Quantcast

ഞങ്ങള്‍ ഹിന്ദുക്കളല്ല; സര്‍ന മതത്തെ അംഗീകരിക്കണമെന്ന ആവശ്യവുമായി 5 സംസ്ഥാനങ്ങളിലെ ആദിവാസികള്‍

അസം, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    1 July 2022 5:15 AM GMT

ഞങ്ങള്‍ ഹിന്ദുക്കളല്ല; സര്‍ന മതത്തെ അംഗീകരിക്കണമെന്ന ആവശ്യവുമായി 5 സംസ്ഥാനങ്ങളിലെ ആദിവാസികള്‍
X

ഡല്‍ഹി: തങ്ങളുടെ മതത്തെ 'സര്‍ന' ആയി അംഗീകരിക്കണമെന്നും വരാനിരിക്കുന്ന സെൻസസ് സമയത്ത് ഈ വിഭാഗത്തിന് കീഴിലുള്ളവരുടെ കണക്കെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വ്യാഴാഴ്ച ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തി. അസം, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

'സര്‍ന ധർമ കോഡിന്' സർക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതിനായി തങ്ങളുടെ സമരം ശക്തമാക്കുമെന്ന് സമരക്കാർ പ്രതിജ്ഞയെടുക്കുകയും ദൈവങ്ങളുടെയും പൂര്‍വികരുടെയും അനുഗ്രഹം തേടി ജന്തർമന്തറിൽ കൂട്ട പ്രാർത്ഥന നടത്തുകയും ചെയ്തു. 1855 ജൂൺ 30ന് ബ്രിട്ടീഷുകാർക്കെതിരായ സാന്താള്‍ കലാപം ആരംഭിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രകടനം നടത്തിയത്. സന്താൾ ഗോത്രത്തിൽപ്പെട്ട അംഗങ്ങളും ആദിവാസി സെൻഗൽ അഭിയാന്‍റെ നേതൃത്വത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു.

"ഞങ്ങളുടെ മതത്തെ 'സർന' ആയി സർക്കാർ അംഗീകരിക്കണമെന്നും ഈ വിഭാഗത്തിന് കീഴിലുള്ള ആദിവാസികളുടെ കണക്കെടുപ്പിനായി വരാനിരിക്കുന്ന സെൻസസിൽ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടാൻ ഞങ്ങൾ ഇവിടെ തന്നെയുണ്ട്'' ജാർഖണ്ഡിലെ പ്രമുഖ ആദിവാസി നേതാവ് സൽഖാൻ മുർമു പി.ടി.ഐയോട് പറഞ്ഞു. ''ഞങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും ഞങ്ങളുടെ മതത്തെ അംഗീകരിക്കാനുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ആഗ്രഹിച്ചെങ്കിലും ഒരു അപ്പോയിന്‍റ്മെന്‍റ് കിട്ടിയില്ല. അതിനാൽ, പൊലീസ് മുഖേന രാഷ്ട്രപതിക്ക് ഞങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു'' മുര്‍മു കൂട്ടിച്ചേര്‍ത്തു.

1998 മുതൽ 2004 വരെ തുടർച്ചയായി രണ്ട് തവണ ഒഡിഷയിലെ മയൂർഭഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു മുർമു. രാജ്യത്തെ ആദിവാസികൾക്ക് അവരുടെതായ മതവും മതപരമായ ആചാരങ്ങളും ഉണ്ടെങ്കിലും ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങൾ ആദിവാസികൾ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. മറ്റു മതത്തിൽ നിന്നും വ്യത്യസ്‌തമായി തനതായ ജീവിതരീതിയും മതപരമായ ആചാരങ്ങളും സംസ്‌കാരവും മതചിന്തകളും ഞങ്ങള്‍ക്കുണ്ട്. വിഗ്രഹങ്ങളെയല്ല പ്രകൃതിയെയാണ് ഞങ്ങള്‍ ആരാധിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ വര്‍ണ സമ്പ്രദായമോ ഏതെങ്കിലും തരത്തിലുള്ള അസമത്വമോ ഇല്ല'' മുര്‍മു പറഞ്ഞു. ഗോത്രവർഗക്കാരുടെ മതത്തിന് സർക്കാർ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ, പട്ടികവർഗ സമുദായങ്ങളിലെ അംഗങ്ങൾ തെറ്റിദ്ധരിച്ച് മറ്റ് മതങ്ങളെ സ്വീകരിക്കാൻ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

12 കോടിയിലധികം ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന രാജ്യമാണ് ഇന്ത്യ.അവരെ പട്ടികവർഗക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ അവരുടെ മതം അംഗീകരിക്കപ്പെട്ടിട്ടില്ല. സന്താലി ഭാഷയിൽ ആരാധനാലയം എന്നർഥം വരുന്നതിനാൽ രാജ്യത്തെ എല്ലാ ആദിവാസികളുടെയും മതത്തിന്‍റെ പൊതുവായ പേരായി സർനയെ അംഗീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം ആളുകൾ എത്തിയിരുന്നെങ്കിലും ചില കോടതി ഉത്തരവുകളും കോവിഡ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചതിനാൽ എല്ലാവർക്കും പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story