വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. 128ാം ഭരണഘടന ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ് ബിൽ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യദിന സമ്മേളനത്തിലെ അജണ്ടയിൽ വനിത സംവരണ ബിൽ ഉൾപ്പെടുത്തിയിരുന്നു. ബുധനാഴ്ച ബിൽ ലോക്സഭ പാസാക്കും.
ബില്‍ കൊണ്ടുവന്നത് മുന്‍കൂട്ടി അറിയിക്കാതെയെന്ന് പ്രതിപക്ഷം പറഞ്ഞു. അപ്രതീക്ഷിതമായാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ പഠിക്കാനോ നോക്കാനോ സമയം കിട്ടിയില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വനിതാ സംവരണത്തിനായി നിലകൊണ്ടത് കോൺഗ്രസായിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ വനിതാ സംവരണത്തിനായി പ്രമേയം പാസാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ട് വന്നത് രാജീവ് ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.
Adjust Story Font
16