Quantcast

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ എല്ലാ ദിവസവും നാല് മണിക്കൂർ മൊബൈൽ ഫോണുകൾ സൈലന്‍റാകും? കാരണമിതാണ്!

മൊബൈൽ ഫോണുകളുടെ ദോഷഫലത്തെക്കുറിച്ച് പലരും ബോധവാൻമാരാണെങ്കിൽ പോലും അത് ഉപേക്ഷിക്കാൻ പറ്റാറില്ല

MediaOne Logo
മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ എല്ലാ ദിവസവും നാല് മണിക്കൂർ മൊബൈൽ ഫോണുകൾ സൈലന്‍റാകും? കാരണമിതാണ്!
X

മുംബൈ: ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയ മൊബൈൽ ഫോണുകൾ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നമ്മളിൽ ഭൂരിഭാഗം പേര്‍ക്കും സാധിക്കില്ല. മൊബൈൽ ഫോണുകളുടെ ദോഷഫലത്തെക്കുറിച്ച് പലരും ബോധവാൻമാരാണെങ്കിൽ പോലും അത് ഉപേക്ഷിക്കാൻ പറ്റാറില്ല. അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.അമിതമായ സ്ക്രീൻ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ ഈ ഗ്രാമം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ദിവസവും നാല് മണിക്കൂര്‍ ഇവിടെ ആരും മൊബൈലുകൾ ഉപയോഗിക്കാറില്ല. ഫോണുകൾ നിശബ്ദമാകും.

അമിതമായ മൊബൈൽ ഫോണുപയോഗം മൂലം വിദ്യാര്‍ഥികൾക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നപ്പോൾ അഗ്രാൻ ദുൽഗാവ് ഗ്രാമത്തിലെ സർപഞ്ച് ശിവദാസ് ഭോസാലെ പ്രയോഗിച്ച തന്ത്രമാണിത്. രാവിലെയും വൈകിട്ടും രണ്ട് മണിക്കൂര്‍ വീതം നാല് മണിക്കൂര്‍ മൊബൈൽ ഫോണുകൾ ഓഫാക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു നിര്‍ദേശം. രാവിലെ 5 മണിക്കും വൈകിട്ട് 7 മണിക്കുമാണ് നിര്‍ദേശങ്ങൾ നടപ്പിലാക്കിയത്.

ഉത്തരവ് നടപ്പിലാക്കുക അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ, വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കാരണം കുട്ടികൾ പഠിക്കുമ്പോൾ ഡിജിറ്റൽ ഉപകരണങ്ങളും ടെലിവിഷനുകളും അവര്‍ക്ക് ഓഫാക്കേണ്ടി വന്നു. എന്നാൽ കുട്ടികൾ പഠനത്തിൽ മികവ് കാട്ടിത്തുടങ്ങിയതോടെ ഗ്രാമവാസികളും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും തീരുമാനത്തെ പിന്തുണക്കുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കി. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർപഞ്ച് ഇടയ്ക്കിടെ വീടുതോറും സന്ദർശനം നടത്താറുണ്ടെന്നും ബെറ്റര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കൻ കർണാടകയിലെ ബെലഗാവി ജില്ലയിലെ ഹലഗ ഗ്രാമവും ഇതേ തന്ത്രം വിജയകരമായി പരീക്ഷിച്ചു. എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ശിവാജി സ്മാരകത്തിന്റെ മുകളിൽ രണ്ട് മിനിറ്റ് സൈറൺ മുഴങ്ങും. അപ്പോൾ പുറത്തു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ വീട്ടിലെത്തി അടുത്ത രണ്ട് മണിക്കൂര്‍ പഠനത്തിനായി മാറ്റി വയ്ക്കും. ഈ സമയത്ത് ടിവിയും മൊബൈൽ ഫോണുകളും ഓഫ് ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story