Quantcast

കടം തീര്‍ക്കാന്‍ പെൺകുട്ടികളെ വിൽക്കുന്നു! ഇടനിലക്കാരായി ഖാപ്പ് പഞ്ചായത്തുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് രാജസ്ഥാനിൽനിന്ന്

കടം വാങ്ങിയവരുടെ കുട്ടികളെയോ സഹോദരിമാരെയോ വിൽക്കാൻ 'ഖാപ്പ് കോടതി' ഉത്തരവിടും. ഇതിനു വഴങ്ങിയില്ലെങ്കില്‍ അമ്മമാര്‍ക്ക് കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടിവരും

MediaOne Logo

Web Desk

  • Updated:

    2022-10-29 07:30:52.0

Published:

29 Oct 2022 5:45 AM GMT

കടം തീര്‍ക്കാന്‍ പെൺകുട്ടികളെ വിൽക്കുന്നു! ഇടനിലക്കാരായി ഖാപ്പ് പഞ്ചായത്തുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് രാജസ്ഥാനിൽനിന്ന്
X

ജെയ്പൂർ: കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതരരോഗം ബാധിച്ചാൽ മതി. കൈമലർത്തി പകച്ചുനിൽക്കാനേ അവരെക്കൊണ്ടാകൂ. ഒടുവിൽ ഏതെങ്കിലും സ്വകാര്യ വ്യക്തികളിൽനിന്നോ കമ്പനികളിൽനിന്നോ ലക്ഷങ്ങൾ വായ്പയെടുത്ത് ചികിത്സ നടത്താൻ നിർബന്ധിതരാകും. ഒരു ജന്മം അധ്വാനിച്ചാലും ആ തുക അവരെക്കൊണ്ട് തിരിച്ചടക്കാനാകില്ല.

തിരിച്ചടവ് മുടങ്ങുമ്പോൾ വായ്പ നൽകിയവരുടെ സ്വഭാവം മാറും. സമ്മർദമാകും. ഒടുവിൽ കേസ് 'ഖാപ്പ് കോടതി'യിലെത്തും. പരിഹാരം ഖാപ്പ് പഞ്ചായത്ത് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്; വീട്ടിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ വായ്പ നൽകിയവർക്ക് കൈമാറുക!

സാങ്കൽപികകഥയോ ഭാവനയോ ഒന്നുമല്ല ഇത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഒരു സാധാരണ സംഭവം മാത്രം! കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ പെൺകുട്ടികളെ വിൽക്കാൻ നിർബന്ധിതരാകുന്ന കുടുംബങ്ങൾ! രാജസ്ഥാനിൽനിന്നാണ് ഇപ്പോൾ രാജ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ(എൻ.എച്ച്.ആർ.സി) രാജസ്ഥാൻ സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

'ഖാപ്പ് കോടതി'യുടെ തീർപ്പുകൾ

രാജസ്ഥാനിലെ ബിൽവാര അടക്കമുള്ള പത്തോളം ജില്ലകളിലാണ് ഇത്തരത്തിൽ ഗുരുതര കുറ്റകൃത്യങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ രാജസ്ഥാനിൽ 400ലേറെ പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിറകെയാണ് നടുക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രോഗം അടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലാണ് ഇവിടത്തെ ഗ്രാമീണർ ലക്ഷങ്ങൾ വായ്പയെടുക്കാൻ നിർബന്ധിതരാകുന്നത്. എന്നാൽ, നേരത്തെ സൂചിപ്പിച്ച പോലെ ജീവിതം മുഴുവൻ ജോലി ചെയ്താലും ആ തുക അവർക്ക് തിരിച്ചടയ്ക്കാനാകില്ലെന്ന് കടം നൽകുന്നവർക്കും ഉറപ്പാണ്. ഇതിനുള്ള പരിഹാരം കൂടി മുൻകൂട്ടിക്കണ്ടാണ് വായ്പ നൽകുന്നത്!

നിശ്ചിത സമയത്ത് കടം തിരിച്ചടച്ചില്ലെങ്കിൽ പരാതിയുമായി സർക്കാർ-നിയമസംവിധാനങ്ങളെയല്ല സമീപിക്കുക. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ജാതി പഞ്ചായത്തുകളായ 'ഖാപ്പ്' കോടതികൾക്കുമുന്നിൽ വിഷയം എത്തും. കടം വാങ്ങിയവരുടെ കുട്ടികളെയോ സഹോദരിമാരെയോ വിൽക്കാൻ ഖാപ്പ് കോടതി ഉത്തരവിടും. ഇതിനു വഴങ്ങിയില്ലെങ്കില്‍ അമ്മമാരെ ബലാത്സംഗം ചെയ്യുന്നതായിരിക്കും അടുത്ത നടപടി!

നിർബന്ധിതരായി കുഞ്ഞുങ്ങളെ ഖാപ്പിനു മുന്നിൽ സമർപ്പിക്കും. ഇവരെ സ്റ്റാംപ് പതിച്ച് ലേലത്തിനു വയ്ക്കുകയാണ് പിന്നീട് ചെയ്യുക. ലേലത്തിൽ ലഭിക്കുന്ന ലക്ഷങ്ങൾ വായ്പ നൽകിയവർക്ക് ലഭിക്കും. കുഞ്ഞുങ്ങളെ മുംബൈ, ബംഗളൂരു, കൊൽക്കത്ത അടക്കമുള്ള നഗരങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും കടത്തും. ലൈംഗികവൃത്തിക്കായി ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി.

ഇടപെട്ട് മനുഷ്യാവകാശ, വനിതാ കമ്മിഷനുകൾ

ഏതാനും പരാതികൾ ലഭിച്ചതോടെയാണ് സംഭവം അന്വേഷിക്കാൻ എൻ.എച്ച്.ആർ.സി രാജസ്ഥാൻ സർക്കാരിനോട് ഉത്തരവിടുന്നത്. കമ്മിഷനു ലഭിച്ച ഒരു പരാതിയിൽ ഒരു ഗൃഹനാഥൻ അയൽവാസിയിൽനിന്ന് 15 ലക്ഷം രൂപം കടം വാങ്ങിയത്. എന്നാൽ, ഈ തുക തിരിച്ചടക്കാനാകാതിരുന്നതോടെ ഘാപ്പ് കോടതി ഇടപെട്ടു. 12കാരിയായ മകളെ വിൽക്കേണ്ടിവന്നു.

ഭാര്യയുടെ ചികിത്സയ്ക്കായി ആറു ലക്ഷം രൂപ വായ്പയെടുത്തയാളുടേതാണ് മറ്റൊരു പരാതി. തിരിച്ചടവ് മുടങ്ങിയപ്പോൾ പതിവുപോലെ മകളെ വിൽക്കാൻ ഘാപ്പ് കോടതിയുടെ ഉത്തരവ് വന്നു. അങ്ങനെ അവളെ വിൽക്കാൻ നിർബന്ധിതരാകുകയും ചെയ്തു. ഈ കുട്ടിയെ പിന്നീഡ് ആഗ്രയിലെത്തിച്ച് ഒരു മനുഷ്യക്കടത്തു സംഘത്തിനു വിറ്റു. ഇതിനുശേഷം മൂന്നു സംഘങ്ങൾക്കിടയിൽ കൈമാറപ്പെട്ട പെൺകുട്ടി നാലു തവണ ഗർഭിണിയാകുകയും ചെയ്തു!

പരാതികൾ ലഭിച്ചതിനു പിന്നാലെ രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരിക്കുകയാണ്. പരാതികളിൽ കൈക്കൊണ്ട നടപടികളും ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എൻ.എച്ച്.ആർ.സിക്കു പുറമെ ദേശീയ വനിതാ കമ്മിഷനും(എൻ.സി.ഡബ്ല്യു) ഡൽഹി വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വസ്തുതാന്വേഷണത്തിനായി ഒരു സംഘത്തെ ബിൽവാരയിലേക്ക് അയച്ചതായി എൻ.സി.ഡബ്ല്യു ദേശീയ അധ്യക്ഷ രേഖ ശർമ അറിയിച്ചു. രാജസ്ഥാൻ വനിതാ-ശിശുക്ഷേമ കമ്മിഷൻ ബിൽവാര ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും സംഭവത്തിൽ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.

Summary: 'Young girls being sold to repay loans'; NHRC issues notice to Rajasthan state government and caste panchayats after shocking reports

TAGS :

Next Story