Quantcast

'സാമ്പത്തിക ബഹിഷ്‌ക്കരണാഹ്വാനം'; വിദ്വേഷ പ്രസംഗം നടന്ന വിരാട് ഹിന്ദു സഭ സംഘാടകർക്കെതിരെ കേസ്

ഡൽഹിയിൽ രാംലീല മൈതാനത്ത് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വിരാട് ഹിന്ദു സഭയിലായിരുന്നു ബി.ജെ.പി എം.പി പർവേഷ് വർമയുടെ വിദ്വേഷ പ്രസംഗം

MediaOne Logo

Web Desk

  • Published:

    10 Oct 2022 3:10 PM GMT

സാമ്പത്തിക ബഹിഷ്‌ക്കരണാഹ്വാനം; വിദ്വേഷ പ്രസംഗം നടന്ന വിരാട് ഹിന്ദു സഭ സംഘാടകർക്കെതിരെ കേസ്
X

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് സാമ്പത്തിക ബഹിഷ്‌ക്കരണത്തിന് ആഹ്വാനമുണ്ടായ ഡൽഹിയിലെ വിരാട് ഹിന്ദു സഭയ്‌ക്കെതിരെ കേസെടുത്തു. വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പരിപാടി നടന്നത്. പരിപാടിയിൽ ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിങ് വർമ നടത്തിയ പ്രസംഗം വിവാദമായതോടെയാണ് പൊലീസ് നടപടി.

പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. സത്യസുന്ദരം അറിയിച്ചു. അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കേസ്. ഐ.പി.സി 188 വകുപ്പാണ് സംഘാടകർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസ് പരിഹാസ്യമാണെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ പ്രതികരിച്ചു. ദിൽഷാദ് ഗാർഡനിൽ നടന്ന പരിപാടിക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നു. ആയിരക്കണക്കിനു പേർ പങ്കെടുത്ത പരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ലെന്ന പൊലീസ് വാദം ചിരിപ്പിക്കുന്നതാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ദിൽഷാദ് ഗാർഡനിലെ രാംലീല മൈതാനത്ത് പരിപാടി വച്ചതെന്നും അദ്ദേഹം അറിയിച്ചു.

സമുദായത്തിന്റെ പേര് വ്യക്തമാക്കാതെയായിരുന്നു പർവേഷ് വർമ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയത്. ''നിങ്ങൾ അവരെ എവിടെ കണ്ടാലും, നിങ്ങൾക്ക് അവരുടെ തല നേരെയാക്കണമെങ്കിൽ, ഒരേയൊരു പ്രതിവിധി മാത്രമേയുള്ളൂ. അത് സമ്പൂർണ ബഹിഷ്‌കരണമാണ്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? എങ്കിൽ കൈ ഉയർത്തുക. എന്നിട്ട് എന്റെ കൂടെ പറയൂ.. ഞങ്ങൾ അവരെ പൂർണ്ണമായും ബഹിഷ്‌കരിക്കും, അവരുടെ കടകളിൽനിന്ന് ഞങ്ങൾ സാധനങ്ങളൊന്നും വാങ്ങില്ല. ഞങ്ങൾ അവർക്ക് ജോലി കൊടുക്കില്ല''-പ്രസംഗത്തിൽ വർമ പറഞ്ഞു.

പ്രസംഗം വിവാദമായതോടെ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും താൻ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു വർമയുടെ മറുപടി. പ്രസംഗത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ബി.ജെ.പി മുസ്ലിംകൾക്കെതിരെ യുദ്ധം തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിഷയത്തിൽ പ്രതികരിക്കാത്തതിനെയും ഉവൈസി വിമർശിച്ചു. ഒരു ഭരണപക്ഷ എം.പിക്ക് തന്നെ രാജ്യതലസ്ഥാനത്ത് ഇത് ചെയ്യാമെങ്കിൽ ഭരണഘടനക്ക് എന്ത് വിലയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

Summary: FIR against organisers of VHP's Delhi rally that sparked hate speech row

TAGS :

Next Story