Quantcast

'വീട്ടിലിരുന്ന് ജോലി ചെയ്തത് മതി, ഓഫീസിലെത്തണം, അല്ലെങ്കില്‍ നടപടി': ജീവനക്കാർക്ക് മുന്നറിയിപ്പുമായി ടാറ്റ

കോവിഡിന് മുമ്പുള്ള തൊഴിൽ രീതിയിലേക്ക് തന്നെ പൂർണമായും മടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-02-07 12:27:55.0

Published:

7 Feb 2024 12:23 PM GMT

ടാറ്റ കൺസൾട്ടൻസി സർവീസ്
X

മുംബൈ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം( വർക്ക് ഫ്രം ഹോം) ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്(ടി.സി.എസ്)പൂർണമായും അവസാനിപ്പിക്കുന്നു. വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജോലിയിലെത്താത്ത ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി ഒരു ഇളവ് കൂടി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ മാർച്ച് അവസാനം വരെ ജോലി ചെയ്യാം. തൊഴിൽ സംസ്‌കാരത്തിന്റെ പ്രാധാന്യവും സുരക്ഷ പ്രശ്‌നങ്ങളുമൊക്കെ മുൻനിർത്തിയാണ് വീട്ടിലിരുന്നുള്ള ജോലി അവസാനിപ്പിക്കുന്നതെന്ന് കമ്പനി ചീഫ് ഓപറേറ്റിങ് ഓഫീസർ എൻ.ജി സുബ്രഹ്മണ്യൻ വ്യക്തമാക്കി. കമ്പനിയിൽ തിരികെ വന്ന് ജോലിയെടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികളെ ബോധിപ്പിച്ചിട്ടുണ്ട്.

വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതിന്റെ ആശങ്ക സുബ്രഹ്മണ്യൻ പ്രകടിപ്പിച്ചു. സൈബർ ആക്രമണത്തിന്റെ സാധ്യതകളാണ് കമ്പനി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്പോൾ ഇക്കാര്യത്തിൽ കാര്യമായ മുൻകരുതൽ സ്വീകരിക്കാനാവുന്നില്ലെന്നും കമ്പനി അറിയിക്കുന്നു. കോവിഡിന് മുമ്പുള്ള തൊഴിൽ രീതിയിലേക്ക് തന്നെ പൂർണമായും മടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കോവിഡ് മഹാമാരിക്ക് പിന്നാലെയാണ് ഹൈബ്രിഡ് മോഡലിലുള്ള ജോലി കമ്പനി സ്വീകരിക്കുന്നത്. ഇത് പ്രകാരം വീട്ടിലിരുന്നും ഓഫീസിലെത്തിയും തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഐടികമ്പനിയായ ഇൻഫോസിൽ അവരുടെ യു.എസ് യൂണിറ്റിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എച്ച്.സി.എൽ ടെക്കിലും സമാന പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് ടാറ്റയുടെ നീക്കം.

അതേസമയം കോവിഡിൻ്റെ തീവ്രത കുറഞ്ഞപ്പോൾ തന്നെ പല ഐടി കമ്പനികളും ജോലിക്കാരെ തിരികെ വിളിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒരു വശം നോക്കിയാൽ, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് കമ്പനികള്‍ക്ക് ലാഭമായിരുന്നു. കെട്ടിടത്തിൻ്റെ വാടക, നികുതി തുടങ്ങിയ ആശ്വാസങ്ങളാണ് കമ്പനികള്‍ക്ക് ലഭിച്ചിരുന്നത്.

TAGS :

Next Story