'ഹോളി നിറങ്ങൾ ബുദ്ധിമുട്ടെങ്കിൽ വീട്ടിലിരിക്കൂ, അല്ലെങ്കിൽ ടാർപോളിൻ ഹിജാബ് ധരിച്ച് നടക്കൂ': വിചിത്ര വാദവുമായി യുപി മന്ത്രി
അലിഗഢ് മുസ്‌ലിം സർവകലാശാലാ പരിസരത്ത് ഒരു ക്ഷേത്രം നിർമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലഖ്നൗ: ഹോളി ദിനത്തിൽ നിറങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ തന്നെ ഇരിക്കണമെന്നും അല്ലെങ്കിൽ ഹിജാബ് പോലെ ടാർപോളിൻ കൊണ്ട് തലമൂടി നടക്കൂ എന്നും ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്. അലിഗഢിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവയായിരുന്നു യുപി തൊഴിൽ മന്ത്രിയുടെ വിവാദ പ്രസ്താവന.
'ഹോളി സമയത്ത് നിറങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഒരു ടാർപോളിൻ കൊണ്ട് സ്വയം മൂടണം, മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നതുപോലെ. പുരുഷന്മാരും അവരുടെ തൊപ്പികളും വസ്ത്രങ്ങളും സംരക്ഷിക്കാൻ ഇതുപോലെ ചെയ്യണം. ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർ വീട്ടിൽ തന്നെ ഇരുന്നോളൂ'- സിങ് വിശദമാക്കി.
ഹോളി ആഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കു മുന്നിൽ മൂന്നു വഴികളേയുള്ളൂവെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 'അവർ ഒന്നുകിൽ ജയിലിൽ പോവാൻ തയാറാവണം, അല്ലെങ്കിൽ സംസ്ഥാനം വിടുകയോ യമരാജനെ കാണാൻ ഒരുങ്ങുകയോ ചെയ്യാം'- മന്ത്രി പറഞ്ഞു. എന്ത് വില കൊടുത്തും ഹോളി ആഘോഷിക്കുമെന്നും അത് വിശ്വാസത്തിന്റെ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
'ഹോളി ആഘോഷിക്കുക തന്നെ ചെയ്യും. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ, അവർ ശരീരമാകെ മൂടുന്ന ടാർപോളിൻ കൊണ്ടുള്ള ഹിജാബ് ധരിക്കണം. ഞങ്ങൾക്ക് നിറങ്ങൾ വിതറുന്നത് 20- 25 മീറ്ററായി പരിമിതപ്പെടുത്താൻ കഴിയില്ല'- ഹോളി നിറങ്ങൾ പലർക്കും ബുദ്ധിമുട്ടാകുന്നെന്ന ആരോപണങ്ങൾ തള്ളി മന്ത്രി അഭിപ്രായപ്പെട്ടു.
അലിഗഢ് മുസ്‌ലിം സർവകലാശാലാ പരിസരത്ത് ഒരു ക്ഷേത്രം നിർമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എഎംയുവിന് അകത്ത് നിലവിൽ ഒരു പള്ളിയുണ്ട്. അതിനാൽ ഒരു ക്ഷേത്രം കൂടി നിർമിക്കണം. അങ്ങനെ സംഭവിച്ചാൽ, സ്വത്ത് വിറ്റ് ആദ്യം സംഭാവന നൽകുന്നത് ഞാനായിരിക്കും. അബൂദബിയിൽ ഒരു ക്ഷേത്രം പണിയാനാവുമെങ്കിൽ, എന്തുകൊണ്ട് എഎംയുവിൽ ആയിക്കൂടാ? ഈ സർവകലാശാല പാകിസ്താനിലല്ല, ഹിന്ദുസ്ഥാനിലാണ്. ഭൂരിപക്ഷ സമൂഹത്തെ സ്ഥാപനം ബഹുമാനിക്കണം. അവരുടെ ശമ്പളം നമ്മുടെ നികുതി പണത്തിൽ നിന്നാണ്- മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നമസ്കാരത്തിന് പോകുമ്പോൾ ദേഹത്ത് നിറങ്ങൾ വീഴുന്നത് മുസ്‌ലിം സഹോദരങ്ങൾക്ക് ബുദ്ധിമുട്ടാവുമെങ്കിൽ തെരുവുകളിലെ ഹോളി ആഘോഷങ്ങൾ ശമിക്കുന്നതു വരെ വീടിനുള്ളിൽ തന്നെ കഴിയണമെന്ന സംഭൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനുജ് ചൗധരിയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ പ്രതിപക്ഷവും മുസ്‌ലിം മതനേതാക്കളും രംഗത്തെത്തുകയും ചെയ്തിരുന്നു.
പിന്നാലെ, ഡിഎസ്പിയുടെ പ്രസ്താവനയെ പിന്താങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. "എല്ലാ വെള്ളിയാഴ്ചയും നമസ്കാരം നടക്കാറുണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ ഉള്ളൂ. നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർഥന കൃത്യസമയത്ത് നടത്തണം എന്നുള്ളവർക്ക് വീട്ടിലിരുന്ന് അത് ചെയ്യാം. നമസ്കാരത്തിനായി പള്ളിയിൽ പോകണമെന്ന് നിർബന്ധമില്ല"- എന്നായിരുന്നു ആദിത്യനാഥിന്റെ വാദം.
നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള മന്ത്രിയാണ് രഘുരാജ് സിങ്. മദ്രസകൾ തീവ്രവാദികളുടെ ഒളിത്താവളങ്ങളാണെന്നും അവിടെയാണ് അവർക്ക് പരിശീലനം നൽകുന്നതെന്നുമായിരുന്നു രഘുരാജ് സിങ് പറഞ്ഞത്. അവസരം ലഭിച്ചാൽ രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ചുപൂട്ടുമെന്നും കാരണം മദ്രസയിൽ നിന്ന് പുറത്തുവരുന്നവർ തീവ്രവാദികളായി മാറുകയാണെന്നും സിങ് അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16