Quantcast

പൊലീസ് പ്രവർത്തിക്കുന്നത് ബ്രിജ് ഭൂഷന് വേണ്ടി, പിന്തുണ അറിയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല: ഗുസ്തി താരങ്ങൾ

നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ തങ്ങൾക്ക് നൽകിയ പുരസ്‌കാരങ്ങൾ തിരിച്ച് നൽകുമെന്ന് താരങ്ങൾ വീണ്ടും ആവർത്തിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-04 11:14:02.0

Published:

4 May 2023 11:09 AM GMT

westlers protest police attack delhi
X

ഡൽഹി: ജന്ദർമന്തറിലെ സമര വേദിയിലെ പൊലീസ് അതിക്രമത്തിനു പിന്നാലെ ഡൽഹി പൊലീസിനെതിരെ ഗുസ്തി താരങ്ങൾ. പൊലീസ് പ്രവർത്തിക്കുന്നത് ബ്രിജ് ഭൂഷന് വേണ്ടിയാണ്. പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നവരോട് തീവ്രവാദികളോടെന്ന പൊലെയാണ് പെരുമാറുന്നതെന്നും താരങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മദ്യപിച്ചെത്തിയ പൊലീസ് മർദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് സമരക്കാർ പറയുന്നു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിംപ്യൻ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.

സമാധാനപരമായ സമരമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ തേടിയിട്ടില്ല. പറയാനുള്ളത് ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ജനങ്ങളെ അറിയിക്കും. പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നവർ തീവ്രവാദികൾ അല്ല, അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും താരങ്ങൾ പറഞ്ഞു.

നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ തങ്ങൾക്ക് നൽകിയ പുരസ്‌കാരങ്ങൾ തിരിച്ച് നൽകുമെന്ന് താരങ്ങൾ വീണ്ടും ആവർത്തിച്ചു. സമരം തുടരാൻ തന്നെയാണ് തീരുമാനം ഹൈക്കോടതിയെ സമീപിക്കും, അതിന് ശേഷം ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും താരങ്ങൾ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ആം ദിവസത്തിലെത്തി.

ഇന്നലെ രാത്രി 11.30നാണ് പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘർഷമുണ്ടായത്. മദ്യപിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും സമരമാവസാനിപ്പിക്കാൻ അവശ്യപ്പെടുകയും ചെയ്തെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ഇത് ഗുസ്തി താരങ്ങൾ ചോദ്യംചെയ്തതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു.ബ്രിജ്ഭൂഷനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് താരങ്ങൾ സുപ്രിംകോടതിയിൽ അറിയിച്ചു. ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ കയ്യിലുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നല്‍കി. കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് താരങ്ങൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

TAGS :

Next Story