Quantcast

സിവിൽ സർവീസ്, ജനതാ പാർട്ടി, ജനതാദൾ, ബി.ജെ.പി, തൃണമൂൽ; യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രീയയോഗം

ബി.ജെ.പിയില്‍ ഇനിയൊരു ഭാവിയില്ലെന്ന് ഉറപ്പി ഘട്ടത്തിലാണ് സിൻഹ മോദി വിമർശകന്റെ കുപ്പായത്തിൽ ദേശീയരാഷ്ട്രീയത്തിൽ സജീവമാകുന്നതു കണ്ടത്. 2018ൽ ബി.ജെ.പിയുമായുള്ള രണ്ടര പതിറ്റാണ്ടുനീണ്ട ബന്ധം അവസാനിപ്പിച്ച് പുറത്തിറങ്ങി

MediaOne Logo

Web Desk

  • Updated:

    2022-06-21 12:44:02.0

Published:

21 Jun 2022 12:33 PM GMT

സിവിൽ സർവീസ്, ജനതാ പാർട്ടി, ജനതാദൾ, ബി.ജെ.പി, തൃണമൂൽ; യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രീയയോഗം
X

ന്യൂഡൽഹി: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സിവിൽ സർവീസ് ജീവിതം അവസാനിപ്പിച്ച് ജനതാ പാർട്ടിയിലൂടെ സജീവരാഷ്ട്രീയത്തിലേക്ക്. ജനതാദൾ രൂപംകൊണ്ടപ്പോൾ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി. സോഷ്യലിസ്റ്റ് രാഷ്ട്രീയം മടുത്ത് ബി.ജെ.പിയുടെ മടയിൽ. ധനകാര്യമടക്കം കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. പിന്നാലെ ബി.ജെ.പിയോടും കലഹിച്ച് തൃണമൂൽ കോൺഗ്രസിൽ. ഒടുക്കം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തേരോട്ടം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി വിശ്വസിച്ചേൽപ്പിച്ച രാഷ്ട്രപതി സ്ഥാനാർത്ഥി.

യശ്വന്ത് സിൻഹ എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്റെ എട്ടു പതിറ്റാണ്ടു നീണ്ട സംഭവബഹുലമായ ജീവിതം ഇങ്ങനെ ചുരുക്കിപ്പറയാം. ഒരിടത്തും ഉറച്ചുനിന്ന പാരമ്പര്യം സിൻഹയ്ക്കില്ല. ജീവിതയാത്രയ്ക്കിടയിൽ പലപ്പോഴായി തങ്ങിയ ഇടത്താവളങ്ങളിൽനിന്നെല്ലാം വേണ്ടുവോളം അധികാരവും അംഗീകാരങ്ങളും നുണഞ്ഞിട്ടുമുണ്ട്.

സിവിൽ സർവീസിൽ

1937 നവംബർ ആറിന് ബിഹാറിലെ പട്‌നയിൽ ഒരു കായസ്ഥ കുടുംബത്തിലാണ് യശ്വന്ത് സിൻഹയുടെ ജനനം. പട്‌ന സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. പിൽക്കാലത്ത് സർവകലാശാലയിൽ തന്നെ രാഷ്ട്രമീമാംസാ അധ്യാപകനായും അദ്ദേഹമെത്തി.

1960കളിലാണ് സിവിൽ സർവീസ് യോഗ്യത നേടുന്നത്. ബിഹാറിൽ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റും ജില്ലാ മജിസ്‌ട്രേറ്റുമായായിരുന്നു തുടക്കം. വൈകാതെ ബിഹാർ സർക്കാരിൽ രണ്ടുവർഷത്തോളം ധനകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചു. പിന്നീട് കേന്ദ്ര വാണിജ്യ, ഉപരിതല ഗതാഗത വകുപ്പുകളിൽ ഡെപ്യൂട്ടി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. ജർമനിയിൽ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയുമായി മൂന്നു വർഷത്തോളം.

രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം; കൂടുമാറ്റങ്ങളുടെ കാലം

1984ൽ സിവിൽ സർവീസിൽനിന്ന് രാജിവച്ചാണ് രാഷ്ട്രീയത്തിൽ പയറ്റാനിറങ്ങുന്നത്. പഴയ ജനതാപാർട്ടിയിലൂടെയായിരുന്നു തുടക്കം. 1986ൽ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിതനായ സിൻഹയെ ജനതാ പാർട്ടി രാജ്യസഭയിലേക്കും അയച്ചു.

1989ൽ ജനതാ പാർട്ടിയും ലോക്ദളുമെല്ലാം ലയിച്ച് ജനതാദൾ രൂപംകൊണ്ടതോടെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത് സിൻഹയായിരുന്നു. 1990ൽ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനകാര്യ മന്ത്രിയുമായി.

ചന്ദ്രശേഖർ സർക്കാരിന്റെ ആയുസ് അവസാനിച്ചതോടെ പുതിയ കരിയർ തേടി ബി.ജെ.പിയിലേക്ക് കൂടുമാറി. 1992ലായിരുന്നു ഇത്. അധികം വൈകാതെത്തന്നെ പാർട്ടി അദ്ദേഹത്തിന് ദേശീയ വക്താവായി അംഗീകാരവും നൽകി. 1998ൽ ഝാർഖണ്ഡിലെ ഹസാരിബാഗിൽനിന്ന് വിജയിച്ച് പാർലമെന്റിലെത്തിയ സിൻഹ എ.ബി വാജ്‌പെയ് സർക്കാരിലൂടെ വീണ്ടും ധനകാര്യ മന്ത്രിയായി. 2002ൽ വാജ്‌പെയിയുടെ മൂന്നാം ഊഴത്തിൽ വിദേശകാര്യ മന്ത്രിയായി. 2004ൽ ഹസാരിബാഗിൽ തോറ്റതോടെ രാജ്യസഭയിലൂടെ വീണ്ടും കേന്ദ്രമന്ത്രിയായി.

2009ൽ ബി.ജെ.പി ടിക്കറ്റിൽ തന്നെ ഹസാരിബാഗ് തിരിച്ചുപിടിച്ചെങ്കിലും അധികം വൈകാതെ പാർട്ടിക്കുള്ളിൽ വിമതസ്വരം ഉയർത്തിത്തുടങ്ങി സിൻഹ. വാജ്‌പെയ് കാലഘട്ടത്തിനു ശേഷം പാർട്ടിയിൽ അപ്രസക്തനാകുകയാണോ എന്ന ഭീതിയായിരുന്നു ഇതിനു പിന്നിൽ. 2012ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി പ്രണബ് മുഖർജിയെ പിന്തുണച്ചു. ഇതുകൂടിയായതോടെ സിൻഹ പൂർണമായും പാർട്ടിക്ക് അനഭിമതനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ സീറ്റ് നിഷേധിച്ചായിരുന്നു നേതൃത്വം കണക്കുവീട്ടിയത്. മണ്ഡലം സിൻഹയുടെ മകൻ ജയന്ത് സിൻഹയ്ക്കു നൽകിയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയനീക്കം.

മോദി വിമർശകൻ; മമത ക്യാംപിൽ

പാർട്ടിയിൽ ഇനിയൊരു ഭാവിയില്ലെന്ന് ഉറപ്പിച്ച സിൻഹ പിന്നീട് മോദി വിമർശകന്റെ കുപ്പായത്തിൽ ദേശീയരാഷ്ട്രീയത്തിൽ സജീവമാകുന്നതാണ് കണ്ടത്. 2018ൽ ബി.ജെ.പിയുമായുള്ള രണ്ടര പതിറ്റാണ്ടുനീണ്ട ബന്ധം അവസാനിപ്പിച്ച് പുറത്തിറങ്ങി. മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്നുവെന്ന കടുത്ത ആരോപണങ്ങളുയർത്തിയായിരുന്നു രാജി. പാർട്ടി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി തുടർജീവിതം സമർപ്പിക്കുന്നുവെന്നാണ് അന്ന് സിൻഹ പറഞ്ഞത്.

തൊട്ടടുത്ത വർഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി നിയമം(സി.എ.എ) അവതരിപ്പിക്കുന്നത്. രാജ്യവ്യാപകമായി സി.എ.എ വിരുദ്ധ സമരം കൊടുമ്പിരികൊണ്ടപ്പോൾ പലയിടങ്ങളിലും നിയമഭേദഗതിയുടെ വിമര്‍ശകന്‍റെ റോളിൽ സിൻഹ പ്രത്യക്ഷപ്പെട്ടു. ഒരുപടികൂടി കടന്ന് സി.എ.എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ സിൻഹ 3,000 കി.മീറ്റർ പദയാത്രയും ആരംഭിച്ചു.

പാർട്ടി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം വിഴുങ്ങി 2021 മാർച്ചിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ബംഗാളിൽ ബി.ജെ.പിയുടെ കാടിളക്കിയുള്ള പ്രചാരണങ്ങൾ നടന്ന പ്രചാരണത്തിനൊടുവിലും മമത മിന്നുന്ന വിജയം നേടിയ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപായിരുന്നു തൃണമൂലിൽ ചേക്കേറിയത്. അധികം വൈകാതെത്തന്നെ തൃണമൂൽ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷനായി നിയമിതനായി പിന്നീട്. ഏറ്റവുമൊടുവിൽ മമത നടത്തിയ രാഷ്ട്രീയനീക്കത്തിൽ സിൻഹയ്ക്ക് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായും നറുക്കുവീണിരിക്കുകയാണ്.

Summary: The political life of the Opposition's Presidential candidate, Yashwant Sinha

TAGS :

Next Story