Quantcast

ആരാണാരാണീ ഭഗവന്ത് മൻ?

ഒരു ചരിത്രം രൂപപ്പെട്ടുവരികയാണ്. രാഷ്ട്രീയക്കാരനാണോ, രാഷ്ട്രീയക്കാരൻ്റെ കാപട്യങ്ങളെല്ലാം അറിഞ്ഞുവെച്ച കലാകാരനാണോ ആത്യന്തികമായി ജയിക്കാൻ പോകുന്നത് എന്ന് കാണാൻ പോകുന്നതേയുള്ളൂ.

MediaOne Logo

പി.ടി നാസര്‍

  • Updated:

    2022-03-12 12:52:42.0

Published:

12 March 2022 12:23 PM GMT

ആരാണാരാണീ ഭഗവന്ത് മൻ?
X

പ്രധാനമന്ത്രിക്ക്, നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് ഒരിക്കൽ തൊണ്ടവേദന വന്നു. കടുത്ത വേദന, തൊണ്ടയിൽ മുള്ള് കൊള്ളുന്നതുപോലെ. ശബ്ദവും പോയി. സഭയുള്ള സമയവുമാണ്. സാധാരണഗതിയിൽ സഭയിൽ മിണ്ടാറില്ലെങ്കിലും അത് മിണ്ടേണ്ട അവസരമാണ്. പെട്ടെന്നിത് മാറ്റിയെടുക്കാൻ എന്തുണ്ട് വഴി എന്ന് അന്വേഷിച്ചപ്പോൾ മന്ത്രിമാരാരോ ഭഗ്‌വന്ത് മന്നിനെ ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാർട്ടിയുടെ ഏക എം.പി. ആൾ പഴയ കോമഡിക്കാരനാണെന്നും ഇമ്മാതിരി ഒറ്റമൂലിയൊക്കെ അറിയാമെന്നും സുഹൃത്തുക്കൾ ഉറപ്പുകൊടുത്തു. നരേന്ദ്രമോദി മന്നിനെ അടുത്തേക്ക് വിളിച്ചു.

അസുഖം കേട്ടയുടൻ മൻ മരുന്നു പറഞ്ഞുകൊടുത്തു: " നല്ല ചൂടുള്ള പാലിൽ തേൻ ഒഴിച്ച് കഴിച്ചാൽ മതി, ആ - പിന്നേയ് ഈ ദിവസങ്ങളിൽ രാഷ്ട്രീയ എതിരാളികളോട് വല്ലാതെ ചീറണ്ട. അത് വോക്കൽകോഡിന് തകരാണ്"

" ഇയാൾക്ക് എപ്പഴും ആക്ഷേപഹാസ്യമേ വരൂ " - മോദി പിറുപിറുത്തു. - അതലിത്തിരി സത്യമുണ്ട്. ആക്ഷേപഹാസ്യമാണ് മന്നിൻ്റെ മുഖവും മുദ്രയും.

ഇപ്പോൾ, മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജക്ക് ഒരുങ്ങുന്നതിനിടെ അദ്ദേഹത്തിൻ്റെ പഴയൊരു കോമഡിപരിപാടിയുടെ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. പഴയൊരു സ്റ്റേജ് പരിപാടിയാണ്. അതിൽ മൻ വിദ്യാർത്ഥിയാണ്. അദ്ധ്യാപകൻ കുട്ടികളോട് ചോദിക്കുന്നു; ഭാവിയിൽ ആരാകണം എന്ന്. മന്നിൻ്റെ ഊഴമെത്തിയപ്പോൾ അടങ്ങിയൊതുങ്ങി നിന്ന് മണിമണി പോലെ മറുപടികൊടുത്തു: " ആവശ്യത്തിന് വിദ്യാഭ്യാസം നേടാനായാൽ ഒരു ഉദ്യോഗസ്ഥനാകണം. അത് നേടാനായില്ലെങ്കിൽ ഞാൻ വല്ല എം.എൽ.എയോ മന്ത്രിയോ ഒക്കെ ആയിക്കോളാം"

ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ പാറിപ്പരക്കുന്നുണ്ട്. പല പല മന്ത്രിമാരും എം.പിമാരും ഷെയർ ചെയ്യുന്നു. "മഹത്തായ പ്രവചനം " എന്ന അടിക്കുറിപ്പോടെയാണ് പലരും ഇതിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

അതിലും സത്യമുണ്ട്. മന്നിന് കോളജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല! പകുതിയ്ക്ക് വെച്ച് നിറുത്തിപ്പോയതാണ്. സുനമിലെ പ്രശസ്തമായ ശഹീദ് ഉദ്ദംസിംഗ്‌ കോളജിൽ ചേർന്നതായിരുന്നു. 1991ൽ. ബികോമിന്. പക്ഷേ പഠിത്തത്തേക്കാൾ ശ്രദ്ധ കോമഡിയിലായിരുന്നു. കോളജിലെ കലാവേദികളിൽ പെട്ടെന്നുതന്നെ ശ്രദ്ധേയനായി. പിന്നെ പ്രശസ്തനായി. അത് പുറത്തേക്കും പരന്നു. പരിപാടികൾ സ്റ്റേജിൽ നിന്ന് കാസറ്റിലേക്ക് പടർന്നു. പത്തൊമ്പതാം വയസിൽ മന്നിൻ്റെ ആദ്യത്തെ കാസറ്റ് മാർക്കറ്റിലെത്തി. നമ്മുടെ കലാഭവൻ ടീമിൻ്റെ പഴയ 'ദേ മാവേലി കൊമ്പത്ത്' - മട്ടിലുള്ള തമാശകളിൽ അത്യാവശ്യം രാഷ്ട്രീയംകൂടി കലർന്നതാണ് മന്നിൻ്റെ ആദ്യകാല പരിപാടികൾ. പിന്നീട് രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൻ്റെ രാജാവായി. അതിന്നായി സ്വന്തം രചനകൾ നടത്തി.

ഭഗവന്ത് മന്‍ അമ്മയ്ക്കൊപ്പം

ഇതിനിടയിൽ കോളജ്‌ വിദ്യാഭ്യാസം നിന്നുപോയിരുന്നു. പഞ്ചാബിലെ സാമൂഹിക നിലവാരമനുസരിച്ച് ഉന്നതകുലജാതനാണ് മൻ. സംഗൂരിലെ സരോജ് ഗ്രാമത്തിലെ ഒരു ജെമീന്താർ കുടുംബത്തിലാണ് ജനനം. ജമീന്താർ മൊഹീന്ദർ സിംഗിൻ്റെ ആഗ്രഹം, പഠനം കഴിഞ്ഞാൽ മൻ പാടത്തേക്ക് ഇറങ്ങണമെന്നായിരുന്നു. അമ്മ ഹർപാൽ കൗർ കിനാക്കണ്ടത് വലിയ ഉദ്യോഗസ്ഥനാകുന്നതാണ്. എന്നാൽ മിമിക്രിയും കാസറ്റ് കച്ചവടവും കടന്ന് മൻ ടീ വിയിലേക്കും സിനിമയിലേക്കും കാലെടുത്തുവെച്ചു. അതോടെ വീട്ടുകാർ കൈവിട്ടു.

ഇതിനിടയിലാണ് കല്യാണം. ടി വി താരമായി തിളങ്ങിനിൽക്കുമ്പോൾ ഇന്ദർപ്രീത് കൗർ ഭാര്യയായി വന്നു. രണ്ട് മക്കളുമായി. ഒരാണും ഒരു പെണ്ണും.

അതിനടയിലാണ് മൻ ആക്ഷേപഹാസ്യം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പഞ്ചാബ് പീപ്പിൾസ് പാർട്ടിയിൽ ചേർന്നുകൊണ്ടായിരുന്നു അത്. അകാലിദൾ പ്രസിഡൻ്റ് സുഖ്ബീർ സിംഗ് ബാദലിൻ്റെ മച്ചുനൻ മൻപ്രീത് ബാദൽ രൂപീകരിച്ചതായിരുന്നു പി.പി.പി.

ഭഗത് സിംഗിൻ്റെ ജന്മഗ്രാമമായ ഖത്കർ കലാനിൽ വെച്ചാണ് മൻ പി.പി.പി അംഗത്വമെടുത്തത്. പിന്നീട് മൻ മഞ്ഞ തലപ്പാവ് മാത്രമേ ധരിച്ചിട്ടുള്ളൂ. അതിനുമുണ്ട് ഭഗത് സിംഗ് ബന്ധം. ഭഗത് സിംഗിൻ്റെ തലപ്പാവ് മഞ്ഞയായിരുന്നു. പഞ്ചാബിലെ സ്വാതന്ത്ര്യസമര സേനാനികളൊക്കെയും പിന്നീട് മഞ്ഞ തലപ്പാവ് സ്ഥിരമാക്കി. ഇപ്പോൾ മന്നും പഞ്ചാബിലെ എ.എ.പിക്കാരും മഞ്ഞത്തലക്കാരാണ്.

2012 ൽ പി.പി.പിയിൽ ചേർന്നയുടനാണ് ആദ്യത്തെ തെരഞ്ഞെടുപ്പങ്കം. നിയമസഭയിലേക്ക്. ലെഹ്റ മണ്ഡലത്തിൽ നിന്ന്. കോൺഗ്രസിലെ രജീന്ദർ സിംഗ് ഭട്ടലിനോട് തോറ്റു.

പി.പി.പി. ക്ലച്ചുപിടിച്ചില്ല. രണ്ടാം കൊല്ലം മൻ എ.എ. പിയിലേക്ക് മാറി. 2014ൽ ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തു. സംഗൂരിൽ നിന്നാണ് പോരാട്ടം. അകാലിദളിൻ്റെ സുഖ്ദേവ് സിംഗ് ദിൻദ്സയെ തോൽപ്പിച്ച് ലോക്സഭാംഗമായി. തകർപ്പൻ ഭൂരിപക്ഷമായിരുന്നു. 2, 11, 721 വോട്ട്. അന്ന് ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ കൺവീനറുമായിരുന്നു. ആ പദവി പിന്നീട് രാജിവെച്ചു. കെജരിവാളിനോട് കെറുവിച്ചിട്ടായിരുന്നു ആ രാജി. അകാലിദൾ നേതാവ് ബിക്രം സിംഗ് മജീദിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് മൻ ആരോപിച്ചിരുന്നു. കെജരിവാൾ ഇതിന് മാപ്പു പറഞ്ഞു. അതിൽ പ്രതിഷേധിച്ചായിരുന്നു കൺവീനർസ്ഥാനം വിട്ടത്.

അന്ന്, 2014ൽ ആം ആദ്മിക്ക് പഞ്ചാബിൽ നിന്ന് നാല് എം.പി മാരുണ്ടായിരുന്നു. 2019ൽ മൂന്നെണ്ണം നഷ്ടമായി. മൻ മാത്രമാണ് ജയിച്ചത്.

ഈ രാഷ്ട്രീയ യാത്രയിലും പകുതി ദൂരം വരെ ഇന്ദർപ്രീത് കൗർ ഭഗ്‌വന്ത് മന്നിൻ്റെ കൂടെയുണ്ടായിരുന്നു. 2014ൽ പ്രചാരണ യോഗത്തിലൊക്കെ ഇന്ദർ പ്രീത് പ്രസംഗിച്ചിട്ടുണ്ട്. പിന്നീട് അവരെ കണ്ടിട്ടില്ല. ഭാര്യയും മക്കളും അമേരിക്കയിൽ താമസമാക്കി എന്നതാണ് ഒടുവിൽ കേൾക്കുന്നത്.

കെജ്രിവാളിനൊപ്പം

മദ്യപാനം പഞ്ചാബികൾ പൊതുവേ ഒരു വലിയ പ്രശ്നമായി കണക്കാക്കാക്കാറില്ല. പക്ഷേ മന്നിൻ്റെ മദ്യപാനം രാഷ്ട്രീയപ്രശ്നമായി. അച്ചടക്കമില്ലാത്ത മദ്യപാനി എന്നൊക്കെ എതിരാളികൾ പറഞ്ഞു പരത്തി. 2019 ൽ ബർണാലയിൽ ഒരു പാർട്ടി സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ മൻ അതു സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തി. മദ്യപാനം സംബന്ധിച്ച്. ഇനി മേലാൽ മദ്യം തൊടില്ലാ എന്നായിരുന്നു അത്. തൊട്ടോ തൊട്ടില്ലയോ, ഏതായാലും അതിനു ശേഷവും എതിരാളികൾ മദ്യപാനി എന്നുതന്നെ വിളിച്ചു.

ഈ തെരഞ്ഞെടുപ്പിലും അത് പ്രശ്നമായി. താൻ അമ്മയുടെ തലതൊട്ട് സത്യം ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ മദ്യപിക്കാറില്ലെന്നും മൻ പ്രസംഗിച്ചു.

കുടിച്ചാലും കുടിച്ചില്ലെങ്കിലും മൻ പറഞ്ഞ രാഷ്ട്രീയം പഞ്ചാബികൾക്ക് പിടിച്ചു. നിയമസഭയിലെ 117 സീറ്റിൽ 77 ആം ആദ്മി പാർട്ടി നേടി. ഭൂരിപക്ഷം കിട്ടിയാൻ മന്നിനെ മുഖ്യമന്ത്രിയാക്കുമെന്ന് ആ പാർട്ടി ആദ്യമേ പ്രഖ്യാപിച്ചിരുന്നു. അത് പറഞ്ഞാണ് മന്നിൻ്റെ പാർട്ടി വോട്ട് പിടിച്ചത്.

രാജ്ഭവനിൽ വെച്ചല്ല സത്യപ്രതിജ്ഞ. ശഹീദ് ഭഗത് സിംഗിൻ്റെ ജന്മഗ്രാമമായ ഖത്ഖർ കലാനിലാണ്. മഞ്ഞത്തലപ്പാവുകാരൻ മുഖ്യമന്ത്രിയാവുകയാണ്. നാൽപ്പത്തിയെട്ടാം വയസിൽ.

ഒരു ചരിത്രം രൂപപ്പെട്ടുവരികയാണ്. രാഷ്ട്രീയക്കാരനാണോ, രാഷ്ട്രീയക്കാരൻ്റെ കാപട്യങ്ങളെല്ലാം അറിഞ്ഞുവെച്ച കലാകാരനാണോ ആത്യന്തികമായി ജയിക്കാൻ പോകുന്നത് എന്ന് കാണാൻ പോകുന്നതേയുള്ളൂ.

രാഷ്ട്രീയക്കാരനായി കഴിഞ്ഞിട്ടും, എല്ലാ രാഷ്ടീയക്കാരേയും തോൽപ്പിച്ചു കഴിഞ്ഞിട്ടും ആ മനസ്സിലിപ്പഴും ആക്ഷേപഹാസ്യക്കാരൻ്റെ കള്ളച്ചിരിയുണ്ട്. ഉറപ്പാണ്. ഈയ്യടുത്തു പോലും പാർലമെൻ്റിൽ വെച്ച് അത് പുറത്തുചാടിയതാണ്.

സ്പീക്കർ ഓം ബിർല ആതിഥേയനായി ഒരു വിരുന്ന്. എല്ലാവരുമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും സോണിയാ ഗാന്ധിയും എല്ലാം. വിരുന്നിൻ്റെ അവസാനമായപ്പോൾ സ്പീക്കർ മന്നിനെ നടുവിലേക്ക് വിളിച്ചു. ഒരു കവിത ചൊല്ലാൻ അഭ്യർത്ഥിച്ചു.

എല്ലാവരേയും ഒരുചുറ്റ് നോക്കി കണ്ണിറുക്കി ചിരിച്ച്, തൊണ്ട ശരിയാക്കി മൻ കവിത ചൊല്ലി. സ്വന്തം രചന. " കാട്ടിലെ തെരഞ്ഞെടുപ്പ്".

കാട്ടിൽ തെരഞ്ഞെടുപ്പാണ്. സിംഹവും കടുവയും കഴുകനുമെല്ലാം സ്ഥാനാർത്ഥികളായിവന്നു. ക്രൂരജന്തുക്കളാണേലും സ്ഥാനാർത്ഥികൾ എത്ര മാന്യന്മാർ! അവർ മാനുകൾക്കും മുയലുകൾക്കും മുന്നിൽ വന്ന് കൈകൂപ്പിനിന്നു. പക്ഷേ ആ മാന്യത ക്ഷണികമായിരുന്നു. പോളിങ്ങ് കഴിഞ്ഞതോടെ ക്രൂരജന്തുക്കളുടെ കൂർത്ത നഖങ്ങൾ നീണ്ടു വന്നു " - ഇതാണ് കവിത. ചൊല്ലിക്കഴിഞ്ഞപ്പോൾ ചിലരൊക്കെ അത്ര രസിച്ചില്ലെന്ന മട്ടിൽ ചുറ്റും നോക്കുകയായിരുന്നു. ചിലരേ ചിരിച്ചുള്ളൂ.

ആ മൻ മുഖ്യമന്ത്രിയാകുന്നു. പ്രതാപ് സിംഗ് ഖൈറോണും പ്രകാശ് സിംഗ് ബാദലുമൊക്ക ഇരുന്ന കസേരയിൽ ഭഗവന്ത് മൻ ഇരിക്കാൻ പോകുന്നു. ചിരിക്കുന്നവരേയും ചിരിക്കാതിരിക്കാൻ കഷ്ടപ്പെടുന്നവരേയും കാണാനിരിക്കുന്നതേയുള്ളൂ.

TAGS :

Next Story