Quantcast

'എന്റെ പ്രവൃത്തികൾ സംസാരിക്കും'; ആദ്യ പ്രതികരണവുമായി പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

രണ്ടുവർഷമാണ് ചന്ദ്രചൂഢ് സുപ്രിംകോടതിയുടെ തലവനായിരിക്കുക. 2024 നവംബർ പത്തുവരെയാണ് കാലാവധി

MediaOne Logo

Web Desk

  • Updated:

    2022-11-09 09:50:43.0

Published:

9 Nov 2022 9:42 AM GMT

എന്റെ പ്രവൃത്തികൾ സംസാരിക്കും; ആദ്യ പ്രതികരണവുമായി പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
X

ന്യൂഡൽഹി: സുപ്രിംകോടതി 50ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് ഡി.വൈ ചന്ദ്രചൂഡ്. 'സാധാരണ പൗരന്മാരെ സേവിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുക. ജുഡീഷ്യൽ-രജിസ്ട്രി രംഗങ്ങളിൽ പരിഷ്‌കരണം കൊണ്ടുവരും' ആദ്യ പ്രസ്താവനയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. 'വാക്കുകളല്ല, എന്റെ പ്രവൃത്തികൾ സംസാരിക്കും' എന്ന് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ. ചന്ദ്രചൂഢ് എൻഡിടിവിയോട് പ്രതികരിച്ചു.

രണ്ടുവർഷമാണ് ചന്ദ്രചൂഢ് സുപ്രിംകോടതിയുടെ തലവനായിരിക്കുക. 2024 നവംബർ പത്തുവരെയാണ് കാലാവധി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് പകരക്കാരനായാണ് ചന്ദ്രചൂഢ് എത്തുന്നത്. കേവലം 74 ദിവസം മാത്രമാണ് ഇദ്ദേഹം സ്ഥാനത്തിരുന്നത്. 2016 മേയ് 13നാണ് ചന്ദ്രചൂഢ് സുപ്രിംകോടതി ജഡ്ജിയായത്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ പദവി വഹിച്ചിരുന്നു.

ഏറ്റവും കൂടുതൽ വിധിന്യായം എഴുതിയ ന്യായാധിപൻ

സുപ്രിംകോടതിയിലെ നിലവിലെ ജഡ്ജിമാരിൽ ഏറ്റവും കൂടുതൽ വിധിന്യായം എഴുതിയ ന്യായാധിപൻ കൂടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വ്യക്തിസ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിരവധി വിധ്യനായങ്ങൾ ഡി.വൈ ചന്ദ്രചൂഡിന്റേതായുണ്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ 1057 ബെഞ്ചുകളുടെ ഭാഗമായി എഴുതിയത് 513 വിധിന്യായങ്ങളാണ്. സർവീസ് തർക്കത്തിൽ 94, ക്രിമിനൽ കേസുകളിൽ 89, ഭരണഘടനാ സംബന്ധമായ ഹരജികളിൽ 45 എന്നിങ്ങനെ പോകുന്നു ട്രാക്‌റെക്കോഡ്.

സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അഭിമാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച ഒരുപിടി വിധിന്യായങ്ങൾ പേനയിൽ നിന്നും പിറന്നുവീണു. സ്വവർഗ രതി കുറ്റകരമാക്കുന്ന 377 മത് വകുപ്പ് കോളനികാലത്തെ നിയമമാണെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കി. മതവും പങ്കാളിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രായപൂർത്തിയവർ സ്വയം തീരുമാനിക്കട്ടെയെന്നു ഹാദിയ കേസിൽ വ്യക്തമാക്കി. സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നു ആധാർ കേസിൽ വിധി എഴുതിയപ്പോൾ, തിരുത്തിയത് പിതാവ് വൈ.വി ചന്ദ്രചൂഡിന്റെ നിലപാടിനെ കൂടിയായിരുന്നു. ജസ്റ്റിസ് ലോയയുടെ മരണ സാഹചര്യം അന്വേഷിക്കണമെന്ന ഹരജി തള്ളിക്കളഞ്ഞിരുന്നു.

ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്ന ഇദ്ദേഹം അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, സ്വവർഗ ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം എന്നീ കേസുകൾ പരിഗണിച്ചു. കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതം മനസ്സിലാക്കി നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ഏറ്റവും ഒടുവിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗനൻസി ആക്ടി(എംടിപി)ൽ അവിവാഹിതയായ സ്ത്രീയെ കൂടി ഉൾപ്പെടുത്തിയ വിധിയും ഇദ്ദേഹം തലവനായ ബെഞ്ചിന്റേതായിരുന്നു. നിലവിൽ മീഡിയവൺ വിലക്കടക്കമുള്ള കേസുകൾ പരിഗണിക്കുന്നത് ഇദ്ദേഹത്തിന്റെ ബെഞ്ചാണ്.

സെൻറ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിഎ ഇകണോമിക്‌സ് ബിരുദദാരിയാണ് ചന്ദ്രചൂഢ്. ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബിയും യുഎസ്സിലെ ഹാർവാർഡ് ലോ സ്‌കൂളിൽ നിന്ന് എൽഎൽഎമ്മും ഡോക്ടറേറ്റും നേടി.സുപ്രിംകോടതിയിലും ബോംബേ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മുംബൈയിൽ കംപാരാറ്റീവ് കോൺസ്റ്റിറ്റിയൂഷണൽ ലോ വിസിറ്റിംഗ് പ്രഫസറായും പ്രവർത്തിച്ചു. ഏഴു വർഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഢിന്റെ മകനാണ്. സുപ്രിംകോടതിയുടെ 16ാമത് ചീഫ് ജസ്റ്റിസായിരുന്നു വൈ.വി ചന്ദ്രചൂഡ്.

ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഡി.വൈ ചന്ദ്രചൂഢിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 22 വർഷം നീണ്ട ന്യായാധിപ കർത്തവ്യ നിർവഹണത്തിന് ഒടുവിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ അമ്പതാമത് മുഖ്യ ന്യായാധിപനായി ഡിവൈ ചന്ദ്രചൂഡ് എത്തുന്നത്. ക്ഷണിക്കപ്പെട്ട ചുരുക്കം ചിലർ മാത്രമാണ് രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തത്. രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യവാചകം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഏറ്റുചൊല്ലി.

ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർള, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിതിന് പുറമെ മറ്റ് സുപ്രിംകോടതി ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തി.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സുപ്രിംകോടതിയിൽ എത്തിയ ഡി.വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയിലാണ് ചുമതല വഹിക്കുന്നത്. സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലുള്ള കേസുകൾ അദ്ദേഹം ഇന്ന് മുതൽ പരിഗണിക്കും.

കാലാവധി പൂർത്തിയാകവേ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് പേര് നിർദേശിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയാനെന്നാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി പരിഗണിച്ച ശേഷം കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമ മന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു.

DY Chandrachud sworn in as the Chief Justice of the Supreme Court. who is DY Chandrachud?

TAGS :

Next Story