Quantcast

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്പളം..ആനുകൂല്യങ്ങള്‍ അറിയാം

രാഷ്ട്രപതി പദവിയിലേക്ക് എത്തുമ്പോള്‍ വലിയ സൗകര്യങ്ങളാണ് മുര്‍മുവിനെ കാത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 July 2022 10:19 AM GMT

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്പളം..ആനുകൂല്യങ്ങള്‍ അറിയാം
X

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനാണ് മുന്‍തൂക്കം. ജയിച്ചാല്‍ ഗോത്രവര്‍ഗക്കാരിയായ ആദ്യത്തെ രാഷ്ട്രപതിയായിരിക്കും മുര്‍മു. രാഷ്ട്രപതി പദവിയിലേക്ക് എത്തുമ്പോള്‍ വലിയ സൗകര്യങ്ങളാണ് മുര്‍മുവിനെ കാത്തിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം.

രാഷ്ട്രപതിയുടെ ശമ്പളം

2017 വരെ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 1.50 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 5 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റ് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇന്ത്യയുടെ പ്രഥമ പൗരന് ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ സൗജന്യ മെഡിക്കല്‍, വീട്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. രണ്ടു വര്‍ഷം മുന്‍പ് രാംനാഥ് കോവിന്ദ് തനിക്ക് അഞ്ചു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും അതില്‍ പകുതി നികുതിയായി നല്‍കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനും ഓരോ വര്‍ഷവും 2.25 കോടി രൂപ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത കറുത്ത മെഴ്സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡിലാണ് ഇന്ത്യയുടെ രാഷ്ട്രപതി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനം. ഇതുകൂടാതെ, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കായി മറ്റൊരു കവചിത ലിമോസിനും ഉണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന ആളാണ് രാഷ്ട്രപതി.

എവിടെയാണ് താമസം

ഇനി മുതല്‍ ദ്രൗപതി മുർമുവിന്‍റെ ഔദ്യോഗിക വിലാസം രാഷ്ട്രപതി ഭവൻ, പ്രസിഡന്‍റ് എസ്റ്റേറ്റ്, ന്യൂഡൽഹി, ഡൽഹി 110004 എന്നായിരിക്കും. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവൻ. ന്യൂഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്.

33 ഏക്കറിലാണ് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്നത്. നാലു നില കെട്ടിടത്തില്‍ ആകെ 340 മുറികളുണ്ട്. ആകെ 2.5 കിലോമീറ്റര്‍ ഇടനാഴികളും 190 ഏക്കറില്‍ ഒരു പൂന്തോട്ടവും ഉണ്ട്. രാഷ്ട്രപതിക്ക് അഞ്ച് പേരടങ്ങുന്ന സെക്രട്ടേറിയല്‍ സ്റ്റാഫ് ഉണ്ടായിരിക്കും, കൂടാതെ, 200 പേരാണ് രാഷ്ട്രപതി ഭവന്‍റെ പരിചരണത്തിന് വേണ്ടിയുള്ളത്. അവധിക്കാലം ചെലവഴിക്കാനായി രണ്ട് പ്രത്യേക സ്ഥലങ്ങളാണ് ഉള്ളത്. വര്‍ഷത്തില്‍ രണ്ടു തവണ ഇവിടെ അവധിക്കാലം ചെലവഴിക്കാന്‍ സാധിക്കും. ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും മറ്റൊന്ന് ഷിംലയിലെ റിട്രീറ്റ് ബില്‍ഡിംഗുമാണ് ഈ സ്ഥലം.

വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍

1.5 ലക്ഷം രൂപയാണ് പ്രതിമാസം പെന്‍ഷനായി ലഭിക്കുക. രാഷ്ട്രപതിയുടെ ഭാര്യക്ക് പ്രതിമാസം 30,000 രൂപ ലഭിക്കും. താമസത്തിനായി സര്‍ക്കാര്‍ ബംഗ്ലാവുമുണ്ടാകും. പരിചരണത്തിനായി അഞ്ചു ജീവനക്കാരും ഉണ്ടാകും.

TAGS :

Next Story