Quantcast

ജയിച്ചിട്ടും നേതൃത്വം ഒതുക്കി; അതൃപ്തി ഉള്ളിലൊതുക്കി ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ

ബി.ജെ.പി കേന്ദ്രനേതൃത്വവുമായുള്ള അകൽച്ചയാണ് മൂവർക്കും വിനയായത്

MediaOne Logo

Web Desk

  • Published:

    13 Dec 2023 1:27 AM GMT

Vasundhara Raje
X

വസുന്ധര രാജെ സിന്ധ്യ/ ശിവരാജ് സിങ് ചൗഹാൻ

ഡല്‍ഹി: തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും നേതൃത്വം ഒതുക്കിയതോടെ അതൃപ്തി ഉള്ളിലൊതുക്കി ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ. ശിവരാജ് സിങ് ചൗഹാൻ , വസുന്ധര രാജെ സിന്ധ്യ , രമൺ സിങ് എന്നിവർ മുഖ്യമന്ത്രി പദവി ആഗ്രഹിച്ചിരുന്നെങ്കിലും നേതൃത്വം പരിഗണിച്ചില്ല.ബി.ജെ.പി കേന്ദ്രനേതൃത്വവുമായുള്ള അകൽച്ചയാണ് മൂവർക്കും വിനയായത് .

രാജസ്ഥാനിൽ മുഖ്യമന്ത്രി യാകുന്ന ഭജൻ ലാൽ ശർമ്മ കന്നി എം എൽ എയാണ് . 40 എം.എൽ.എമാരുടെ പിന്തുണയുമായി ദേശീയ നേതൃത്വവുമായി വിലപേശാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഒടുവിൽ കീഴടങ്ങുകയായിരുന്നു . വസുന്ധരയെ കൊണ്ട് തന്നെ ഭജൻ ലാലിന്‍റെ പേര് നിർദേശിപ്പിച്ചതോടെ എതിർപ്പില്ലെന്ന പ്രതീതി വരുത്തിക്കാനും നേതൃത്വത്തിനായി . വസുന്ധരയെ ഒഴിവാക്കിയാൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് ,പാർലമെന്‍റ് അംഗമായിരിക്കെ നിയമസഭയിലേക്ക് വിജയിച്ച രാജ്യവർധൻ സിങ് റാത്തോഡ് ,ബാലക് നാഥ് തുടങ്ങിയവരും നിരാശരായി. തുടര്ഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിയ്ക്ക് വീണ്ടും അവസരം നൽകുന്ന പതിവ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന് മുന്നിൽ തെറ്റിച്ചു . കേന്ദ്ര ക്യാബിനറ്റ് പദവി ഒഴിവാക്കി നിയമസഭയിലേക്ക് മത്സരിച്ച മുൻ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന് സ്പീക്കർ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .

മോഹൻ യാദവ് എന്ന പിന്നോക്ക വിഭാഗത്തിലെ നേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിയതോടെ ഒബിസി വിഭാഗത്തിലെ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്‍റെ പ്രതീക്ഷ അസ്തമിച്ചു . ഒന്നര പതിറ്റാണ്ട് മുഖ്യമന്ത്രിയായ രമൺ സിംഗിനെ തഴഞ്ഞാണ് ആദിവാസി വിഭാഗത്തിൽ നിന്നും വിഷ്ണു ദേവ് സായിയെ ദേശീയ നേതൃത്വം കണ്ടെത്തിയത് . മൂന്ന് മുഖ്യമന്ത്രിമാരിൽ ഒരാൾ വനിത ആകുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രമന്ത്രി രേണുകാ സിങ് . ഇങ്ങനെ നിരവധി പ്രതീക്ഷകളാണ് ദേശീയ നേതൃത്വത്തിന്‍റെ വാളിൽ അരിഞ്ഞു വീഴ്ത്തപ്പെട്ടത്. ബ്രാഹ്മണ -ഒബിസി -ആദിവാസി വിഭാഗങ്ങൾക്ക് അവസരം നൽകിയെന്ന വാദമാണ് ഇവരെ ആശ്വസിപ്പിക്കാൻ ഹൈക്കമാൻഡ് ഉപയോഗിക്കുന്നത്

TAGS :

Next Story