Quantcast

'റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാന്‍': പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്‍റെ ഒരുഭാഗം തിരക്കിട്ട് ബുള്‍ഡോസര്‍ കൊണ്ടുതകര്‍ത്തത് തെളിവ് നശിപ്പിക്കാനാണെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-09-25 06:56:02.0

Published:

25 Sep 2022 6:52 AM GMT

റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാന്‍: പെണ്‍കുട്ടിയുടെ  മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം
X

ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിന്‍റെ മകന്‍ പ്രതിയായ റിസപ്ഷനിസ്റ്റിന്‍റെ കൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിതിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്‍റെ ഒരുഭാഗം ഇന്നലെ തിരക്കിട്ട് ബുള്‍ഡോസര്‍ കൊണ്ടുതകര്‍ത്തത് തെളിവ് നശിപ്പിക്കാനാണെന്നാണ് പരാതി. കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറാവാതെ പ്രതിഷേധിക്കുകയാണ് ബന്ധുക്കള്‍.

ലക്ഷ്മണ്‍ ജുലയ്ക്ക് സമീപമുള്ള വനാന്തര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കാണാതായി 6 ദിവസത്തിന് ശേഷമാണ് മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചത്. റിസോർട്ടിൽ വെച്ചാണ് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും ആ തെളിവുകൾ ഇല്ലാതാക്കാനാണ് റിസോർട്ടിന്‍റെ ഒരുഭാഗം പൊളിച്ചു കളഞ്ഞതെന്നും കുടുംബം ആരോപിച്ചു. അന്തിമ പോസ്റ്റ്മോർട്ടം ​റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശ്വാസനാളത്തില്‍ വെള്ളം കയറിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. തലയില്‍ ഉള്‍പ്പെടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും റിസോർട്ട് പൊളിച്ചു നീക്കിയതിനെ വിമര്‍ശിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ്. തെളിവുകൾ നശിപ്പിക്കുന്നതിനാണ് റിസോർട്ട് ധൃതിപിടിച്ച് പൊളിച്ചതെന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അന്വേഷണം മന്ദഗതിയില്‍ പോകാന്‍ കാരണം പ്രതിയുടെ ബി.ജെ.പി ബന്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

റിസോർട്ട് ഉടമ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്‍റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിസോർട്ടിലെത്തുന്ന ചില അതിഥികള്‍ക്ക് 'പ്രത്യേക സേവനം' നല്‍കാന്‍ പ്രതികള്‍ സമ്മര്‍ദം ചെലുത്തിയെന്ന് പെണ്‍കുട്ടി ഒരു സുഹൃത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനിന്നതോടെ പ്രതികള്‍ മര്‍ദിച്ച് കനാലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.

സെപ്തംബർ 18ന് ഉച്ചക്ക് മൂന്നിനാണ് പെണ്‍കുട്ടിയെ അവസാനമായി റിസോർട്ടിൽ കണ്ടത്. പ്രതികള്‍ മൂന്ന് പേരും പെണ്‍കുട്ടിയെ റിസോര്‍ട്ടിന് പുറത്തക്ക് കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയോടെ മൂന്ന് പേരും തിരിച്ചെത്തിയെങ്കിലും അവര്‍ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Summary- Family members of the 19 year old receptionist, whose murder has sparked protests in Uttarakhand, have raised questions on the government's action in the case and refused to cremate her body

TAGS :

Next Story