‘നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്നാണോ ശുദ്ധ പെട്രോൾ വരുന്നത്’: അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി
ഇന്ത്യയിലെ വാഹനങ്ങൾക്കും എഥനോളിൽ പ്രവർത്തിക്കാന്‍ കഴിയുമെന്നും ബിജെപി എംപി ജനാർദ്ദൻ മിശ്ര

ഭോപാല്‍: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തെ എതിർക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശവുമായി മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. എഥനോൾ കലർത്താത്ത ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്നാണോ വരുന്നത്? എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
റേവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്യുന്ന പൊതുചടങ്ങിൽ സംസാരിക്കവേയായിരുന്നു എംപിയുടെ വിവാദ പ്രസ്താവന.
ഇന്ത്യ ഇപ്പോഴും ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 20% മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതെന്നും ബാക്കി 80% ഇറക്കുമതി ചെയ്യുകയാണെന്നും മിശ്ര അവകാശപ്പെട്ടു. ചിലപ്പോൾ ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ ടാങ്കറുകൾക്ക് അധികമായി 18,000 കിലോമീറ്റർ വരെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ സാഹചര്യത്തിലാണ് പെട്രോളിൽ 20% എഥനോൾ കലർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ അതിനെ ചിലർ വിമർശിക്കുന്നു. എഥനോൾ ഉപയോഗശൂന്യമാണെന്നാണ് പറയുന്നത്. ശുദ്ധ പെട്രോൾ വേണമെന്നുമുള്ള പ്രക്ഷോഭവും ഇവിടെ നടക്കുന്നു. ശുദ്ധ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്നാണോ വരുന്നത്? രാജ്യത്ത് ശുദ്ധ പെട്രോൾ ഇല്ലെങ്കിൽ അത് എവിടെനിന്നാണ് വരുന്നത്?”– മിശ്ര ചോദിച്ചു.
ബ്രസീലിൽ എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അവിടെയുളള വാഹനങ്ങൾ 100% എഥനോളിൽ ഓടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ വാഹനങ്ങൾക്കും എഥനോളിൽ പ്രവർത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

