Quantcast

ഏതൊക്കെയായിരുന്നു വിവാദമായ ആ മൂന്ന് കാര്‍ഷിക നിയമങ്ങള്‍? അറിയേണ്ടതെല്ലാം

700ലേറെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനിടെ കര്‍ഷക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കൊല്ലപ്പെട്ടത്

MediaOne Logo

ijas

  • Updated:

    2021-11-19 05:48:36.0

Published:

19 Nov 2021 5:35 AM GMT

ഏതൊക്കെയായിരുന്നു വിവാദമായ ആ മൂന്ന് കാര്‍ഷിക നിയമങ്ങള്‍? അറിയേണ്ടതെല്ലാം
X

ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ നടത്തിയ സമരത്തിന് ഐതിഹാസിക വിജയം കൈവരിച്ച പശ്ചാത്തലത്തില്‍ സമരത്തിന് കാരണായ ആ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം. 700ലേറെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനിടെ കര്‍ഷക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കൊല്ലപ്പെട്ടത്. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന നിയമങ്ങള്‍ക്കെതിരെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍ സമരം നടത്തിയിരുന്നത്.

വിവാദമായ ആ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏതൊക്കെ?

കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യവസ്‌തു നിയമഭേദഗതി നിയമം 2020 എന്നിവയാണ് വിവാദമായ ആ മൂന്ന് നിയമങ്ങള്‍. ഇവയാണ് ഇന്ന് പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തു. രണ്ട് വർഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാർലമെന്‍റ് സമ്മേളനത്തിൽ വീണ്ടും മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമം എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. സമരം അവസാനിപ്പിക്കാനും കർഷരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം?

കാർഷിക ഉല്‍പ്പന്നങ്ങളുടെ 'താങ്ങ് വില', കാർഷിക സബ്സിഡി, ഭക്ഷ്യ സബ്സിഡി, പൊതുവിതരണ സമ്പ്രദായം എന്നിവ എന്നന്നേക്കുമായി പുതിയ നിയമങ്ങളിലൂടെ ഇല്ലാതാകും. പുതിയ നിയമങ്ങളിലൂടെ കാര്‍ഷിക വിളകളുടെ പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ നിയമത്തിലൂടെ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാൽ, കർഷകന്‍റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെവിടെ നിന്നും ഏത് ബഹുരാഷ്ട്ര കുത്തകൾക്കും എത്ര വേണമെങ്കിലും വാങ്ങാം എന്നുള്ളതാണ് ഇതിലെ ചതിക്കുഴി. ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്നതാണ് കര്‍ഷക സംഘടനകള്‍ ആദ്യമേ വിലയിരുത്തിയത്.

പുതിയ നീക്കത്തിലൂടെ സർക്കാർ നിയന്ത്രിത മണ്ഡികൾ (ചന്തകൾ) അപ്രത്യക്ഷമാകും. മണ്ഡികൾ ഇല്ലാതാകുമ്പോൾ സംസ്ഥാന സർക്കാരിന് കിട്ടിയിരുന്ന നികുതി വരുമാനവും ഇല്ലാതെയാകും. മണ്ഡികൾ ഇല്ലാതാകുന്നതോടെ ഇന്ത്യയിലെവിടെ നിന്നും ആര്‍ക്കും വാങ്ങാം എന്ന കാര്‍ഷിക നിയമത്തിന്‍റെ പിന്‍ബലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാര്‍ക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ സഹായകരമാവും. തുടക്കത്തില്‍ അല്‍പ്പം നഷ്ടം സഹിച്ച് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കോര്‍പ്പറേറ്റുകള്‍ പിന്നീട് അവരുടെ തനിസ്വരൂപം പുറത്തെടുക്കും. ഇതിനിടയില്‍ പ്രാദേശികമായ എല്ലാ കച്ചവടക്കാരും കച്ചവടവും തകര്‍ന്നടിയും. കോര്‍പ്പറേറ്റുകളുടെ വിലക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ കര്‍ഷകര്‍ നിസ്സഹായരായി തീരും.

രണ്ടാമത്തെ കര്‍ഷക നിയമ പ്രകാരം എത് കോർപ്പറേറ്റിനും ഇന്ത്യയിവിലെവിടേയും കർഷകന്‍റെ കൃഷി ഭൂമിയിൽ കരാർ പ്രകാരം കൃഷിയിൽ ഏർപ്പെടാൻ അവകാശം ലഭിക്കുന്നു എന്നുള്ളതാണ്. ഈ കരാറും കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ്. കരാര്‍ പ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കൃഷി ചെയ്യുന്ന കര്‍ഷകന്‍ പിന്നീട് വിളവുമായെത്തുമ്പോള്‍ കരാർ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചില്ലെന്ന് പറഞ്ഞു വിലപേശാനുള്ള ശക്തി കുറയുന്നു.

മൂന്നാമത്തെ കർഷക നിയമം 1955 ലെ അവശ്യ സാധന നിയമ ഭേദഗതിയാണ്. യുദ്ധം, ക്ഷാമം, മറ്റ് പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ അസാധാരണമായ സാഹചര്യങ്ങളായി കണക്കാക്കി അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതും വിലനിലവാരം പിടിച്ച് നിർത്തുന്നതും ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ നിയമത്തിന്‍റെ പട്ടികയിൽ നിന്നും കോർപ്പറേറ്റുകൾക്ക് താല്പര്യമുള്ള കുറേ ഉൽപ്പന്നങ്ങളേ ഒഴിവാക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണീ ഭേദഗതി. കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരം അവശ്യ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും കൃതൃമ വിലക്കയറ്റം ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കാനും ഈ ഭേദഗതി കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

TAGS :

Next Story