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Uttarakhand Chief Minister: BJP state president Madan Kaushik is likely to selected

TAGS :

Next Story