Quantcast

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ്​ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 Jan 2025 2:57 PM IST

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ്​ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കേസില്‍ പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഈ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ബംഗാള്‍ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്തയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം ബംഗാള്‍ പൊലീസില്‍ നിന്ന് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നു എന്നും ബംഗാള്‍ പൊലീസാണ് അന്വേഷണം നടത്തിയതെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

കേസില്‍ പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അന്‍പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദവും കോടതി തള്ളിയിരുന്നു.

ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ പ്രതികരിച്ചിരിന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും, എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു. സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

TAGS :

Next Story