Quantcast

അസന്‍സോള്‍ ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു; ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും തൃണമൂല്‍

അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയാണ് വിജയിച്ചത്. ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ ബാബുല്‍ സുപ്രിയോ വിജയിച്ചു.

MediaOne Logo

Web Desk

  • Published:

    16 April 2022 10:35 AM GMT

അസന്‍സോള്‍ ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു; ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും തൃണമൂല്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹയാണ് വിജയിച്ചത്. ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാബുല്‍ സുപ്രിയോ വിജയിച്ചു. ഇരുവരും ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയവരാണ്.

തൃണമൂലിന് ഒരിക്കലും വിജയിക്കാന്‍ കഴിയാതിരുന്ന മണ്ഡലമാണ് അസന്‍സോള്‍. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ മുഖ്യഎതിരാളി. ബാബുല്‍ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലിൽ ചേർന്നതോടെ അസൻസോൾ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശത്രുഘ്നന്‍ സിന്‍ഹ ബി.ജെ.പി വിട്ട ശേഷം കോണ്‍ഗ്രസിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയത്.

മന്ത്രി സുബ്രതാ മുഖര്‍ജി അന്തരിച്ചതോടെയാണ് ബാലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെ ബി.ജെ.പി വിട്ടെത്തിയ ബാബുല്‍ സുപ്രിയോയെ ആണ് തൃണമൂല്‍ മത്സരിപ്പിച്ചത്. ഈ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി സൈറ ഹാലിം ഷാ ആണ് രണ്ടാമതെത്തിയത്. കഴിഞ്ഞ തവണ ബാലിഗഞ്ചില്‍ സ്ഥാനാര്‍ഥിയായത് സൈറയുടെ ഭര്‍ത്താവ് ഡോ. ഫുവാദ് ഹാലിം ആയിരുന്നു. നടന്‍ നസീറുദ്ദീന്‍ ഷായുടെ അനന്തരവളാണ് സൈറ. പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലൂടെ ശ്രദ്ധേയയായിരുന്നു സൈറ. ബംഗാളില്‍ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നതിനിടെ, ഉപതെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത് ബംഗാളിലെ സി.പി.എം അണികള്‍ക്ക് ആവേശമേകി. കേയ ഘോഷ് ആയിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.

ബാലിഗഞ്ചിന്‍റെ 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആറു തവണ സി.പി.എം ആണ് ജയിച്ചത്. 2006ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഇവിടെ കന്നിവിജയം നേടി. അഹമ്മദ് ജാവേദ് ഖാനായിരുന്നു സ്ഥാനാര്‍ഥി. 2011, 2016, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃണമൂലിന്‍റെ സുബ്രത മുഖര്‍ജിയാണ് ഇവിടെ വിജയിച്ചത്. ബാബുല്‍ സുപ്രിയോയിലൂടെ ഉപതെരഞ്ഞെടുപ്പിലും തൃണമൂല്‍ മണ്ഡലം നിലനിര്‍ത്തിയിരിക്കുകയാണ്. നിർണായകമായ ജനവിധിക്ക് വോട്ടർമാർക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നന്ദി പറഞ്ഞു.

summary- Actor-politician Shatrughan Sinha, the Trinamool Congress's candidate won at Asansol Lok Sabha seat. In the Ballygunge Assembly segment, Trinamool's Babul Supriyo, who switched from the BJP won.

TAGS :

Next Story