Quantcast

'എന്‍റെ തലയിൽ നിന്നും രക്തമൊഴുകി, ഇനി ത്രിപുരയിലേക്കില്ല': ബിജെപി ആക്രമണത്തിനിരയായ മാധ്യമപ്രവർത്തകൻ

ത്രിപുര ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്ന് പിടിഐ ഫോട്ടോഗ്രാഫര്‍

MediaOne Logo

Web Desk

  • Updated:

    2021-11-23 08:40:54.0

Published:

23 Nov 2021 8:37 AM GMT

എന്‍റെ തലയിൽ നിന്നും രക്തമൊഴുകി, ഇനി ത്രിപുരയിലേക്കില്ല: ബിജെപി ആക്രമണത്തിനിരയായ മാധ്യമപ്രവർത്തകൻ
X

ത്രിപുരയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകര്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സായോണി ഘോഷിനെ അറസ്റ്റ് ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ഈസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ടവരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയുമുണ്ട്.

"സായോണിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. 200ഓളം പേര്‍ സ്റ്റേഷനിലേക്ക് ഇരച്ചെത്തി. അവരുടെ കയ്യില്‍ ഹോക്കി സ്റ്റിക്കും ലാത്തിയും വടിയുമുണ്ടായിരുന്നു. അവരില്‍ പലരും ഹെല്‍മറ്റ് ധരിച്ചിരുന്നു. അവര്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാന്‍ തുടങ്ങി. ചില പൊലീസുകാര്‍ക്കും മര്‍ദനമേറ്റു. മൈക്കുമായി നിന്ന ഞാന്‍ ഏത് ചാനലില്‍ നിന്നാണെന്ന് അവര്‍ ചോദിച്ചു. മറുപടി പറഞ്ഞപ്പോള്‍ ബ്രോക്കര്‍ എന്നുവിളിച്ച് എന്നെ മര്‍ദിക്കാന്‍ തുടങ്ങി. അടിയേറ്റ് എന്‍റെ കണ്ണില്‍ നിന്നും തലയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. എന്‍റെ ശരീരമാകെ മുറിവേറ്റു"- ബംഗാളി ചാനലായ അബ് തക് ഖബറിന്‍റെ റിപ്പോര്‍ട്ടര്‍ അലി അക്ബര്‍ ലഷ്കര്‍ പറഞ്ഞു.

ആരാണ് മര്‍ദിച്ചതെന്ന ചോദ്യത്തിന് ബിജെപി അനുകൂലികളാണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറഞ്ഞതെന്ന് അലി അക്ബര്‍ വ്യക്തമാക്കി. തന്‍റെ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയെ അക്രമികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അലി പറഞ്ഞു.

മർദനമേറ്റവരെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ സ്ഥലം വിട്ടു. പിന്നീട് ഇരുപതോളം പേര്‍ വന്ന് തൃണമൂല്‍ പ്രവര്‍ത്തകനാണോ എന്ന് തന്നോട് ചോദിച്ചെന്ന് അലി പറഞ്ഞു. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ജോലി ചെയ്യാനാണ് ഇവിടെ വന്നതെന്നും മറുപടി പറഞ്ഞു. ആശുപത്രിയിലെത്തിയ അക്രമകാരികളിൽ നിന്ന് ഡോക്ടർ തങ്ങളെ സംരക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ ബാത്റൂമില്‍ ഒളിച്ചിരുന്നുവെന്ന് അലിയുടെ സഹപ്രവര്‍ത്തക മാമോനി ഭട്ടാചാര്യ പറഞ്ഞു. തുടർന്ന് ത്രിപുരയിലുള്ള ഒന്നു രണ്ടു സുഹൃത്തുക്കളെ വിളിച്ച് ഹോട്ടൽ മുറിയിലേക്ക് മാറിയെന്നും മാമോനി ന്യൂസ്‌ ലോൺഡ്രിയോട് പറഞ്ഞു.

"ഇന്ത്യ ഒരു റിപബ്ലിക് രാജ്യമാണ്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ഇത്തരം സംഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു"- മാമോനി കൂട്ടിച്ചേർത്തു.

ഇനി ഒരിക്കലും ത്രിപുരയിലേക്ക് വരില്ല. 5 വർഷത്തെ മാധ്യമ പ്രവർത്തിനിടെ ഇതാദ്യമായാണ് ത്രിപുരയിലേക്കെത്തുന്നത്. ത്രിപുരയിലെ പ്രാദേശിക മാധ്യമ പ്രവർത്തകർ പിന്തുണച്ചെന്നും അലി അക്ബര്‍ പറഞ്ഞു. ത്രിപുര ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്ന് പിടിഐ ഫോട്ടോഗ്രാഫര്‍ സുശാന്തോ ദാസ് പ്രതികരിച്ചു.

TAGS :

Next Story