Quantcast

രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ ആരെങ്കിലും പറഞ്ഞോ? സ്മൃതി ഇറാനിയെ പരിഹസിച്ച് ആര്‍ജെഡി നേതാവ്

ഇവര്‍ ശത്രുത പ്രചരിപ്പിക്കുന്നതില്‍ പേരു കേട്ടവരാണ്

MediaOne Logo

Web Desk

  • Published:

    14 Aug 2023 3:14 AM GMT

RJD Leader Sarika Paswan
X

സരിക പാസ്വാന്‍/സ്മൃതി ഇറാനി/രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഫ്ലൈയിംഗ് കിസ് വിവാദത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ ആരെങ്കിലും സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടോ എന്ന് ആര്‍ജെഡി നേതാവ് സരിക പാസ്വാന്‍ പറഞ്ഞു. സരികയുടെ പ്രസ്താവന സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

''രാഹുൽ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാൻ സ്മൃതി ഇറാനിയോട് ആരാണ് ആവശ്യപ്പെട്ടത് ? സ്മൃതിയെ ഉദ്ദേശിച്ചാണ് രാഹുല്‍ ആ ഫ്ലൈയിംഗ് കിസ് നല്‍കിയതെന്ന് കേന്ദ്രമന്ത്രിക്ക് തെളിയിക്കാനാകുമോ? ഇവര്‍ ശത്രുത പ്രചരിപ്പിക്കുന്നതില്‍ പേരു കേട്ടവരാണ്. മതത്തിന്‍റെയും ജാതിയുടെയും പെരുമാറ്റത്തിന്‍റെയും അടിസ്ഥാനത്തിൽ ശത്രുത വളർത്തുന്നു.'' സരിക ആരോപിച്ചു. ബ്രിജ് ഭൂഷണ്‍ സിങിനെതിരായ ലൈംഗികാരോപണം, ദലിത് യുവാവിന്‍റെ മേല്‍ ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തിയത്...തുടങ്ങിയ നിരവധി സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സരികയുടെ പ്രസ്താവന.

പ്രസംഗം കഴിഞ്ഞ് പാർലമെന്‍റ് വിട്ടുപോകവെയാണ് രാഹുല്‍ ഫ്ലൈയിംഗ് കിസ് നല്‍കിയെന്നാണ് ആരോപണം. സഭയിൽ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നായിരുന്നു അവരുടെ ആരോപണം.

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലും സ്മൃതി ഇറാനിയും സഭയില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. 'ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങൾ ദേശദ്രോഹിയാണെന്ന്' രാഹുൽ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ബി.ജെ.പി സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്മൃതിക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയത് താന്‍ കണ്ടില്ലെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി പ്രതികരിച്ചിരുന്നു.

TAGS :

Next Story