Quantcast

'വായിച്ചാല്‍ മനസിലാകണം'; വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണമെന്ന് ഡോക്ടർമാരോട് ഒഡീഷ സര്‍ക്കാര്‍

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    13 Jan 2024 5:00 AM GMT

prescriptions in good handwriting: Odisha to docs, doctorshandwriting,Odisha govt,writing prescriptions ,latest malayalam news,ഡോക്ടര്‍മാരുടെ കൈയക്ഷരം,ഒഡിഷ,മരുന്ന് കുറിപ്പടി
X

ഭുവനേശ്വർ: ഡോക്ടർമാർ മരുന്ന് കുറിപ്പടികൾ വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണമെന്ന് ഉത്തരവിട്ട് ഒഡിഷ സർക്കാർ. മറ്റുള്ളവർക്ക് വായിക്കാനാകുന്ന രീതിയിൽ ഡോക്ടർമാർ കുറിപ്പടികളെഴുതണമെന്ന് ഉത്തരവിറക്കാൻ കഴിഞ്ഞദിവസം ഒഡിഷ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

'സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും മെഡിക്കൽ ഓഫീസർമാരും ദേശീയ മെഡിക്കൽ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വൃത്തിയുള്ള കൈയക്ഷരത്തിലോ ടൈപ്പ് ചെയ്തോ കുറിപ്പടി എഴുതണം എന്നാണ് ഉത്തരവിൽ പറയുന്നത്.

കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ ഡോക്ടറെഴുതിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വായിച്ച് മനസിലാക്കാൻ കഴിയാതെ വന്നതിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാമ്പു കടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ ആശ്രിത ധനസഹായം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോൾ ഡോക്ടർ നൽകിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഡോക്ടറുടെ കൈയക്ഷരം വായിച്ചുമനസിലാക്കാൻ ജഡ്ജി ഏറെ ബുദ്ധിമുട്ടി. തുടര്‍ന്ന് ഡോക്ടര്‍തന്നെ നേരിട്ടെത്തിയായിരുന്നു റിപ്പോര്‍ട്ട് വായിച്ചുകേള്‍പ്പിച്ചത്.

ഇതോടെയാണ് മെഡിക്കൽ സംബന്ധമായ എല്ലാ റിപ്പോർട്ടുകളും ആളുകൾക്ക് വായിക്കാനുകുന്ന രീതിയിൽ എഴുതണമെന്ന് കോടതി ആവശ്യപ്പെട്ടത്. വളഞ്ഞ് പുളഞ്ഞുള്ള( സിഗ് സാഗ്) കൈയക്ഷരം സാധാരണക്കാർക്കോ നീതി പീഠത്തിനോ മനസിലാകുന്നില്ലെന്നും ഇത്തരം കൈയക്ഷരം ഡോക്ടർമാർക്കിടയിൽ ഫാഷനായിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

TAGS :

Next Story