Quantcast

പ്രൊപഗാണ്ട സിനിമകളുടെ സംവിധായകൻ; വിവേക് അഗ്നിഹോത്രിയുടെ ബംഗാൾ ഫയൽസ് ലക്ഷ്യം വയ്ക്കുന്നതെന്ത്?

ഏറെ ചര്‍ച്ചയായ കശ്മീര്‍ ഫയൽസിന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ബംഗാള്‍ ഫയല്‍സ്

MediaOne Logo

Web Desk

  • Published:

    23 Aug 2025 5:27 PM IST

പ്രൊപഗാണ്ട സിനിമകളുടെ സംവിധായകൻ; വിവേക് അഗ്നിഹോത്രിയുടെ ബംഗാൾ ഫയൽസ് ലക്ഷ്യം വയ്ക്കുന്നതെന്ത്?
X

മുംബൈ: വിവാദ സൃഷ്ടികളിലൂടെ ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഏറെ ചര്‍ച്ചയായ കശ്മീര്‍ ഫയൽസിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ബംഗാള്‍ ഫയല്‍സ്' . സെപ്തംബര്‍ 5നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തിയറ്ററുകളിലെത്തും മുൻപെ വിവാദങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ് ബംഗാൾ ഫയൽസ്. കൊല്‍ക്കത്തയില്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞത് ചര്‍ച്ചയായിരുന്നു. പശ്ചിമബംഗാളില്‍ തന്‍റെ ചിത്രത്തിന്‍റെ റിലീസ് തടസ്സപ്പെടുത്തിയാൽ നിയമവഴി തേടുമെന്നാണ് അഗ്നിഹോത്രി വ്യക്തമാക്കിയിരിക്കുന്നത്.

ആരാണ് വിവേക് അഗ്നിഹോത്രി?

മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ വിവേക് രഞ്ജൻ അഗ്നിഹോത്രി ഒഗിൽവി , മക്കാൻ എന്നീ പരസ്യ ഏജൻസികളിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. സീരിയലുകളും ഷോര്‍ട് ഫിലിമുകളും ഒരുക്കിക്കൊണ്ടായിരുന്നു സംവിധായകന്‍റെ കുപ്പായമണിയുന്നത്. 2005ൽ 'ദി യൂഷ്വൽ സസ്‌പെക്ട്സ്'എന്ന ഹോളിവുഡ് ചിത്രത്തെ അടിസ്ഥാനമാക്കി എടുത്ത 'ചോക്ലേറ്റ്' ആയിരുന്നു വിവേകിന്‍റെ ആദ്യ സിനിമ. ആദ്യചിത്രം ബോക്സോഫീസിൽ മൂക്കുംകുത്തി വീണു. 2018ൽ നടി തനുശ്രീ ദത്ത അഗ്നിഹോത്രിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവേക് അഗ്നിഹോത്രി എന്ന പേര് മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത്.

ചോക്ലേറ്റിന്റെ ഷൂട്ടിങിനിടെയിൽ അഗ്നിഹോത്രി തന്നോട് വസ്ത്രങ്ങൾ അഴിച്ചു മാറ്റി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഇതോടൊപ്പം തനുശ്രീ തന്നെ നടൻ നാനാ പാടെക്കറിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണവും ചേർന്നതാണ് ഇന്ത്യയിലെ മീടു ക്യാമ്പയിന് തുടക്കമാകുന്നത്.

സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ചിത്രമായ ഹേറ്റ് സ്റ്റോറിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇടത്തരം കളക്ഷൻ നേടി. ഭാര്യ പല്ലവി ജോഷി അഭിനയിച്ച ബുദ്ധ ഇൻ എ ട്രാഫിക് ജാം, 2016 ലെ ജുനൂനിയത്ത് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ബുദ്ധ ഇൻ എ ട്രാഫിക് ജാം മുംബൈ രാജ്യാന്തര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യപ്പെട്ടിരുന്നു. 2014ൽ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ 'സിഡ്' മോശം അഭിപ്രായമാണ് ലഭിച്ചതെങ്കിലും ബോക്സോഫീസിൽ ശരാശരി വിജയം നേടി.

2019ൽ പുറത്തിറങ്ങിയ 'ദി താഷ്കന്‍റ് ഫയൽസ്' ആണ് അഗ്നിഹോത്രിയുടെ തലവര മാറ്റിയത്. ചിത്രം ഒരു സ്ലീപ്പർ ബോക്സ് ഓഫീസ് ഹിറ്റായി മാറുകയും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും ചെയ്തു. നസീറുദീൻ ഷാ, മിഥുൻ ചക്രവർത്തി, ശ്വേതാ ബസു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹിന്ദുത്വ പ്രൊപഗാണ്ടയുടെ കശ്മീര്‍ ഫയൽസ്

വിവേക് ​​അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് കശ്മീര്‍ ഫയൽസ്. 90കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽ പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെട്ടത്. എന്നാൽ, ബിജെപി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമർശനമുയർന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളെല്ലാം സിനിമയെ വലിയ തോതില്‍ പ്രകീര്‍ത്തിച്ചിരുന്നു. ഇതിനിടയിലും ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണ നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് സിംഗപ്പൂരിൽ പ്രദര്‍ശനാനുമതി നിഷേധിച്ചതും ചര്‍ച്ചയായിരുന്നു. മുസ്‍ലിംകളെ ഏകപക്ഷീയമായ രീതിയിൽ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതിനിടയിൽ ചിത്രത്തിന്‍റെ രണ്ടാ്ം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കശ്മീര്‍ ഫയൽസിനെ ഉൾപ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാനും ഇസ്രായേലി സംവിധായകനുമായ നാദവ് ലാപിഡ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള അശ്ലീല സിനിമയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.

മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം

2022ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു കശ്മീര്‍ ഫയൽസ്.സംഘ്പരിവാർ പ്രൊപഗാണ്ടയുമായി എത്തിയ ഈ സിനിമക്കായിരുന്നു ആ വര്‍ഷത്തെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ചിത്രത്തിലെ അഭിനയത്തിന് പല്ലവി ജോഷിയും നേടിയിരുന്നു. കശ്മീരിലെ ഭീകരതയുടെ ഇരകളുടെ ശബ്ദമാണ് സിനിമയെന്നും ഈ പുരസ്‌കാരം തീവ്രവാദത്തിന്‍റെ ഇരകൾക്ക്, പ്രത്യേകിച്ച് കശ്മീരി ഹിന്ദുക്കൾക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു അഗ്നിഹോത്രിയുടെ പ്രതികരണം.

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2022ലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തതും കശ്മീര്‍ ഫയൽസിനെയായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദി കശ്മീര്‍ ഫയല്‍സിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രം വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും വിദ്വേഷം പരത്തുകയാണെന്നും പലായനം ചെയ്ത പണ്ഡിറ്റുകളുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ദി ബംഗാൾ ഫയൽസ്-പ്രൊപഗാണ്ട ഫാക്ടറിയിൽ നിന്നും മറ്റൊരു ചിത്രം

1946-ലെ കൊല്‍ക്കത്ത കലാപത്തെ ആസ്പദമാക്കി വിവേക് ഒരുക്കിയ ചിത്രമാണ് ബംഗാൾ ഫയൽസ്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന സമയത്ത് തന്നെ ചിത്രം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. താന്‍ പ്രഖ്യാപനത്തിന് ശേഷം ഭീഷണി നേരിട്ടെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.

കശ്മീര്‍ ഫയൽസ് പോലെ മറ്റൊരു പ്രൊപഗാണ്ട ചിത്രമാണ് ബംഗാൾ ഫയൽസുമെന്നാണ് ട്രെയിലര്‍ തെളിയിക്കുന്നത്. മഹാത്മാ ഗാന്ധി, ജിന്ന എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രത്തില്‍ ബംഗാള്‍ പാകിസ്താന്‍റെ ഭാഗമാക്കാന്‍ മുസ്‌ലിംകൾ ശ്രമിക്കുന്നു എന്ന നരേറ്റീവും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മുസ്‍ലിം വിരുദ്ധതയും ആവോളം കുത്തിനിറച്ചിട്ടുണ്ട്. ബംഗാളിലെ മുസ്‌ലിംകളിൽ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും അവരുടെ ലക്ഷ്യം ഇന്ത്യയെ വീണ്ടും വിഭജിക്കുകയാണെന്നുമുള്ള ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവേക് ഇത്തരമൊരു പ്രൊപ്പഗണ്ട സിനിമയുമായി എത്തിയിരിക്കുന്നത്.

നേരത്തെ, ചിത്രത്തിനെതിരേ ഗോപാല്‍ ചന്ദ്ര മുഖര്‍ജിയുടെ ചെറുമകൻ ശന്തനു മുഖര്‍ജി രംഗത്തെത്തിയിരുന്നു. ശന്തനുവിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയും ചെയ്തു. തന്‍റെ മുത്തച്ഛനെ ചിത്രത്തില്‍ ഇറച്ചിവെട്ടുകാരനായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ശന്തനുവിന്‍റെ ആരോപണം.

അതേസമയം, ഗോപാല്‍ മുഖര്‍ജി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂവെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ചിത്രത്തിലെ ഗോപാല്‍ മുഖര്‍ജി പ്രചോദനം ഉള്‍ക്കൊണ്ടുചെയ്ത കഥാപാത്രമാണ്. കഥയുടെ കേന്ദ്രബിന്ദുവല്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞിരുന്നു.

അതിനിടെ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കൊല്‍ക്കത്ത പൊലീസ് നിര്‍ത്തിവെപ്പിച്ചെന്ന് അഗ്നിഹോത്രി ആരോപിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വെച്ച് വൈകിട്ടായിരുന്നു ട്രെയിലര്‍ ലോഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടി നടത്താന്‍ പൊലീസ് അനുവദിച്ചില്ലെന്നായിരുന്നു ആരോപണം. ട്രെയിലര്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് വിവേക് പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കൊല്‍ക്കത്ത പൊലീസ് ആരോപിക്കുന്നു.അനുമതിയില്ലാതെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് 1954 ലെ പശ്ചിമ ബംഗാള്‍ സിനിമാ (റെഗുലേഷന്‍) നിയമത്തിലെ സെക്ഷന്‍ 3 ന്റെ ലംഘനമാണെന്ന് കൊല്‍ക്കത്ത പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

വിവേക് അഗ്‌നിഹോത്രിയുടെ ആരോപണങ്ങള്‍ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് രംഗത്തെത്തിയിരുന്നു. വിവേക് അഗ്‌നിഹോത്രിക്ക് ധൈര്യമുണ്ടെങ്കില്‍ ആദ്യം ഗുജറാത്ത് ഫയല്‍സും ഗോധ്ര ഫയല്‍സും അല്ലെങ്കില്‍ മണിപ്പൂര്‍ ഫയല്‍സും നിര്‍മ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലേക്ക് പോയി ഉന്നാവോ, ഹത്രാസ്, പ്രയാഗ്രാജ് എന്നിവയെക്കുറിച്ച് യുപി ഫയല്‍സ് നിര്‍മ്മിക്കുക. അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണയുണ്ടെന്നുമാണ് കുനാൽ ഘോഷ് പറഞ്ഞത്.


TAGS :

Next Story