കേരളത്തിലെ മതം മാറ്റത്തിലെ സത്യമെന്ത് ?; കണക്കുകൾ പറയുന്നതിങ്ങനെ
കേരളത്തിൽ 2024 ൽ നടന്നത് 963 മതം മാറ്റങ്ങൾ

- Published:
26 Feb 2026 7:29 PM IST

കൊച്ചി: വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം കേരള ഹൈക്കോടതി 15 ദിവസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഹിന്ദു യുവതികളെ വിവാഹം കഴിച്ച് മതം മാറ്റുന്ന 'ജിഹാദി' ഗൂഢാലോചനയെക്കുറിച്ചുള്ള പഴയ സിദ്ധാന്തങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും പ്രമേയം. എന്നാൽ, 2024 ലെ കണക്കുകളിൽ പ്രകാരം കേരളത്തിൽ നടന്നിട്ടുള്ളത് 963 മതം മാറ്റങ്ങളാണെന്ന് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദുമതത്തിൽ നിന്ന് മുസ്‌ലിം മതത്തിലേക്ക് 276 പേരാണ് മതം മാറിയിട്ടുള്ളത്. 276 ൽ 154 പേർ സ്ത്രീകളും 122 ആളുകൾ പുരുഷൻമാരാണ്. ക്രിസ്തുമതത്തിൽ നിന്ന് മുസ്‌ലിം മതത്തിലേക്ക് 67 പേരാണ് 2024 ൽ മതം മാറിയിട്ടുള്ളത്. അതിൽ 42 പേർ സ്ത്രീകളും 25 പേർ പുരുഷൻമാരുമാണ്. ഹിന്ദു, ക്രൈസ്തവ മതങ്ങളിൽ നിന്ന് മുസ്‌ലിം മതത്തിലേക്ക് മാറിയവരുടെ എണ്ണം 343 പേരാണ്. മുസ്‌ലിം, ക്രൈസ്തവ മതങ്ങളിൽ നിന്ന് 365 പേരാണ് ഹിന്ദുമതത്തിലേക്ക് മാറിയിരിക്കുന്നത്. ക്രിസ്തുമതത്തിൽ നിന്ന് 329 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. ഇതിൽ 180 സ്ത്രീകളും 149 പുരുഷൻമാരുമാണ് ഉള്ളത്. ഇസ്‌ലാം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയത് 36 പേരാണ്.24 സ്ത്രീകളും 12 പുരുഷൻമാരും.
ഹിന്ദു, മുസ്‌ലിം മതങ്ങളിൽ നിന്നായി 255 പേരാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഹിന്ദുമതത്തിൽ നിന്ന് 234 പേരാണ് ക്രിസ്തുമതത്തിലേക്ക് മാറിയത്. അതിൽ 130 പേർ സ്ത്രീകളും 104 പേർ പുരുഷൻമാരുമാണ്. ഇസ്‌ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് 21 പേരുമാണ് 2024 ൽ മതം മാറിയിട്ടുള്ളത്. അതിൽ 13 പേർ സ്ത്രീകളും എട്ടുപേർ പുരുഷൻമാരുമാണ്.
Adjust Story Font
16
