Quantcast

ലൈംഗിക പീഡനം അടക്കം നിരവധി ആരോപണങ്ങൾ; ആരാണ് ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്?

ഒളിമ്പിക് മെഡൽ അടക്കം നേടി രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ സമരം ദേശീയ ശ്രദ്ധയാകർഷിച്ചിട്ടും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെ തൊടാൻ ബി.ജെ.പി ഭയക്കുന്നത് എന്തുകൊണ്ട്?

MediaOne Logo

Web Desk

  • Published:

    29 April 2023 1:57 PM GMT

Who Is BJP MP Brij Bhushan Sharan Singh
X

''ഞാൻ പണ്ട് ഒരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ...ഞാൻ കൊലപാതകം നടത്തിയിട്ടുണ്ട്''

ഇത് ഏതെങ്കിലും കുറ്റവാളിയുടെ ഏറ്റുപറച്ചിലല്ല, ബി.ജെ.പി നേതാവും ആറു തവണ എം.പിയുമായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഇന്നുവരെ വിചാരണ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

2022-ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിജ്ഭൂഷൺ തന്നെ തുറന്നുപറയുന്നത് വരെ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൊലപാതകശ്രമം അടക്കം നാല് ക്രിമിനിൽ കേസുകളിൽ പ്രതിയാണെന്ന് ബ്രിജ് ഭൂഷൺ സിങ് തന്നെ സമ്മതിക്കുന്നുണ്ട്. 2011 മുതൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനമടക്കം ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ താരങ്ങൾ ഉന്നയിക്കുന്നത്.

ലൈംഗിക പീഡനം, ശാരീരികമായ ആക്രമണം, ഏകാധിപത്യരീതിയിലുള്ള പ്രവർത്തനം, ഗുസ്തി ഫെഡറേഷനിലെ സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ഗുസ്തി താരങ്ങൾ അടക്കം ബ്രിജ് ഭൂഷണെതിരെ ഉന്നയിക്കുന്നത്. ജനുവരി 20-ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ കേന്ദ്രം തയ്യാറാവാത്തതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും താരങ്ങൾ ജന്തർമന്ദറിൽ സമരം തുടങ്ങിയത്.

തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബ്രിജ് ഭൂഷന്റെ ആരോപണം. കോൺഗ്രസ് സ്‌പോൺസർ ചെയ്യുന്ന സമരമാണ് നടക്കുന്നതെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ തൂക്കിലേറാനും തയ്യാറാണെന്നും ബ്രിജ് ഭൂഷൺ പറയുന്നു. താൻ വായ തുറന്നാൽ ഒരു സുനാമി തന്നെ ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ സമരക്കാലത്തെ ശാഹിൻബാഗ് സമരത്തോടാണ് ഗുസ്തി താരങ്ങളുടെ സമരത്തെ ഉപമിച്ചത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗോണ്ടയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് 'സ്‌ക്രോൾ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 1980-കൾ മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് ബ്രിജ് ഭൂഷൺ എന്ന് വെളിപ്പെടുത്തുന്നു. മദ്യക്കച്ചവടത്തിനായി ബൈക്ക് മോഷണം, ചെറിയ ആൺകുട്ടികളെ ഉപയോഗിച്ച് അമ്പലക്കുളങ്ങളിലെ നാണയ മോഷണം തുടങ്ങിയവ അദ്ദേഹം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് സിവിൽ കോൺട്രാക്ടറായി മാറിയ അദ്ദേഹം യു.പിയിൽ സമാജ് വാദി പാർട്ടി മന്ത്രിസഭയിൽ അംഗമായിരുന്ന വിനോദ് കുമാർ സിങ് എലിയാസ് പണ്ഡിറ്റ് സിങ്ങുമായി ചേർന്ന് പ്രവർത്തിച്ചു. ഇരുവരും ചേർന്നാണ് പല കുറ്റകൃത്യങ്ങളും നടത്തിയത്.

താമസിയാതെ ഇരുവരും തെറ്റിപ്പിരിഞ്ഞു. 1993-ൽ പണ്ഡിറ്റ് സിങ്ങിനെതിരെ വധശ്രമമുണ്ടായി. 20 ബുള്ളറ്റുകളാണ് തനിക്ക് ശരീരത്തിൽനിന്ന് പുറത്തെടുത്തതെന്ന് പണ്ഡിറ്റ് സിങ് പിന്നീട് 'സ്‌ക്രോളിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 14 മാസമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. ഈ സംഭവത്തിൽ വധശ്രമം, അനധികൃതമായി ആയുധം സൂക്ഷിക്കൽ, കുറ്റകൃത്യം നടത്താനായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷണെതിരെ കേസെടുത്തിരുന്നു.

29 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ കേസിൽ ബ്രിജ് ഭൂഷണെ വെറുതെവിട്ടു. അതേസമയം അന്വേഷണസംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. കേസിന്റെ തെളിവുകൾ കണ്ടെത്താൻ ആവശ്യമായ പരിശ്രമം നടത്തിയില്ലെന്നും വെടിവെച്ച തോക്ക് പോലും കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. സംഭവം നടക്കുമ്പോൾ താൻ ഡൽഹിയിലായിരുന്നു എന്നാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്. എന്നാൽ അന്വേഷണസംഘം ഇത് പരിശോധിക്കുക പോലും ചെയ്തിട്ടില്ലെന്നും അന്വേഷണം സംശയാസ്പദമാണെന്നും കോടതി പറഞ്ഞിരുന്നു.

പണ്ഡിറ്റ് സിങ്ങിന്റെ സഹോദരനായ രവീന്ദർ സിങ് ബ്രിജ് ഭൂഷന്റെ അടുത്ത സുഹൃത്തായിരുന്നു. കോൺട്രാക്ടർമാരായ ഇരുവരും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം രണ്ടുപേരും ഒരുമിച്ച് പഞ്ചായത്ത് യോഗത്തിന് പോവുമ്പോൾ ഒരാൾ വായുവിലേക്ക് വെടിയുതിർത്ത ബുള്ളറ്റ് രവീന്ദർ സിങ്ങിന്റെ ദേഹത്ത് വീണു. ഇതിൽ കുപിതനായ ബ്രിജ് ഭൂഷൺ തോക്ക് പിടിച്ചുവാങ്ങി വെടിയുതിർത്ത ആളെ വെടിവെക്കുകയായിരുന്നു. അയാൾ തൽക്ഷണം മരിച്ചു- ഓൺലൈൻ പോർട്ടലായ 'ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ തന്നെയാണ് ഈ സംഭവം വിശദീകരിച്ചത്.

എതിർ സ്ഥാനാർഥിയുടെ മരണത്തിൽ തനിക്ക് പങ്കുള്ളതായി മുൻ പ്രധാനമന്ത്രി വാജ്‌പെയ് സംശയിച്ചിരുന്നതായും ബ്രിജ് ഭൂഷൺ സ്‌ക്രോളിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ആറു തവണ എം.പിയായ ബ്രിജ് ഭൂഷൺ അഞ്ച് തവണ ബി.ജെ.പി ടിക്കറ്റിലും ഒരു തവണ എസ്.പി ടിക്കറ്റിലുമാണ് മത്സരിച്ചത്. 1991, 1999 വർഷങ്ങളിൽ ഗോണ്ട ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം വിജയിച്ചത്. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ദേഹത്തെ ബൽറാംപൂരിലേക്ക് മാറ്റുകയും ഗോണ്ടയിൽ ഖൻശ്യാം ശുക്ലക്ക് സീറ്റ് നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ഈ അപകടം ഒരു കൊലപാതകമാണെന്നാണ് തന്റ എതിരാളികൾ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2008-ലെ നിർണായകമായ അവിശ്വാസപ്രമേയത്തിൽ യു.പി.എക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ബി.ജെ.പി ബ്രിജ് ഭൂഷണെ പുറത്താക്കി. എന്നാൽ സമാജ് വാദി പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകി. 2009-ൽ എസ്.പി ടിക്കറ്റിലാണ് അദ്ദേഹം കൈസർഗഞ്ച് മണ്ഡലത്തിൽനിന്ന് വിജയിച്ചത്. 2014-ൽ വീണ്ടും ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം 2014-ലും 2019-ലും കൈസർഗഞ്ചിൽ വിജയം ആവർത്തിച്ചു.

ഗോണ്ടയിൽ ബ്രിജ് ഭൂഷണ് ബി.ജെ.പിയെ ആവശ്യമുള്ളതിനെക്കാൾ ബി.ജെ.പിക്ക് ബ്രിജ് ഭൂഷണെയാണ് ആവശ്യമെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ഗോണ്ടയിലും ആറ് സമീപ ജില്ലകളിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. പാർട്ടി ചിഹ്നം ബ്രിജ് ഭൂഷൺ കടം വാങ്ങിയതാണെന്നാണ് ഒരു ഗോണ്ടയിലെ ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്. അദ്ദേഹത്തിന് വിജയിക്കാൻ പാർട്ടിയെ ആവശ്യല്ല. സ്വന്തം സ്വാധീനത്തിലാണ് ബ്രിജ് ഭൂഷൺ വിജയിക്കുന്നതെന്നും ബി.ജെ.പി നേതാവ് പറയുന്നു.



ബഹ്‌റൈഖ്, ഗോണ്ട, ബൽറാംപൂർ, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി 50-ൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബ്രിജ് ഭൂഷൺ നടത്തുന്നത്. ഇതാണ് ഗോണ്ട മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനം. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടയല്ല താൻ അത് സ്ഥാപിച്ചതെന്ന് ബ്രിജ് ഭൂഷൺ പറയുന്നു. ആളുകൾ തന്നെ മാഫിയ തലവൻ എന്നാണ് വിളിക്കുന്നത്. എന്നാൽ തന്റെ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് തന്റെ യഥാർഥ മുഖം പ്രതിഫലിപ്പിക്കുന്നത്. മുമ്പ് താൻ ബ്രാഹ്മണരുടെ പാദം തൊട്ട് വന്ദിക്കുമായിരുന്നു. ഇന്ന് യുവ ബ്രാഹ്മണർ ഗുരുജിയെന്ന് വിളിച്ച് തന്റെ കാൽ തൊട്ട് വന്ദിക്കുകയാണെന്നും ബ്രിജ് ഭൂഷൺ പറയുന്നു.

ഗുസ്തി ഫെഡറേഷനിലെ എല്ലാ കാര്യങ്ങളും ബ്രിജ് ഭൂഷണാണ് തീരുമാനിക്കുന്നത്. ഗുസ്തി താരങ്ങൾ കരുത്തരാണ്, അതുകൊണ്ട് അവരെ നിയന്ത്രിക്കാൻ കരുത്തനായ ഒരാളെ വേണം. അത് തനിക്ക് മാത്രമേ സാധിക്കൂ എന്നാണ് ഒരു അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ പറഞ്ഞത്. യു.പിയിലെ ഗോണ്ട മേഖലയിൽ ബ്രിജ് ഭൂഷണുള്ള സ്വാധീനം കൊണ്ട് തന്നെയാണ് വൻ പ്രതിഷേധം ഉയർന്നിട്ടും കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ തൊടാൻ മടിക്കുന്നതും.

TAGS :

Next Story