Quantcast

ഇന്ത്യൻ സംഗീതമുള്ള വാഹന ഹോൺ നിർബന്ധമാക്കുന്ന നിയമം ഉടൻ: ഗതാഗത മന്ത്രി

ഫ്‌ളൂട്ട്, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറൺ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-05 10:36:51.0

Published:

5 Oct 2021 10:21 AM GMT

ഇന്ത്യൻ സംഗീതമുള്ള വാഹന ഹോൺ നിർബന്ധമാക്കുന്ന നിയമം ഉടൻ: ഗതാഗത മന്ത്രി
X

ആംബുലൻസിന് ആകാശവാണി പുലർകാലങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ട്യൂൺ, പൊലീസ് വാഹനത്തിനും ഇന്ത്യൻ സംഗീത ഉപകരണ ശബ്ദം. വാഹനങ്ങളുടെ ബോറടിപ്പിക്കുന്ന സൈറൺ മാറ്റി കാതുകൾക്ക് ഇമ്പം നൽകുന്ന ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്ദത്തിലുള്ള ഹോൺ രാജ്യത്ത് നിർബന്ധമാക്കുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫ്‌ളൂട്ട്, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറൺ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും ഒരു ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

ആബുംലൻസിന്റെയും പൊലീസിന്റെയും വാഹനങ്ങളിൽ നിലവിലെ സൈറണുകൾക്ക് പകരം ആകാശവാണിയിലെ ട്യൂൺ കൊണ്ടുവരുന്നതിനെ കുറിച്ചും പഠിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുലർകാലങ്ങളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ട്യൂൺ ഏറെ ഹൃദ്യമാണെന്നും അവ ആംബുലൻസുകളിൽ ഉപയോഗിക്കുന്നത് ജനങ്ങൾക്ക് സുഖകരമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരടക്കം പോകുമ്പോൾ ഉച്ചത്തിൽ കേൾക്കുന്ന സൈറണുകൾ ഏറെ അരോചകമാണെന്നും കാതുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും മന്ത്രി തുറന്നുപറഞ്ഞു.

രാജ്യത്തെ അപകട നിരക്ക്

മുംബൈ-പൂനെ ഹൈവേയിൽ അപകട നിരക്ക് 50 ശതമാനം കുറഞ്ഞതായും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. തമിഴ്‌നാടും 50 ശതമാനം അപകട നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ മഹാരഷ്ട്രയിലാണ് ഏറ്റവും കൂടുതൽ അപകട നിരക്കെന്നും സംസ്ഥാനത്തിന് നിരക്ക് കുറക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story