Quantcast

'എന്ത് നാണക്കേടാണിത്'; മൗലാനാ ആസാദിനെ പാഠപുസ്തകത്തിൽനിന്ന് വെട്ടിയതിനെതിരെ ശശി തരൂർ

പുതുക്കിയ പ്ലസ് വൺ പാഠപുസ്തകത്തിൽനിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ ആസാദിനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കിയത്.

MediaOne Logo

Web Desk

  • Published:

    14 April 2023 2:26 PM IST

Shashi Tharoor
X

ശശി തരൂര്‍

ന്യൂഡൽഹി: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് മൗലാനാ അബുൽ കലാം ആസാദിനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. നാണക്കേട് എന്നാണ് ചരിത്രപണ്ഡിതൻ കൂടിയായ തരൂർ തീരുമാനത്തെ വിശേഷിപ്പിച്ചത്.

'എന്ത് നാണക്കേടാണിത്. ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരെ കൂട്ടിച്ചേർക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. എന്നാൽ ആളുകളെ നീക്കം ചെയ്യുന്നത്-പ്രത്യേകിച്ചും തെറ്റായ കാരണങ്ങൾ കൊണ്ട്- നമ്മുടെ ബഹുസ്വര ജനാധിപത്യത്തിനും അതിന്റെ ചരിത്രത്തിനും അയോഗ്യതയാണ്'- തരൂർ പറഞ്ഞു.

പുതുക്കിയ പ്ലസ് വൺ പാഠപുസ്തകത്തിൽനിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ ആസാദിനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കിയത്. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക് എന്ന ഭാഗത്തിൽ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്.

ഭരണഘടനാ അസംബ്ലിയിൽ എട്ട് പ്രധാന കമ്മിറ്റികളുണ്ടായിരുന്നെന്ന് പാഠത്തിൽ വിശദീകരിക്കുന്നുണ്ട്. ജവഹർ ലാൽ നെഹ്‌റു, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ പട്ടേൽ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരെല്ലാം കമ്മിറ്റികളിൽ അധ്യക്ഷത വഹിച്ചുവെന്ന് പരിഷ്‌കരിക്കുന്നതിന് മുമ്പുള്ള പാഠം പറയുന്നു. എന്നാൽ പരിഷ്‌കരിച്ച പതിപ്പിൽനിന്ന് ആസാദിനെ നീക്കുകയായിരുന്നു.

നേരത്തെ മുഗൾ ചക്രവർത്തിമാർ, മഹാത്മാഗാന്ധി, അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം ഗോഡ്‌സെക്ക് തീവ്രഹിന്ദു സംഘടനകളുമായുള്ള ബന്ധം എന്നിവയെല്ലാം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കിയിരുന്നു.



TAGS :

Next Story