Quantcast

റിപബ്ലിക് ടിവിയിലെ എല്ലാ തീരുമാനങ്ങളും താൻ അറിയാറില്ലെന്ന് അർണബ് ഗോസ്വാമി

ടിആർപി തട്ടിപ്പുകേസിൽ അർണബിനെയടക്കം പ്രതിചേർത്ത് കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    24 Jun 2021 9:00 AM GMT

റിപബ്ലിക് ടിവിയിലെ എല്ലാ തീരുമാനങ്ങളും താൻ അറിയാറില്ലെന്ന് അർണബ് ഗോസ്വാമി
X

റിപബ്ലിക് ടിവിയിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. സ്ഥാപനത്തിൽ ആയിരക്കണക്കിന് ജീവനക്കാരുണ്ടെന്നും കേസിൽ അന്വേഷിക്കുന്ന കാര്യങ്ങൾ തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അർണബ് പറഞ്ഞു. ടിആർപി തട്ടിപ്പ് കേസിൽ പൊലീസിന്റെ 68 ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാനൽ റേറ്റിങ് കൂട്ടാൻ നടത്തിയ ടിആർപി തട്ടിപ്പുകേസിൽ അർണബിനെയടക്കം പ്രതിചേർത്ത് കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കൃത്രിമമായി ചാനൽ റേറ്റിങ് പെരുപ്പിച്ചുകാട്ടാൻ നടത്തിയ ടെലിവിഷൻ റേറ്റിങ് പോയിന്റ്‌സ്(ടിആർപി) തട്ടിപ്പുകേസിൽ അർണബിനു പുറമെ റിപബ്ലിക് ഉടമകളായ എആർജി ഔട്ട്‌ലയർ മീഡിയയുടെ ഭാഗമായ പ്രിയ മുഖർജി, ശിവേന്ദു മുലേക്കർ, ശിവ സുന്ദരം, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) സിഇഒ പാർത്ഥോ ദാസ്ഗുപ്ത, റിപബ്ലിക് ടിവി സിഇഒ വികാസ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ഇവർക്കെതിരെ 1,912 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

റിപബ്ലിക് മീഡിയയിൽ 1,100ലേറെ ജീവനക്കാരുണ്ടെന്നും മറ്റു വകുപ്പുകളെടുക്കുന്ന തീരുമാനങ്ങൾ താൻ അറിയാറില്ലെന്നുമാണ് ചോദ്യങ്ങൾക്ക് മറുപടിയായി ഗോസ്വാമി വ്യക്തമാക്കിയത്. ആരോപിക്കപ്പെടുന്ന വിഷയങ്ങൾ കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്നും ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അർണബ് പറഞ്ഞു. എന്നാൽ, ടിആർപി കൃത്രിമം നടന്നതും ഇതിനായി നിയമവിരുദ്ധമായി പണം നൽകിയതുമെല്ലാം അർണബിന്റെ അംഗീകാരത്തോടെയാണെന്നാണ് പൊലീസ് പറയുന്നത്. എആർജി മീഡിയ കമ്പനിയുടെ മാനേജിങ് ഡയരക്ടറായതിനാൽ അർണബ് അറിയാതെ ഇക്കാര്യം നടക്കില്ലെന്നും പൊലീസ് പറയുന്നു.

ടിആർപി കൂട്ടാനുള്ള നടപടിയുടെ ഭാഗമായി കേബിൾ സേവന വിതരണക്കാർക്കും ഹോം ഓപറേറ്റർമാർക്കും പണം നൽകിയതിലും തനിക്ക് പങ്കില്ലെന്ന് അർണബ് വ്യക്തമാക്കി. ഇതൊന്നും തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും എഡിറ്റോറിയൽ കാര്യങ്ങൾ മാത്രമാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും അർണബ് കൂട്ടിച്ചേർത്തു. സ്‌കൂൾ, കോളേജ് ഗ്രൂപ്പുകൾ അടക്കം പലതിലും താനുണ്ടെങ്കിലും ഇതിലൊന്നും സജീവമല്ലെന്നും റിപബ്ലികിന്റെ ടിവി റേറ്റിങ്ങുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അർണബ് പ്രതികരിച്ചു. തുടക്കം മുതൽ തന്നെ ഉയർന്ന ടിആർപി റേറ്റിങ് ലഭിച്ചത് മികച്ച എഡിറ്റോറിയൽ ഉള്ളടക്കം കാരണമാണെന്നും ന്യായീകരിച്ചു.

TAGS :

Next Story