അജിത് പവാറിന്റെ മരണവാർത്ത 21 മണിക്കൂർ മുമ്പേ അപ്ഡേറ്റ് ചെയ്ത് വിക്കിപീഡിയ; സംഭവിച്ചതെന്താണ് ?
വലിയ തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്

- Updated:
2026-01-29 11:41:37.0

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിലേക്ക് നയിച്ച വിമാനാപകടത്തിന് ശേഷം വലിയ തരത്തിലുള്ള അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്. അപകടം നടക്കുന്നതിന് 21 മണിക്കൂർ മുമ്പേ വിക്കിപീഡിയ പേജിൽ അദ്ദേഹത്തിന്റെ മരണം അപ്ഡേറ്റ് ചെയ്തതായി കാണിച്ചുള്ള സ്ക്രീൻഷോട്ടാണ് ഇപ്പോൾ അത്തരം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്.
ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ സാങ്കേതികമായ അടിത്തറയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലയെന്നാണ് ഉത്തരം. വ്യാജ പ്രചാരണങ്ങൾക്ക് കാരണങ്ങളായേക്കാവുന്ന ചില സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാം:
വെബ്സൈറ്റ് ഒരു ഓൺലൈൻ ഡാറ്റ ലൈബ്രറിയാണ്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഇത് എഡിറ്റ് ചെയ്യാൻ കഴിയും. ഇത് സാധാരണയായി സ്ഥിരീകരിച്ച വാർത്തകളും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും ഹോസ്റ്റ് ചെയ്യുന്നു, എന്നാൽ ഡാറ്റയിൽ മാറ്റം വരുത്തിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വിക്കിപീഡിയ സെർവറുകൾ UTC (Coordinated Universal Time) സമയമേഖലയെയാണ് പിന്തുടരുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തിൽ നിന്ന് അഞ്ച് മണിക്കൂർ 30 മിനിറ്റ് പിന്നിലാണിത്. ഉദാഹരണത്തിന് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമായ ISTയിൽ 10:30 AM എന്നത് ഏകീകൃത സാർവത്രിക സമയമായ UTCയിൽ 5:00 AM ആണ്. ഒരു സംഭവം നടന്ന ശേഷം ഇന്ത്യയിൽ നിന്ന് വിവരങ്ങൾ പുതുക്കുമ്പോൾ, വിക്കിപീഡിയയിൽ അതിന്റെ ഹിസ്റ്ററിയിൽ രേഖപ്പെടുത്തുന്നത് രാജ്യാന്തര സമയമായിരിക്കും. ഇത് നേരത്തെ സംഭവിച്ചതായ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം.
അപകട വാർത്ത പൊതുജനങ്ങൾക്ക് ലഭിച്ചതിന് ശേഷം ഇന്ത്യൻ സമയം രാവിലെ 9:30 ഓടെ, അജിത് പവാറിന്റെ പേജ് അപ്‌ഡേറ്റ് ചെയ്‌തതായി വിക്കിപീഡിയ എഡിറ്റർമാരും ഡിജിറ്റൽ വിദഗ്ധരും സ്ഥിരീകരിക്കുന്നു.
ബ്രേക്കിംഗ് ന്യൂസുകളിൽ, പ്രത്യേകിച്ച് മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന സമയത്ത് ഇത് സാധാരണമാണ്. രജിസ്റ്റർ ചെയ്ത ഏതൊരു ഉപയോക്താവിനും പേജുകൾ എഡിറ്റ് ചെയ്യാൻ വിക്കിപീഡിയ അനുവദിക്കുന്നു. പ്രധാന സംഭവങ്ങൾ നടക്കുമ്പോൾ, ഒന്നിലധികം ഉപയോക്താക്കൾ മിനിറ്റുകൾക്കുള്ളിൽ ലേഖനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാൽ ടൈംസ്റ്റാമ്പുകൾ ഇടയ്ക്കിടെ മാറുന്നു. വെബ് ബ്രൗസറുകളിൽ ലഭ്യമായ ഇൻസ്പെക്റ്റ് എലമെന്റ് ടൂൾ ഉപയോഗിച്ച് നിരവധി ചിത്രങ്ങൾ സൃഷ്ടിച്ചതായി കാണുന്നുണ്ടെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സമയവും തീയതിയും മാറ്റി വ്യാജ സ്ക്രീൻഷോട്ടുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്. ഇതിനെപറ്റി അറിവില്ലാത്തവരിൽ ഇത് വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം.
ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും എയർ ട്രാഫിക് കൺട്രോൾ (എടിസി) ലോഗുകളും ജനുവരി 28 ന് രാവിലെ 8:45 ന് ഇന്ത്യൻ സമയത്താണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിക്കുന്നു. ഔദ്യോഗികമായി ഒരു ഏജൻസിയും ഫൗൾ പ്ലേയുടെ തെളിവുകൾ കണ്ടെത്തിയിട്ടുമില്ല
Adjust Story Font
16
