Quantcast

വൈദ്യുതി മുടങ്ങി; ടോർച്ചിന്റെ വെളിച്ചത്തിൽ സർക്കാർ ആശുപത്രിയിൽ യുവതിയുടെ പ്രസവം

പുതുതായി രൂപവത്കരിച്ച അനകപള്ളി ജില്ലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ തുടർച്ചയായി വൈദ്യുതി മുടക്കമാണ്

MediaOne Logo

Web Desk

  • Updated:

    2022-04-09 12:36:22.0

Published:

9 April 2022 12:35 PM GMT

വൈദ്യുതി മുടങ്ങി; ടോർച്ചിന്റെ വെളിച്ചത്തിൽ സർക്കാർ ആശുപത്രിയിൽ യുവതിയുടെ പ്രസവം
X

വൈദ്യുതി മുടങ്ങിയതോടെ ടോർച്ച്, മൊബൈൽ ഫോൺ, മെഴുകുതിരി എന്നിവയുടെ വെളിച്ചത്തിൽ സർക്കാർ ആശുപത്രിയിൽ യുവതി പ്രസവിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് നിസരിപട്ടണത്ത് എൻടിആർ ഗവൺമെൻറ് ആശുപത്രിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറംലോകമറിഞ്ഞത്.

പുതുതായി രൂപവത്കരിച്ച അനകപള്ളി ജില്ലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി ഇവിടെ വൈദ്യുതി മുടക്കമാണ്. യുവതിയുടെ പ്രസവ സമയത്ത് കിട്ടാവുന്നത്ര ലൈറ്റുകൾ കൊണ്ടുവരാൻ കൃഷ്ണദേവി പട്ട ആശുപത്രി ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു.


'കിട്ടാവുന്നത്ര മെഴുകുതിരികൾ, മൊബൈൽ ഫോണുകൾ, ടോർച്ചുകൾ എന്നിവ കൊണ്ടുവരാൻ അർധ രാത്രി ജീവനക്കാർ ആവശ്യപ്പെട്ടു' എന്നാണ് യുവതിയുടെ ഭർത്താവ് പിന്നീട് പറഞ്ഞത്. ഇതേസമയം, യുവതി പ്രസവ വേദന അനുഭവിക്കുകയായിരുന്നു. ആശുപത്രിയിലെ ജനറേറ്റർ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കേടുവന്നു കിടക്കുന്നതിനാലാണ് വെളിച്ചത്തിന് മറ്റു വഴികൾ തേടിയതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

ഏപ്രിൽ നാലിന് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ചിരുന്നു. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളായിരിക്കുകയാണ്. പുനഃസംഘടനയ്ക്കു മുന്നോടിയായി മന്ത്രിസഭ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പിരിച്ചുവിടുകയും ചെയ്തിരുന്നു. വൈസ്.എസ് സർക്കാർ ഏകദേശം മൂന്നു വർഷം പിന്നിടാനിരിക്കെയാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം നടക്കുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗവർണർ ബിശ്വ ഭൂഷനുമായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു.

2019 മേയ് 30നാണ് ജഗൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിസഭ സമ്പൂർണമായി പുനഃസംഘടിപ്പിക്കുമെന്ന് അന്ന് റെഡ്ഡി അറിയിച്ചിരുന്നു. 2021 ഡിസംബറിൽ പുനഃസംഘടന നടത്താനായിരുന്നു പദ്ധതിയെങ്കിലും കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 175 അംഗ നിയമസഭയിൽ 151 സീറ്റുമായാണ് ജഗൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഭരണത്തിലേറിയത്.

The woman gave birth at a government hospital by torch, mobile phone and candlelight after a power outage.

TAGS :

Next Story